കൺസഷൻ ടിക്കറ്റ് : കെഎസ്ആർടിസിക്ക് 124.26 കോടിയുടെ ബാധ്യത

Web Desk
Posted on November 08, 2019, 9:10 pm

തിരുവനന്തപുരം: 2018 ‑19 വർഷത്തിൽ വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് അനുവദിച്ച വകയിൽ 124.26 കോടി രൂപയുടെ ബാധ്യത ഉണ്ടായതായി മന്ത്രി എകെ ശശീന്ദ്രൻ. ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യയാത്രയും കോളജ് വിദ്യാർഥികൾക്ക് ടിക്കറ്റ് 17.32 ശതമാനവുമാണ് കൺസഷനായി ഈടാക്കുന്നത്. നിലവിലെ കൺസഷൻ വ്യവസ്ഥയിൽ ഒരു മാറ്റവും വരുത്താൻ ആലോചിക്കുന്നില്ല. അത്തരം വാർത്തകൾ തെറ്റാണ്. സർവീസ് ഉള്ള റൂട്ടുകളിലെ കൺസഷൻ അനുവദിക്കാനാവൂ.

നിലവിൽ 40 കിലോമീറ്റർ പരിധിയിൽ വരെയാണ് കൺസഷൻ അനുവദിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ അലോട്ടോടെ 40 കിലോ മീറ്ററിന് പുറത്തുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്ന കാര്യം പരിഗണിക്കും. ഇതോടൊപ്പം ആദിവാസിമേഖലകളിലെ വിദ്യാർഥികൾക്കും ദൂരപരിധിക്കപ്പുറമുള്ള സ്ഥാപനങ്ങളിലേക്കുള്ള യാത്രക്ക് കൺസഷൻ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ സ്ഥാപനങ്ങളിൽ വാർഷിക അഫിലിയേഷൻ സർട്ടിഫിക്കറ്റ് സമയബന്ധിതമായി സമർപ്പിക്കാത്തത് മൂലമാണ് ഇവിടങ്ങളിലെ വിദ്യാർഥികൾക്ക് കൺസഷന് കാലതാമസമുണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ വിദ്യാർഥികൾക്ക് കൺസഷനുള്ള ഏക മാനദനണ്ഡം അഫിലിയേഷൻ സർട്ടിഫിക്കറ്റാണ്. ഡിപ്പോകളിലല്ല, ചീഫ് ഓഫീസാണ് ഈ അപേക്ഷകൾ പരിഗണിക്കുന്നത്.

ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സുകളിലാണ് കൺസഷൻ അനുവദിക്കുന്നത്. ഈ ശ്രേണി പരിഷ്കരിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. ഏതെങ്കിലും ഒരു ജനറം ബസ്സുകളിലോ ഫാസ്റ്റിലോ മാത്രമായി കൺസഷൻ അനുവദിക്കാനുമാകില്ല. കൺസഷന്റെ കാര്യത്തിൽ രണ്ട് തരം സമീപനവുമില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ ഓരോ വർഷവും നഷ്ടക്കണക്ക് കൂടി വരുന്നതല്ലാതെ കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക ശേഷി മെച്ചപ്പെട്ടാൽ മാത്രമേ ഡിപ്പോകളുടെ നവീകരണം സാധ്യമാവുകയുള്ളൂ. ഇതിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. അഭിമാനിക്കാൻ കഴിയുന്ന രീതിയിലല്ല കെഎസ്ആർടിസിയുടെ ശുചിമുറികളെന്നും മന്ത്രി പറഞ്ഞു.