19 April 2024, Friday

കേരള ചരിത്രം മാറ്റിയെഴുതിയ ‘സഖാവ്’

കാനം രാജേന്ദ്രന്‍
August 19, 2021 4:19 am

ധുനിക കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുന്നതിൽ സഖാവ് പി കൃഷ്ണപിള്ള വഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് 73 വർഷമാകുന്നു. അനിതരസാധാരണമായ ഒരു രാഷ്ട്രീയ ശില്പിയായിരുന്നു അദ്ദേഹം. ‘സഖാവ്’ എന്നാണ് കൃഷ്ണപിള്ളയെ എല്ലാവരും വിളിച്ചിരുന്നത്.
കൊള്ളാവുന്ന കേഡർമാരെ കണ്ടെത്താനും, പറ്റുന്ന ജോലി അവരെ ഏല്പിക്കാനും വർഗസമരത്തിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണ്ടുപിടിച്ച് മുൻകൈ എടുപ്പിക്കാനും സഖാവ് കാണിച്ച നിഷ്കർഷ പ്രശംസനീയമായിരുന്നു. യഥാർത്ഥത്തിൽ ആര് എന്തൊക്കെ അവകാശപ്പെട്ടാലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രാണൻ കൃഷ്ണപിള്ള ആയിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാർട്ടിയാക്കി മാറ്റിയത് അദ്ദേഹം തന്നെയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ രൂപംകൊടുത്ത പിണറായി പാറപ്രം കേരള രാഷ്ട്രീയത്തിലെ നിർണായകമായ വഴിത്തിരിവായിരുന്നു. കൃഷ്ണപിള്ള പറഞ്ഞു: ”കോൺഗ്രസിന്റെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടേയും ധനതത്വങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു; ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു. കേരളത്തിലൊരു കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കുന്നത് ആവശ്യമായി വന്നിരിക്കുന്നു”.

കൃഷ്ണപിള്ള ഇത്രയുംകൂടി പറഞ്ഞു: ”യുദ്ധത്തിന് എതിരാണെന്നു കാണിച്ച് അധികൃതർക്ക് കാർഡ് അയക്കണമെന്ന സമരതന്ത്രമാണ് സോഷ്യലിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഇത് സമരവുമല്ല, തന്ത്രവുമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമേ യുദ്ധത്തെ ഫലപ്രദമായി എതിർക്കാനുള്ള പരിപാടിയുള്ളൂ. നമ്മുടെ ഭാവി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെയാണ്. കൂടുതൽ കഷ്ടതകളും ത്യാഗങ്ങളും സഹിക്കാൻ നാം തയ്യാറാവണം”.
കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തെക്കുറിച്ച് കൃഷ്ണപിള്ള എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്: -”1939‑ൽ യുദ്ധം തുടങ്ങുകയും പിഎസ്‌പി നേതൃത്വം ഗാന്ധിസത്തിലേക്ക് ലയിക്കുകയും ചെയ്തപ്പോൾ, കേരള പാർട്ടി കമ്മ്യൂണിസ്റ്റുകാരുടെ ഭാഗം ചേർന്നു. കാരണം, അതായിരുന്നു സോഷ്യലിസത്തോടും വിപ്ലവത്തോടുമുള്ള കടമ നിറവേറ്റാൻ പര്യാപ്തമായ ഏക മാർഗം”.

താത്വിക കാര്യങ്ങളൊക്കെ ശ്രദ്ധിച്ചത് മറ്റു ചിലർ ആയിരുന്നെന്നും സഖാവ് ശ്രദ്ധിച്ചത് പ്രായോഗിക സംഘടനാ പ്രശ്നങ്ങളാലാണെന്നുമുള്ള ഒരു ധാരണ ബോധപൂർവം പരത്താൻ ചിലർ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രംതന്നെ വളച്ചൊടിക്കാൻ മടിക്കാത്തവർക്ക് എന്താണ് ചെയ്യാൻ വയ്യാത്തത്. കൃഷ്ണപിള്ളയ്ക്ക് മാർക്സിസം-ലെനിനിസം എന്ന ശാസ്ത്രത്തെക്കുറിച്ച് മറ്റാരേക്കാളും അന്ന് അറിവുണ്ടായിരുന്നു. വായിച്ച് പഠിക്കുന്നതിൽ അങ്ങേയറ്റം ശ്രദ്ധയുള്ള ഒരാളായിരുന്നു കൃഷ്ണപിള്ള.
സഖാവിലെ എല്ലാ നല്ല ഗുണങ്ങളുടെയും അടിസ്ഥാനം, രൂഢമൂലമായി നിലകൊണ്ട മൃദുല വികാരങ്ങളായിരുന്നു. സാംസ്കാരികമായി കൈവന്ന ഉയർന്ന മനുഷ്യത്വമായിരുന്നു. സഹപ്രവർത്തകരിൽ ചിലർക്ക് അത് കാണാൻ സാധിച്ചില്ല. വ്യക്തിപരമായ നഷ്ടങ്ങൾ അത് എത്ര വലുതാവട്ടെ ഒരു കമ്മ്യൂണിസ്റ്റുകാരനെ നിരാശയുടെ നീർച്ചുഴിയിൽ ശാശ്വതമായി എടുത്തെറിയാൻ അനുവദിച്ചുകൂട. കൃഷ്ണപിള്ളയാകട്ടെ വെറുമൊരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഏറ്റവും ഉയർന്ന മാതൃക കൂടിയാണ്. വളച്ചുകെട്ടില്ലാത്ത ഭാഷയിൽ സുഗതൻ സാർ കൃഷ്ണപിള്ളയെപ്പറ്റി പറഞ്ഞതും അതുതന്നെ: ”ഒരു പടക്കുതിരയുടെ വേഗതയും ഭടന്റെ ധീരതയും വിപ്ളവകാരിയുടെ അച്ചടക്കവും വർഗക്കൂറും സഖാവിന്റെ കൂടപ്പിറപ്പായിരുന്നു”.

എഴുതി പൂർത്തിയാക്കാതിരുന്ന റിപ്പോർട്ടിന്റെ അടിയിൽ സർപ്പദംശനമേറ്റശേഷം വിറയ്ക്കുന്ന കൈ­കൊണ്ട് കൃഷ്ണപിള്ള എഴുതി: ”സ്വയംവിമർശനമില്ല, വിമർശനമുണ്ട്”. എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചിരിക്കുന്നു. എന്റെ ശരീരമാകെ തളരുകയാണ്. എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം. സഖാക്കളെ മുന്നോട്ട്, ലാൽസലാം”. ഒരു ഗവേഷകന്റെ മനോഭാവത്തോടു കൂടിയാണ് സഖാവ് എല്ലാ കാര്യത്തേയും സമീപിച്ചിരുന്നത്. ആരിൽ നിന്നും എന്തും പഠിക്കുന്നതിനുള്ള സന്നദ്ധത, വിനയം, തന്റെ കഴിവിന്റെ പരിമിതിയെ പറ്റിയുള്ള യാഥാർത്ഥ്യബോധം, സത്യസന്ധത- അതേ, ഒരു നേതാവിന് ആവശ്യമായ ആത്മധൈര്യവും. ഇതായിരുന്നു കൃഷ്ണപിള്ള.
വെറും അഞ്ചാം ക്ലാസുവരെ പഠിച്ച് ഒരു ഫാക്ടറി തൊഴിലാളിയായി ജീവിതം ആരംഭിച്ച കൃഷ്ണപിള്ള കേരളത്തിലെ ദേശാഭിമാനികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും മുഴുവൻ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. അഖിലേന്ത്യാ കോ­ൺഗ്രസ് കമ്മിറ്റി മെമ്പറെന്ന നിലയിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലും പിന്നീട് പ്രവർത്തിച്ചു. വിപ്ലവ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതാക്കളിൽ ഒരാളായി ഉയർന്നു.
മാതൃരാജ്യത്തിന്റെ മോചനത്തിനുള്ള മാർഗങ്ങൾ തേടി കോൺഗ്രസിലും സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച് അവസാനം കമ്മ്യൂണിസ്റ്റ് പാർട്ടിയെ കണ്ടെത്തിയ രാഷ്ട്രീയ രംഗത്തെ ഒരു സത്യാന്വേഷിയുടേതാണ് സഖാവിന്റെ ചരിത്രം. പി കൃഷ്ണപിള്ള എന്തുകൊണ്ടും അതികായനായ ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗബോധവും ധൈര്യവും പാരമ്പര്യവും ഇന്നും നമുക്ക് ആവേശപ്രദമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.