8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 5, 2024
December 5, 2024
December 4, 2024
November 25, 2024
November 23, 2024
November 22, 2024
November 21, 2024
November 21, 2024

ചൂരല്‍മല ദുരന്ത ഭൂമിയിൽ ആശങ്കകള്‍ ബാക്കി; വിചാരണ ചെയ്യപ്പെടുന്നത് രാഹുലും മോഡിയും

ജയ്സണ്‍ ജോസഫ്
കല്പറ്റ
November 11, 2024 10:39 pm

വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം 105 നാൾ പിന്നിടുമ്പോൾ, നിരവധി ചോദ്യങ്ങളും ആശങ്കകളും ദുരന്തമേഖലയിൽ ബാക്കിയാണ്. ഇതിനിടയിലാണ് അടിച്ചേല്പിക്കപ്പെട്ട ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്. കേന്ദ്രത്തിന്റെ ക്രൂരമായ നീതിനിഷേധവും രാഹുൽ ഗാന്ധിയുടെ അവഗണനയും തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യപ്പെടുന്നു. ജൂലൈ 30ന് പുലർച്ചെ മുണ്ടക്കൈ പുഞ്ചിരിമട്ടം ഭാഗത്ത് ഉരുൾപൊട്ടി മൂന്ന് ഗ്രാമങ്ങൾ നാമാവശേഷമായി. ദുരന്തത്തില്‍ 400ലേറെ പേർ മരിക്കുകയും 47 പേരെ കാണാതാകുകയും ചെയ്തു. ദുരിതബാധിതരുടെ എണ്ണം 3000ലേറെ. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ 5.72 ദശലക്ഷം ഘന മീറ്റർ അവശിഷ്ടങ്ങൾ, 32 മീറ്റർ വരെ ഉയരത്തിലാണ് ഒഴുകിയെത്തിയത്. 

145 വീടുകൾ പൂർണമായും 170 എണ്ണം ഭാഗികമായും തകർന്നുവെന്നാണ് ഔദ്യോഗിക കണക്ക്. 240 വീടുകൾ വാസയോഗ്യമല്ലാതായി. 183 വീടുകൾ ഒഴുകിപ്പോയി. ആയിരത്തിലേറെ വീടുകൾ തകർന്നു. ചൂരൽമല, മുണ്ടക്കൈ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങൾ നശിച്ചു. മുണ്ടക്കൈ, വെള്ളാർമല സ്കൂളുകൾ ഒലിച്ചുപോയി. ഈ സ്കൂളുകൾ മേപ്പാടിയിൽ താൽക്കാലികമായി പ്രവർത്തനം തുടങ്ങി. കടകൾ, ജീവനോപാധികൾ, വാഹനങ്ങൾ, കൃഷി, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം ചേർന്ന് 1,200 കോടി രൂപയുടെ നഷ്ടം. വയനാട് നേരിടുന്ന ഏറ്റവും ക്രൂരമായ നീതിനിഷേധം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ്. ദുരന്തമുണ്ടായി 11-ാം ദിനം വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പിലുമെത്തി ദുരിതബാധിതരെ കണ്ടു, അവർ ഒറ്റയ്ക്കല്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ എല്ലാ സഹായവും നൽകുമെന്നും കേന്ദ്രം ഒപ്പമുണ്ടെന്നുമൊക്കെ ഉറപ്പുകൾ നൽകി തിരിച്ചുപോയി. എന്നാൽ, സാങ്കേതികത്വങ്ങളിൽ കുരുക്കി കേരളത്തെ വീർപ്പുമുട്ടിക്കുകയാണ്. ധനസഹായത്തെക്കുറിച്ച് തീരുമാനിക്കാനുള്ള യോഗം സെപ്റ്റംബർ 20നായിരുന്നു. തീരുമാനം വരാൻ മൂന്നു മാസമെടുക്കുമെന്നാണ് കേന്ദ്രം അന്ന് പറഞ്ഞത്. 

1200 കോടി രൂപയുടെ നഷ്ടം കണക്കാക്കി കേന്ദ്രസഹായത്തിന് കേരളം നിവേദനം നൽകിയെങ്കിലും സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് (എസ്ഡിആർഎഫ്) ലഭിക്കേണ്ട 291.20 കോടി രൂപ നേരത്തെ കൈമാറുക മാത്രമാണ് ചെയ്തത്. ഈ ഫണ്ട് പ്രത്യേക പാക്കേജിൽ പെടുന്നതല്ല. ഹെെക്കോടിയുടെ ഇടപെടലുണ്ടായിട്ടും ദുരന്തസഹായം നല്‍കാതിരിക്കാന്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയാണ് മോഡി സര്‍ക്കാര്‍.
ദുരന്തമേഖലയിലെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യത്തോടും മുഖംതിരിച്ചുനിൽക്കുകയാണ് കേന്ദ്രം. 12 ബാങ്കുകളിൽ നിന്ന് 35.12 കോടി രൂപയാണ് വായ്പ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ, വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. എന്നാൽ, കടം മുഴുവനായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെട്ടില്ല.
വന്യമായ അവഗണനയാണ് രാഹുൽ ഗാന്ധിയെന്ന മുൻ എംപിയിൽ നിന്നുണ്ടായതും. കേരളത്തിനുവേണ്ടി പറയാനും വയനാടിനുവേണ്ടി വാദിക്കാനും ലോക്‌സഭയിലെ പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധിയും യുഡിഎഫും ചെറുവിരൽ അനക്കിയതുമില്ല. വയനാട്ടില്‍ നിന്ന് വിജയിച്ചു പാേയിട്ടും ദുരന്തമുണ്ടായപ്പോള്‍ ഇടപെടാന്‍ എംപിയുണ്ടായില്ല. രണ്ടാമത് മത്സരിച്ചുജയിച്ച റായ്ബറേലി നിലനിര്‍ത്തി, സഹോദരിയെ വയനാട്ടില്‍ മത്സരിക്കാന്‍ വിട്ട് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.