കോംട്രസ്റ്റ് സമരം വിജയിപ്പിച്ച തൊഴിലാളികളെ കാണാന്‍ കാനം എത്തി

Web Desk
Posted on March 12, 2018, 9:33 pm
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോംട്രസ്റ്റ് ഫാക്ടറിയില്‍ എത്തിയപ്പോള്‍

കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ കോംട്രസ്റ്റ് സമരം വിജയത്തിലെത്തിച്ച തൊഴിലാളികളെ നേരില്‍ കാണാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറിയിലെത്തി. പോരാട്ടത്തിന് നേതൃത്വം നല്‍കിയ എഐടിയുസി നേതാവ് ഇ സി സതീശന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കാനത്തെ സ്വീകരിച്ചു.

ശരിയുടെ പക്ഷത്ത് നിന്ന് തൊഴിലാളികള്‍ നടത്തിയ ഉജ്ജ്വല പോരാട്ടത്തിന്‍റെ വിജയമായാണ് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പോരാട്ടത്തിന്‍റെ ഒരു ഘട്ടം മാത്രമെ കഴിഞ്ഞിട്ടുള്ളു. സ്വന്തമാക്കിയ നേട്ടം അട്ടിമറിക്കാന്‍ നിരവധി ശക്തികള്‍ പുറത്ത് തക്കം പാര്‍ത്തിരിപ്പുണ്ട്. പരമാവധി തൊഴിലാളികളെയും പൊതുജനങ്ങളെയും ഒരുമിപ്പിച്ച് ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കുകയും ചരിത്ര സ്മാരകമായി തലയുയര്‍ത്തി നില്‍ക്കും വരെയും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടത്തിലാണെന്ന് പറഞ്ഞ് മാനേജ്‌മെന്റ് കോംട്രസ്റ്റ് ഫാക്ടറി പൂട്ടിയത് 2009 ഫെബ്രുവരി ഒന്നിനാണ്. നൂറ്റി എഴുപത്തഞ്ചിലധികം വര്‍ഷങ്ങളുടെ പഴക്കമുള്ള കോമണ്‍വെല്‍ത്ത് വീവിംഗ് ഫാക്ടറിയുടെ ഭൂമി സ്വന്തമാക്കാനായി ഭൂമാഫിയ വട്ടമിട്ട് പറക്കുകയായിരുന്നു. എന്നാല്‍ സ്ഥാപനത്തെ കാത്തുസൂക്ഷിക്കാനായി ഇ സി സതീശന്‍റെയും എഐടിയുസിയുടെയും നേതൃത്വത്തില്‍ തൊഴിലാളികള്‍ പോരാട്ടം നടത്തി. രാവും പകലും അവര്‍ പന്തല്‍ കെട്ടി സ്ഥാപനത്തെ കാത്തുസൂക്ഷിച്ചു. സിപിഐയും എഐടിയുസിയും തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കി. സ്ഥാപനം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കാനം രാജേന്ദ്രനും എന്നും തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സിപിഐ ജില്ലാ സെക്രട്ടറി ടിവി ബാലനൊപ്പം കാനം രാജേന്ദ്രന്‍ കോംട്രസ്റ്റ് ഫാക്ടറിയിലെത്തിയത്.

സ്വീകരണ ചടങ്ങില്‍ പി ശിവപ്രകാശ് സ്വാഗതം പറഞ്ഞു. സജീവ് പി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, പി വി മാധവന്‍, ഇ സി സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിപിഐ കോംട്രസ്റ്റ് ബ്രാഞ്ച് അംഗങ്ങളുടെയും അനുഭാവികളുടെയും യോഗവും കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.