കാനം രാജേന്ദ്രൻ

August 19, 2020, 2:30 am

അനിതരസാധാരണനായ രാഷ്ട്രീയ ശില്പി

Janayugom Online

ആധുനിക കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുന്നതിൽ നിസ്തുല പങ്ക് വഹിച്ച സഖാവ് പി കൃഷ്ണപിള്ള ഓർമ്മയായിട്ട് ഇന്ന് 72 വർഷമാകുന്നു. പതിനെട്ട് വർഷത്തെ പൊതുജീവിതത്തിനിടയിൽ ഇത്രയേറെ വിലപ്പെട്ട സംഭാവനകൾ ഭാവിതലമുറയ്ക്ക് പ്രദാനം ചെയ്ത മൺമറഞ്ഞ വ്യക്തികൾ കേരളത്തിൽ ദുർലഭമാണ്. അനിതരസാധാരണനായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു എല്ലാവരും സഖാവ് എന്ന് വിളിച്ചിരുന്ന പി കൃഷ്ണപിള്ള.

അധ്വാനിക്കുന്ന ജനങ്ങൾക്കും അവരുടെ സംഘടനകൾക്കും രാഷ്ട്രീയവും നൂതനവുമായ ഒരു ലക്ഷ്യവും മാർഗവും ആവിഷ്കരിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. കർഷകസംഘം, ട്രേഡ് യൂണിയൻ, യുവജനസംഘം തുടങ്ങിയ സംഘടനകൾ കെട്ടിപ്പടുക്കാനുള്ള താത്വികവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ നർമ്മസംവാദം മുഖേന പ്രവർത്തകരെ ധരിപ്പിക്കാനുള്ള സഖാവിന്റെ ചാതുര്യം ആരും മറക്കില്ല. കൊള്ളാവുന്ന കേഡർമാരെ കണ്ടെത്താനും പറ്റുന്ന ജോലി അവരെ ഏൽപ്പിക്കാനും വർഗസമരത്തിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണ്ടുപിടിച്ച് മുൻകൈ എടുപ്പിക്കാനും സഖാവ് കാണിച്ച നിഷ്കർഷ പ്രശംസനീയമായിരുന്നു. യഥാർത്ഥത്തിൽ ആരെന്തൊക്കെ അവകാശപ്പെട്ടാലും സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രാണൻ പി കൃഷ്ണപിള്ള ആയിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാർട്ടിയാക്കി മാറ്റിയ രാജശില്പിയും അദ്ദേഹം തന്നെ ആയിരുന്നു. കേരളത്തിൽ അവശ സമുദായങ്ങളുടെ അവകാശ സമരത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ആദ്യത്തെ ഊഷ്മള ചലനങ്ങൾ ഉദ്ഘാടനം ചെയ്ത വൈക്കം സത്യഗ്രഹത്തിന് ദൃക്‌സാ­ക്ഷിയായിരുന്നു പി കൃഷ്ണപിള്ള. ഗാന്ധിജി നേരിൽ പങ്കെടുത്ത ഈ സത്യഗ്രഹ സമരം ഇന്ത്യയുടെ മനഃസാക്ഷിയെ നിരവധി നാളുകൾ തുടർച്ചയായി പിടിച്ചു കുലുക്കി.

വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിൽ അവർണർ എന്ന് വിളിക്കപ്പെട്ടിരുന്നവർക്ക് ക്ഷേത്രാധികാരികൾ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ എതിർത്തുകൊണ്ടാണ് സത്യഗ്രഹം ആരംഭിക്കുന്നത്. ദേവസ്വം അധികൃതർ ഈ റോഡുകളിൽ കമ്പിവേലി കെട്ടി. ദിവസവും സത്യഗ്രഹ ജാഥകളും പൊതുയോഗങ്ങളുംകൊണ്ട് വൈക്കം മുഖരിതമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അത്യുന്നത നേതാക്കളിൽ പലരും വൈക്കത്ത് വന്ന് സത്യഗ്രഹം നയിച്ചു. സവർണ നാടുവാഴിത്ത കോമരങ്ങൾ അന്ന് സത്യഗ്രഹികളുടെ നേർക്ക് കിരാതമായ മർദ്ദന മുറകളാണ് അഴിച്ചുവിട്ടത്. സത്യഗ്രഹിയായ ഇളയതിന്റെ കണ്ണിൽ ചുണ്ണാമ്പെഴുതി കണ്ണുപൊട്ടിച്ച കൊടും പൈശാചികത അതിൽ പെടുന്നു. പി കൃഷ്ണപിള്ള കൂട്ടുകാരുമൊന്നിച്ച് സത്യഗ്രഹം കാണാൻ പോവുകയും പൊതുയോഗങ്ങളിലെ പ്രസംഗം കേൾക്കുന്നതും പതിവായിരുന്നു. അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുള്ള വൈക്കം സത്യഗ്രഹ സമരം ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് ജനസമൂഹത്തെ സജ്ജമാക്കാനുള്ള ഗാന്ധിജിയുടെ ബഹുമുഖ സൃഷ്ടി പരിപാടിയുടെ ഒരു ഭാഗം മാത്രമായിരുന്നു എന്ന് അയിത്തവും ജാതി വ്യത്യാസവും അനാചാരങ്ങളും മുടിയാട്ടം തുള്ളുന്ന സ്വന്തം ചുറ്റുപാടുകളുടെ അനുഭവത്തിൽ നിന്നും സമര പ്രചാരണ യോഗങ്ങളിൽ നിന്നും കൃഷ്ണപിള്ള മനസിലാക്കി. ബാല്യകാലത്ത് പഠിച്ചുവച്ച പലതും പിൽക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിന് പി കൃഷ്ണപിള്ളക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. എവിടെ ചെന്നാലും പെട്ടെന്ന് ഒരിടത്ത് പോകണമെന്ന് തോന്നിയാൽ ആദ്യം കണ്ട സൈക്കിളിലാണ് അദ്ദേഹം എത്തിപ്പിടിക്കുക. ഒളിവിൽ പ്രവർത്തിക്കുമ്പോഴും സാധാരണക്കാരന്റെ ഇരുചക്ര വാഹനം അദ്ദേഹത്തിന് അനുഗ്രഹമായി തീർന്ന സന്ദർഭങ്ങൾ പലതുമുണ്ട്. ചെറുപ്പകാലത്തെ ദാരിദ്ര്യവും ക്ലേശങ്ങളും ജീവിതം ഒരു പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തുവാൻ സാധിച്ചതാകട്ടെ, പിൽക്കാല രാഷ്ട്രീയ പ്രവർത്തനത്തിൽ നടപ്പിലും ഉടുപ്പിലും ചിന്തയിലും പ്രവൃത്തിയിലും തികച്ചും സാധാരണക്കാരനായി ജീവിക്കാൻ കൃഷ്ണപിള്ളയെ പ്രാപ്തനാക്കി. അങ്ങനെയാവാൻ സമൂഹത്തിന്റെ ഉന്നത തലത്തിൽനിന്ന് വന്ന സമകാലികരായ മറ്റു പലരും ചെയ്തതുപോലെ കൃത്രിമത്വം അദ്ദേഹത്തിന് കാട്ടേണ്ടി വന്നിട്ടില്ല.

അഖിലേന്ത്യാ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കൂട്ടത്തിൽ ആദ്യമായി കേരളത്തിൽ വരുന്നത് എസ് വി ഘാട്ടെയാണ്- 1937ൽ. കോഴിക്കോട് പട്ടണത്തിന്റെ തൊഴിലാളി പ്രാന്തമായ തിരുവണ്ണൂരിൽവച്ച് അന്ന് അഞ്ചുപേർ അടങ്ങുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപംകൊണ്ടു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രവുമായി നേരിട്ട് ബന്ധം പുലർത്താനും പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും തീരുമാനിക്കുകയും ചെയ്തു. ആ രഹസ്യ ഗ്രൂപ്പിന്റെ നേതാവ് പി കൃഷ്ണപിള്ള ആയിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കകത്ത് ആരംഭിച്ചുകഴിഞ്ഞിരുന്ന ആശയ സംഘട്ടനത്തിൽ മാർക്സിസത്തിൽ വിശ്വസിക്കുന്നവരുടെ മുൻനിരയിൽ തന്നെ പി കൃഷ്ണപിള്ള നിലയുറപ്പിച്ചിരുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയ പാറപ്രം സമ്മേളനം കേരള രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവ് ആയിരുന്നു. കൃഷ്ണപിള്ള പറഞ്ഞു: ”കോൺഗ്രസിന്റെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും നേതൃത്വങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താൻ പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു.

കേരളത്തിലൊരു കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു” കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ലയിച്ചത് കേരള രാഷ്ട്രീയത്തിന്റെ ഊടുംപാവും മാറ്റിമറിച്ച വഴിത്തിരിവാണ്. നിർണായകമായ ഈ പരിവർത്തനത്തിൽ പി കൃഷ്ണപിള്ളയുടെ പങ്ക് സർവ്വശ്ശേഷിയായിരുന്നു. പാർട്ടി രൂപീകരണത്തെക്കുറിച്ച് പി കൃഷ്ണപിള്ള എഴുതിയത് ഇങ്ങനെയാണ്: ”1939‑ൽ യുദ്ധം തുടങ്ങുകയും ബിഎസ്‌പി നേതൃത്വം ഗാന്ധിസത്തിലേക്ക് ലയിക്കുകയും ചെയ്തപ്പോൾ കേരളാ പാർട്ടി കമ്മ്യൂണിസ്റ്റുകാരുടെ ഭാഗം ചേർന്നു. കാരണം അതായിരുന്നു സോഷ്യലിസത്തോടും വിപ്ലവത്തോടുമുള്ള കടമ നിറവേറ്റാൻ പര്യാപ്തമായ ഏകമാർഗം”. നാടിന്റെ വിധികർത്താക്കളായ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കറുത്ത രൂപം, അവരുടെ ദൃഢചിത്തത, കരുണ, സ്നേഹം, സന്തോഷം, അവരുടെ ജന്മശത്രുക്കളോടുള്ള സന്ധിയില്ലാത്ത പോരാട്ടം, പ്രതിസന്ധി ഘട്ടത്തിൽ പ്രായോഗികവും നീക്കുപോക്കില്ലാത്തതും ഫലപ്രദവുമായ തീരുമാനം, അധ്വാനിക്കുന്നവന്റേതായ, അവനു മാത്രം ജന്മസിദ്ധമായ ചിട്ട, ആജ്ഞാശക്തി, ജനങ്ങളെ സ്വന്തമാക്കൽ, അവരുടെ സ്വന്തമാകൽ — ഇതിന്റെയെല്ലാം പ്രതീകമായിരുന്നു പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതമെങ്കിൽ അത് അദ്ദേഹത്തിന് സ്വാഭാവികമായി സിദ്ധിച്ചതാണ്. വേമ്പനാട്ട് കായലിന്റെ കിഴക്കേ കരയിൽ വൈക്കം ക്ഷേത്രത്തിന്റെ വളരെ അകലെയല്ലാതെ സ്ഥിതിചെയ്തിരുന്ന പറൂർ കുടുംബത്തിൽ 1906‑ലാണ് പി കൃഷ്ണപിള്ള ജനിച്ചത്. കൃഷ്ണപിള്ളയുടെ തറവാട് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിലിനു വേണ്ടി വിലയ്ക്ക് വാങ്ങിയ വിവരം സന്തോഷത്തോടെ ഈ അവസരത്തിൽ പങ്കുവയ്ക്കട്ടെ. അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ചരിത്ര സ്മാരകം അധികം വൈകാതെ ഉയർന്നുവരും. വെറും അഞ്ചാം ക്ലാസുവരെ പഠിച്ച് ഒരു ഫാക്ടറി തൊഴിലാളിയായി ജീവിതം ആരംഭിച്ച പി കൃഷ്ണപിള്ള കേരളത്തിലെ ദേശാഭിമാനികളുടേയും തൊഴിലാളി-കർഷകാദി ജനവിഭാഗങ്ങളുടേയും മുഴുവൻ സ്നേഹാദരങ്ങൾ നിർലോഭമായി നേടിയ ഒരു ബഹുജന നേതാവായും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി മെമ്പർ എന്ന നിലയിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലും വിപ്ലവ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതാക്കളിൽ ഒരാളായും ഉയർന്നെങ്കിൽ അത് സ്വാഭാവികം മാത്രം. മാതൃരാജ്യത്തിന്റെ മോചനത്തിനുള്ള മാർഗങ്ങൾ തേടി കോൺഗ്രസിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച് അവസാനം കമ്മ്യൂണിസ്റ്റ് പാർട്ടിയെ കണ്ടെത്തിയ രാഷ്ട്രീയ രംഗത്തെ ഒരു സത്യാന്വേഷിയുടേതാണ് സഖാവിന്റെ ചരിത്രം. നമുക്ക് ആ പാത പിൻതുടരാം.