ഇന്ത്യയില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളില്‍ ആശങ്ക; യുഎസ്

Web Desk
Posted on October 16, 2017, 10:05 am

 

വാഷിങ്ടണ്‍: ഇന്ത്യയില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പാര്‍ലമെന്റ്. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതോ മറ്റാരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതോ പോലും അക്രമങ്ങള്‍ക്കും പലപ്പോഴും കൊലപാതകങ്ങള്‍ക്കും ഇടയാക്കുന്നതായി യു.എസ് പാര്‍ലമെന്റ് അംഗമായ ഹാരോള്‍ഡ് ട്രെന്റ് ഫ്രാങ്കസ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് സ്വന്തം വീടിന് പുറത്തുവെച്ചാണ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധത നിര്‍ഭയം തുറന്നുകാട്ടിയതിന്റെ പേരിലാണ് അവര്‍ കൊല്ലപ്പെട്ടത്. എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരുമായ ഗോവിന്ദ് പന്‍സാരെയും എം.എം. കല്‍ബുര്‍ഗിയും നരേന്ദ്ര ധാബോല്‍ക്കറും സമാന സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടതും ആശങ്കയുണര്‍ത്തുന്ന സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ഇന്ത്യയിലെ ജാതിസാമൂഹ്യ വ്യവസ്ഥയുടെ വിമര്‍ശകനും യൂണിവേഴ്‌സിറ്റി അധ്യാപകനുമായ കാഞ്ച ഐലയ്യയ്ക്കു നേരെ ആക്രമണവും വധഭീഷണിയുമുണ്ടായത്.

ജീവന് ഭീഷണിയുള്ളതിനാല്‍ ഇപ്പോള്‍ അദ്ദേഹം സ്വയം വീട്ടുതടങ്കലിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാഞ്ച ഐലയ്യക്കും സമാനരായ മറ്റുള്ളവരുടേയും സംരക്ഷണത്തിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും ഫ്രാങ്കസ് പറഞ്ഞു.