Web Desk

തൊടുപുഴ

June 10, 2020, 9:12 pm

സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 നിയമനം ജില്ലയിൽ വൈകുന്നതിൽ ആശങ്ക

Janayugom Online

ജില്ലയിൽ ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 നിയമനം വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. 2018 ജൂലൈയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ മെയിൻ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി 347 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതുവരെ 51 പേർക്കു മാത്രമാണ് നിയമനം ലഭിച്ചത്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രമാണ് ബാക്കിയുള്ളത്. താൽക്കാലിക നിയമനങ്ങൾ നടത്തുന്നതും അവരെ കരാർ അനുസരിച്ച് പുതുക്കി നിലനിർത്തുന്നതുമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിന് പ്രധാന കാരണമായി റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നത്.

മറ്റു ജില്ലകളെ അപേക്ഷിച്ചു ഏറ്റവും കുറവ് നിയമനങ്ങൾ നടന്നതും ഇടുക്കിയിലാണെന്നു ഉദ്യോഗാർഥികൾ പറയുന്നു. നിലവിൽ പല ആശുപത്രികളിലും പഴയ സ്റ്റാഫ് പാറ്റേൺ ആണ്. ജില്ലയിലെ 4 താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ സ്റ്റാഫ് പാറ്റേണും തൊടുപുഴ, ഇടുക്കി ജില്ലാ ആശുപത്രികളിൽ താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും തന്നെയാണ് പിന്തുടരുന്നത്. ഇതിനാൽ നഴ്സുമാരുടെ കുറവ് മൂലം രോഗികളും ദുരിതത്തിലാണ്. ജില്ലയിലെ 5 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്റ്റാഫ് നഴ്സ് തസ്തികയേ ഇല്ല.ആദിവാസി മേഖലകളിൽ നിന്നുൾപ്പെടെ ഒട്ടേറെ രോഗികളും ഗർഭിണികളും ആശ്രയിക്കുന്ന അടിമാലി താലൂക്ക് ആശുപത്രിയിൽ ഉള്ളതു 12 സ്റ്റാഫ് നഴ്സ് തസ്തികകൾ മാത്രമാണ്.

കൂടുതൽ രോഗികൾ എത്തുന്ന തൊടുപുഴ ജില്ലാ ആശുപത്രി, അടിമാലി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഉൾപ്പെടെ കൂടുതൽ സ്റ്റാഫ് നഴ്സ് തസ്തികകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ സർക്കാരിന്അപേക്ഷ നൽകിയിരുന്നു. പിഎസ്‌സി നൽകുന്ന അതേ ശമ്പളം തന്നെ നൽകി താൽക്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ റാങ്ക് പട്ടികയിൽ ഇടംനേടിയിട്ടും തങ്ങളെ പരിഗണിക്കാത്തതിനാൽ ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.

Eng­lish sum­ma­ry; Con­cern for delay in appoint­ment of Staff Nurse Grade 2 in district

you may also like this video;