August 19, 2022 Friday

അർബൻ ബാങ്കുകൾക്കു കൂച്ചുവിലങ്ങ്: ആശങ്ക ശക്തം

ബേബി ആലുവ
കൊച്ചി
February 8, 2020 10:23 pm

രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ വരുതിയിലാക്കാനുള്ള നീക്കത്തിൽ ആശങ്ക ശക്തമായി. സാധാരണക്കാർക്ക് പൊതുമേഖലാ ബാങ്ക് നടപടികളുടെ നൂലാമാലകളിൽപ്പെടാതെ വായ്പയ്ക്കായി ആശ്രയിക്കാമായിരുന്നത് അർബൻ ബാങ്കുകളെയായിരുന്നു.സംസ്ഥാന സർക്കാരുകൾക്ക് അർബൻ സഹകരണ ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തും വിധം സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അധികാരം പരിമിതപ്പെടുത്തുകയും അംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിയെ നോക്കുകുത്തിയാക്കുകയുമാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യും ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിക്കു മുകളിൽ ബോർഡ് ഓഫ് മാനേജുമെന്റ് എന്നൊരു അധികാര കേന്ദ്രത്തെ അടിച്ചേൽപ്പിക്കുകയാണു ചെയ്യുന്നത്. കഴിഞ്ഞവർഷം തന്നെ ഇങ്ങനെയൊരു മാറ്റം ആർബിഐ നിർദ്ദേശിച്ചിരുന്നെങ്കിലും അടുത്ത ദിവസമാണ് ഉത്തരവിറങ്ങിയത്.
പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ തരപ്പെടുത്താൻ പ്രയാസമനുഭവിക്കുന്ന സാധാരണക്കാരും ചെറു കർഷകരും വിവാഹാവശ്യങ്ങൾക്കും വീട് നിർമ്മാണത്തിനും കാർഷികാവശ്യങ്ങൾക്കും മുഖ്യമായും സമീപിച്ചിരുന്നത് അർബൻ സഹകരണ ബാങ്കുകളെയാണ്. ആർബിഐയുടെ നിയന്ത്രണത്തിലാകുന്നതോടെ, വായ്പകൾക്കും മറ്റുമായി പൊതുമേഖലാ ബാങ്കുകൾ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ അർബൻ ബാങ്കുകളിലും നിലവിൽ വരുകയും സാധാരണക്കാർ ദുരിതത്തിലാവുകയും ചെയ്യും. ഇക്കാരണങ്ങളാൽ, ആർബിഐയുടെ നീക്കത്തെ ബാങ്കിങ് മേഖല സഹർഷം സ്വാഗതം ചെയ്യുകയാണ്.പുതുതായി പ്രതിഷ്ഠിക്കപ്പെടുന്ന ബോർഡ് ഓഫ് മാനേജുമെന്റിലേക്ക്, നിലവിലുള്ള ഭരണസമിതിയുടെ പ്രതിനിധികളെ നിർദ്ദേശിക്കാം എന്നുണ്ടെങ്കിലും അങ്ങനെ നിർദ്ദേശിക്കപ്പെടുന്നവർ, ആർബിഐ നിഷ്കർഷിക്കുന്ന ബാങ്കിങ്ങിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതി അംഗങ്ങളെ മാനേജുമെന്റ് ബോർഡിൽ നിന്ന് എന്നെന്നേക്കുമായി അകറ്റി നിർത്തുന്നതിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ ശാഖകൾ തുറക്കൽ, വ്യക്തിഗത വായ്പയുടെ പരമാവധി തോത് നിശ്ചയിക്കൽ, നിയമനം, ദൈനംദിന പ്രവർത്തനങ്ങൾ, റിക്കവറി നടപടികൾ, ആഭ്യന്തര ഓഡിറ്റിംഗ്, പരിശോധനകൾ, നിക്ഷേപങ്ങളുടെ മാനേജുമെന്റ് ടെക്നോളജി, കസ്റ്റമർ സർവീസ് തുടങ്ങിയ പ്രധാന കാര്യങ്ങളുടെയെല്ലാം ചുമതല മാനേജുമെൻറ് ബോർഡിനായിരിക്കുമെന്നു വ്യക്തമാക്കുമ്പോൾത്തന്നെ, ബാങ്കിന്റെ പരമാധികാരം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയിൽ നിക്ഷിപ്തമായിരിക്കും എന്ന നേരമ്പോക്കും ആർബിഐ ഉത്തരവിൽ ഉള്ളതായാണ് വിവരം.രാജ്യത്ത് 1544 അർബൻ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നതായാണ് കണക്കുകൾ. കേരളത്തിൽ അവയുടെ എണ്ണം 58 ആണ്. 2019 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 8.48 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണ് രാജ്യത്തെ മൊത്തം അർബൻ ബാങ്കുകളിലായുള്ളത്. 2.80 ലക്ഷം കോടിയുടെവായ്പകളും.
രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളുടെ എണ്ണത്തിൽ 14 വർഷത്തിനിടെ വലിയ കുറവാണുണ്ടായിട്ടുള്ളത്. 2004‑ൽ 1926 ബാങ്കുകളുണ്ടായിരുന്നത് 2019ൽ 1544 എണ്ണമായി ചുരുങ്ങി. 382 എണ്ണത്തിന്റെ കുറവ്. റിസർവ് ബാങ്കിന്റെ തീരുമാനപ്രകാരം ചില ചെറിയ അർബൻ ബാങ്കുകൾ പൂട്ടുകയോ കൂടുതൽ മെച്ചപ്പെട്ടവയിൽ ലയിപ്പിക്കുകയോ ചെയ്തതു മൂലമായിരുന്നു ഈ സ്ഥിതിയുണ്ടായത്.1991–2004 കാലത്ത് സ്വതന്ത്ര ലൈസൻസിംഗ് നയത്തിന്റെ പശ്ചാത്തലത്തിലാണ് ഇവയുടെ എണ്ണം ഗണ്യമായി ഉയർന്നത്. ആസ്തിയിലും കാര്യമായ വർദ്ധനയുണ്ടായി. പിന്നീട് പല കാരണങ്ങളാലും തളർന്നു. ഒന്നാം നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നയുടൻ അർബൻ സഹകരണ ബാങ്കുകൾക്കു കുരുക്കിടാൻ ശുപാർശകൾ നിർദ്ദേശിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതിയുടെ ശുപാർശകളാണ് ഇപ്പോൾ നടപ്പാക്കുന്നത്.

Eng­lish Sum­ma­ry: Con­cerns about RBI decid­ed to bring urban co-oper­a­tive banks

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.