August 12, 2022 Friday

Related news

August 8, 2022
July 22, 2022
July 11, 2022
July 6, 2022
June 11, 2022
June 10, 2022
May 5, 2022
May 2, 2022
April 29, 2022
April 21, 2022

കോംട്രസ്റ്റ് തൊഴിലാളികളുടെ സത്യഗ്രഹ സമരം നൂറാം ദിവസത്തിലേക്ക്

Janayugom Webdesk
കോഴിക്കോട്
January 28, 2020 9:19 pm

കോമൺവെൽത്ത് ഹാന്റ് ലൂം തൊഴിലാളികൾ സമരസമിതി നേതൃത്വത്തിൽ തിരുവനന്തപുരം കെ എസ് ഐ ഡി സി ഓഫിസിന് മുന്നിൽ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക്. നിയമപ്രകാരം കെഎസ്ഐഡിസിക്കാണ് ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കാനുള്ള ചുമതല. എന്നാൽ നിയമം നടപ്പിലാക്കുന്നതിൽ അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെയാണ് തൊഴിലാളികൾ സമരംഗത്തെത്തിയിട്ടുള്ളത്. രാജ്യത്ത് നടന്ന തൊഴിലാളി സമര ചരിത്രത്തിൽ ത്യാഗത്തിന്റെയും സഹനത്തിന്റേയും അർപ്പണത്തിന്റെയും ഒരു പുതിയ ചരിത്രമാണ് കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി തൊഴിലാളികൾ സൃഷ്ടിച്ചത്. ഇത് സമാനതകളില്ലാത്ത സമരമാണ്. ഫാക്ടറി അടച്ചു പൂട്ടിയതിനെത്തുടർന്ന് നീണ്ട 12 വർഷക്കാലം തുടർച്ചയായി തൊഴിലാളികൾ സമരരംഗത്താണ്.

ഫാക്ടറി അടച്ചുപൂട്ടിയതോടെ കോംട്രസ്റ്റിലെ സ്ത്രീ തൊഴിലാളികളുൾപ്പടെയുള്ളവർ ഒരു ജോലിയുമില്ലാതെ കഷ്ടപ്പെടുകയാണ്. നിലവിലുള്ള എല്ലാ ട്രേഡ് യൂണിയനുകളും യോഗം ചേർന്ന് രൂപീകരിച്ച സംയുക്ത സമരസമിതി സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര പരിപാടികൾ ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് ജില്ലാ കമ്മറ്റി കോംട്രസ്റ്റ് സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ശുപാർശ നൽകി. 2010 ജൂണിൽ അന്നത്തെ വ്യവസായ വകുപ്പു മന്ത്രി എളമരം കരീം സ്ഥാപനം സർക്കാർ ഏറ്റെടുത്തുകൊണ്ടുള്ള ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ ഓർഡിനൻസ് പാസാക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടൽ ഒന്നും ഉണ്ടായില്ല.
ഓർഡിനൻസിനെതിരെ കേന്ദ്ര ആഭ്യന്തര വകുപ്പും തടസ്സവാദങ്ങൾ ഉന്നയിച്ചു. ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് അയച്ചാൽ പരിഹരിക്കാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് കേരള സർക്കാരിനെ അറിയിച്ചു. മാറിവന്ന യു ഡി എഫ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബില്ല് കൊണ്ടുവരാൻ ആത്മാർത്ഥത കാണിച്ചില്ല. തുടർന്ന് സംയുക്ത സമരസമിതി ജനറൽ കൺവീനർ ഇ സി സതീശൻ 2011 ഒക്ടോബർ 25 ന് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സമരം 11 ദിവസം പിന്നിട്ടപ്പോൾ അന്നത്തെ വ്യവസായ വകുപ്പു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സ്ഥാപനം ഏറ്റെടുക്കുമെന്ന് രേഖാമൂലം ഉറപ്പു നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ ഇതിനിടെ ഫാക്ടറിയുടെ ഒരു ഏക്കർ 22 സെന്റ് സ്ഥലം നേരത്തെ ഉണ്ടാക്കിയ രഹസ്യ കരാർ പ്രകാരം മാനേജ്മെന്റ് ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറിക്കഴിഞ്ഞിരുന്നു. പിന്നീട് 40 സെന്റ് സ്ഥലം കൂടി ഈ ഭൂമാഫിയയ്ക്ക് കൈമാറി. 2012 ജൂണിൽ നിയമസഭയിൽ ബിൽ ഐക്യകണ്ഠേന പാസാക്കിയെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരം നേടിയെടുക്കുന്നതിന് സർക്കാർ നടപടികളൊന്നും സ്വീകരിച്ചില്ല.

2017‑ൽ ഭൂമാഫിയ ഇരുട്ടിന്റെ മറവിൽ സ്ഥാപനത്തിന്റെ മതിൽ മൂന്നു തവണ പൊളിച്ചുമാറ്റുകയും സ്ഥാപനം അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെയെല്ലാം തൊഴിലാളികൾ ചെറുത്തു തോല്പിക്കുകയായിരുന്നു. 2017 മാർച്ച് 31 ന് വന്ന ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ വിധിയിൽ ഫാക്ടറി അടച്ചുപൂട്ടിയത് തെറ്റാണെന്നും തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നും ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നും ഉത്തരവിട്ടു. എന്നാൽ ഇതൊന്നും നടപ്പിലാക്കാൻ തയ്യാറാകാതെ മാനേജ്മെന്റ് ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരിക്കുകയാണ്.
2018 ഫെബ്രുവരിയിൽ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ബില്ല് പാസാവുകയും ഗസറ്റിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി വിഷയത്തിൽ ഇടപ്പെട്ടിരുന്നു. എന്നാൽ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഇടപെട്ട് തൊഴിലാളികൾക്ക് ലഭിച്ചുവന്നിരുന്ന അയ്യായിരം രൂപ നിര്‍ത്തിവെപ്പിക്കുയായിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെയാണ് തുക പുനഃസ്ഥാപിച്ചത്. കോംട്രസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരിട്ട് നിവേദനം നൽകിയപ്പോഴും മന്ത്രി നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. പിന്നീട് വന്ന വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീൻ ശക്തമായി ഇടപെടുകയും കെഎസ്ഐഡിസി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ചർച്ച നടത്തുകയും അടിയന്തരമായി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ കോഴിക്കോട് വരികയും തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനും സ്ഥാപനം ലാഭകരമായി നടത്തുന്നതിനുമുതകുന്ന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. എന്നാൽ എ സി മൊയ്തീൻ വ്യവസായ മന്ത്രി സ്ഥാനം മാറിയതോടെ പ്രവർത്തനം വീണ്ടും നിശ്ചലമായി. ഈ സ്ഥാപനം ഏറ്റെടുക്കുന്നതിൽ നിന്നും സർക്കാർ പിൻമാറുമെന്നാണ് ഭൂമാഫിയ പ്രചരിപ്പിക്കുന്നത്. ഇതിനായി ചില ദല്ലാളൻമാരും രംഗത്തിറങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ സംരക്ഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ കെ എസ് ഐ ഡി സി ഓഫീസിനു മുന്നിൽ സമരസമിതി നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തി വരുന്നത്.

Eng­lish sum­ma­ry: Comtrust work­ers’ Satya­gra­ha strike on 100th day

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.