Web Desk

ന്യൂഡല്‍ഹി

June 07, 2020, 12:53 pm

കേന്ദ്ര സർക്കാർ ഇളവുകൾ പിൻവലിക്കുന്നു,വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ?

Janayugom Online

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകളിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി സൂചന. ഇളവുകളിൽ കൃത്യമായ മാർഗരേഖകൾ വേണമെന്ന് ചില സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഉണ്ടാകൂ. ഇക്കാര്യം സജീവ പരിഗണയിൽ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായത്. ആകെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ സ്പെയിനെയും മറികടന്നു അഞ്ചാം സ്ഥാനത്ത് എത്തി.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 70,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9971 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ റിപോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇന്ത്യയിൽ ഇതുവരെ 2,46,628 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 287 മരണമാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 6929 ആയി ഉയർന്നു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ 3000 ഓളം മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.119293 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.82968 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 2969 പേർ മഹാരാഷ്ട്രയിൽ മാത്രം മരിച്ചു. തമിഴ്നാട്-30152 ഡൽഹി-27654 ഗുജറാത്ത്-19592 എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.ഗുജറാത്ത് ‑1219, ഡൽഹി-761, മധ്യപ്രദേശ് 399 എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം.

Eng­lish summary:concessions in  Lock­down may be  can­celled by cen­tral government.

You may also like this video: