കോംട്രസ്റ്റ്; സമരസമിതിയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ തൊഴിലാളികള്‍ രംഗത്ത്

Web Desk
Posted on October 04, 2019, 10:48 pm

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമരസമിതിയെ തകര്‍ക്കാനുള്ള തൊഴിലാളി വിരുദ്ധഭൂമാഫിയാ കൂട്ടുകെട്ടിനെതിരെ തൊഴിലാളികള്‍ രംഗത്ത്. ഫാക്ടറി ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് സമര സമിതിയെ തകര്‍ക്കാനുള്ള നീക്കങ്ങളുമായി ഭൂമാഫിയയയും അവരുടെ താത്പര്യത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും രംഗത്ത് വന്നത്. ഒരിക്കല്‍ പോലും സമരത്തിന്റെ ഭാഗമാകാതിരുന്ന എസ് ടി യു നേതാവിനെ രംഗത്തിറക്കിയാണ് ഇവര്‍ നീക്കങ്ങള്‍ തുടങ്ങിയത്. യോജിച്ച് പോരാടുന്ന തൊഴിലാളികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള എസ് ടി യു നേതാവ് യു പോക്കറിനെ രംഗത്തിറക്കിയുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഫാക്ടറിയിലെ തൊഴിലാളികളുടെ നിലവിലുള്ള സമര സമിതി പിരിച്ചുവിട്ടുവെന്നും പുതിയ കമ്മിറ്റി രൂപീകരിച്ചുവെന്നുമാണ് ഇവരുടെ അവകാശവാദം.

എസ് ടി യു, സി ഐ ടി യു, ഐ എന്‍ ടി യു സി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചെന്നും സമര സമിതി കണ്‍വീനറും എ ഐ ടി യു സി ജില്ലാ പ്രസിഡന്റുമായ ഇ സി സതീശനെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ വാദത്തിനെതിരെ തൊഴിലാളികള്‍ രംഗത്ത് വന്നിരിക്കുകയാണ്. യോജിച്ച പോരാട്ടത്തെ തകര്‍ക്കാന്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ കൊണ്ട് സാധിക്കില്ലെന്ന് അവര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു. ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാമചന്ദ്രനെ ചെയര്‍മാനായി തെരഞ്ഞെടുത്തുകൊണ്ട് പുതിയ കമ്മിറ്റി രൂപീകരിച്ചെന്നായിരുന്നു എസ് ടി യു നേതാക്കള്‍ ഉള്‍പ്പെടെ അവകാശപ്പെട്ടത്. എന്നാല്‍ താന്‍ പുതിയ കമ്മിറ്റിയുടെ ഭാഗമല്ലെന്നും യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കെ സി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ അവരുടെ നീക്കങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. സമരത്തിന്റെ ഭാഗമായി ഒരിക്കല്‍ പോലും നിലയുറപ്പിച്ചിട്ടില്ലാത്ത എസ് ടി യു, സി ഐ ടി യു നേതാക്കളാണ് സമര സമിതി പിരിച്ചുവിട്ടതെന്ന് അവകാശപ്പെടുന്നതെന്നും അവര്‍ക്കൊപ്പം സ്ഥാപനത്തിലെ തൊഴിലാളികള്‍ ആരുമില്ലെന്നും വര്‍ഷങ്ങളായി കോംട്രസ്റ്റ് തൊഴിലാളി സമരത്തെ മുന്നോട്ട് നയിച്ച എ ഐ ടി യു സി നേതാവ് ഇ സി സതീശന്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് ചെറിയ നഷ്ടപരിഹാരം വാങ്ങിക്കൊടുത്ത് അതിലൂടെ ഫാക്ടറി ഏറ്റെടുക്കല്‍ നടപടി തന്നെ ഇല്ലാതാക്കാനാണ് എസ് ടി യു വിനെ മുന്നില്‍ നിര്‍ത്തി ഭൂമാഫിയ ശ്രമം നടത്തുന്നത്. സി ഐ ടി യു വിന്റെ പിന്തുണയും ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. കോംട്രസ്റ്റിനെ സംരക്ഷിക്കാനായി തുടക്കം മുതല്‍ പോരാട്ടം നടത്തിയത് എ ഐ ടി യു സിയാണ്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനം നാശത്തിലേക്ക് കൂപ്പുകുത്തുകയും ആസ്തികള്‍ വിറ്റുതുലയ്ക്കുകയും ചെയ്തപ്പോഴാണ് കോമണ്‍വെല്‍ത്ത് ഹാന്‍ഡ് ലൂം വര്‍ക്കേഴ്‌സ് യൂണിയന്‍ (എ ഐ ടി യു സി) രൂപീകരിച്ചത്. പിന്നീട് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി അന്നത്തെ തൊഴിലാളി പ്രതിനിധികളായ ഡയറക്ടര്‍ ബോര്‍ഡ് നടത്തിയ നീക്കത്തിനൊടുവില്‍ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഭൂമാഫിയയും മാനേജ്‌മെന്റും തമ്മില്‍ സംയുക്ത സംരംഭത്തിന്റെ മറവില്‍ ഭൂമി കൈമാറുന്നതിനായി രഹസ്യ കരാറുണ്ടാക്കിയിരുന്നു. പൂട്ടിക്കിടന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ട് കോംട്രസ്റ്റ് സംരക്ഷണ സമിതി എന്ന പേരില്‍ എ ഐ ടി യു സി, ഐ എന്‍ ടി യു സി, ബി എം എസ് യൂണിയനുകള്‍ ചേര്‍ന്നുകൊണ്ട് സംയുക്തിവേദി രൂപീകരിക്കുകയായിരുന്നു.

എന്നാല്‍ അടുത്ത കാലത്തായി എസ് ടി യു ‚സി ഐ ടി യു സംഘടനകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് പുതിയ കമ്മിറ്റി രൂപീകരിച്ചെന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ഇ സി സതീശനെ സമര സമിതി കണ്‍വീനറല്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായും ഐ എന്‍ ടി യു സി നേതാവ് കെ സി രാമചന്ദ്രനെ ചെയര്‍മാനായി തെരഞ്ഞെടുത്തെന്നുമായിരുന്നു ഇവര്‍ അവകാശപ്പെട്ടത്. ഭൂമാഫിയയുടെ നീക്കങ്ങള്‍ എ ഐ ടി യു സി യുടെ പോരാട്ടത്തിന്റെ ഭാഗമായി ഫലിക്കാതെ വന്നതോടെയായിരുന്നു എസ് ടി യു നേതാവിനെ രംഗത്തിറക്കിയുള്ള പുതിയ നാടകം ആരംഭിച്ചത്. എ ഐ ടി യു സി നടത്തുന്ന സമരം അനാവശ്യമാണെന്ന വാദമാണ് എസ് ടി യു ഉയര്‍ത്തുന്നത്. കോംട്രസ്റ്റുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ നിന്ന് കോംട്രസ്റ്റിലെ അംഗീകൃത തൊഴിലാളി സംഘടനകളെയും സമരസമിതിയെയും ഒഴിവാക്കിയിരുന്നു. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ബില്ലില്‍ 2018 ല്‍ രാഷ്ട്രപതി ഒപ്പുവെച്ചെങ്കിലും ഏറ്റെടുക്കാനുള്ള നടപടികള്‍ വ്യവസായ വകുപ്പ് ഇതുവരെയും ആരംഭിച്ചിട്ടുമില്ല. തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന ധനസഹായമായ അയ്യായിരം രൂപ നിര്‍ത്തലാക്കാനാണ് വ്യവസായ മന്ത്രി ശ്രമിച്ചത്. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഇത് പുനസ്ഥാപിച്ച് കിട്ടിയത്. ഏറ്റെടുക്കല്‍ നടപടികള്‍ ബോധപൂര്‍വ്വം വൈകിപ്പിച്ച് അതൊന്നും പൂര്‍ത്തീകരണത്തിലെത്തില്ലെന്ന് പ്രചരിപ്പിക്കുകയാണ് ഭൂമാഫിയ. ഇതിന് ഒത്താശ ചെയ്യുന്ന നടപടികളാണ് വ്യവസായ വകുപ്പില്‍ നിന്നും ഉണ്ടാകുന്നത്.

കോംട്രസ്റ്റ് നിയമം നടപ്പാക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി നീതി പാലിക്കണമെന്നും എ ഐ ടി യു സി വ്യക്തമാക്കി. നിയമസഭ ബില്‍ പാസാക്കിയ ദിവസം മുതല്‍ ഫാക്ടറിയില്‍ അവശേഷിക്കുന്ന 105 തൊഴിലാളികള്‍ കെ എസ് ഐ ഡി സി തൊഴിലാളികളായി മാറി. ഇവരുടെ സര്‍വ്വീസ് ആനുകൂല്യങ്ങളും പുനരധിവാസയും കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇതൊന്നും തനിക്ക് ബാധകമല്ലായെന്നും മുന്‍ വ്യവസായ മന്ത്രിമാര്‍ക്കും രാഷ്ട്രപതിക്കു തന്നെയും വലിയ പിഴവ് പറ്റിയെന്നുമാണ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ അഭിപ്രായം. വ്യവസായ വകുപ്പ് മന്ത്രിയുടെ ഈ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത ഒരു ഭരണാധികാരി രാഷ്ട്രപതി അംഗീകാരം നല്‍കിയ ഒരു നിയമം നടപ്പാക്കില്ലായെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍ വ്യക്തമാക്കി. തൊഴിലാളികളുടെ 11 വര്‍ഷത്തെ ത്യാഗപൂര്‍ണ്ണമായ സമരത്തിന്റെ പ്രതിഫലനമാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച കോംട്രസ്റ്റ് നിയമം. തൊഴിലാളി സംഘടന ആര്‍ക്കു മുമ്പിലും മുട്ടുമടക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.