മെയ് മൂന്നിനു ശേഷമുള്ള ഇളവുകള്‍; മന്ത്രി സഭാ തീരുമാനങ്ങൾ ഇങ്ങനെ

Web Desk

തിരുവനന്തപുരം

Posted on May 01, 2020, 10:19 am

ഗ്രീന്‍ സോണുകളില്‍ പൊതുഗതാഗതം ഉള്‍പ്പെടെ പരമാവധി ഇളവുകള്‍ ഈ മാസം 4 മുതല്‍ പ്രാബല്യത്തിലാക്കിയേക്കും. വിമാനം, ട്രെയിന്‍ യാത്രാ സര്‍വീസുകള്‍ പുനരാംരംഭിക്കുന്നതു വൈകും. ഹോട്‌സ്‌പോട്ട് അല്ലാത്ത മേഖലകളിലും പൂര്‍ണ ഇളവിന് ഈ മാസം മൂന്നാം വാരം വരെയെങ്കിലും കാത്തിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപക ലോക്ഡൗണ്‍ ഈ മാസം 3ന് അവസാനിപ്പിക്കുക, തുടര്‍ന്ന് ഓരോ പ്രദേശത്തിനും ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നാണു കേന്ദ്രം ആലോചിക്കുന്നത്. പരമാവധി അനുവദിക്കാവുന്ന ഇളവുകളായിരിക്കും കേന്ദ്രം നിര്‍ദേശിക്കുക.
മെയ് മൂന്നിനു ശേഷം സംസ്ഥാനത്തു കര്‍ശന നിയന്ത്രണം തുടരും. പൊതുഗതാഗത വിലക്ക് പിന്‍വലിക്കില്ല. ഇതുസംബന്ധിച്ച് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വന്ന ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കാമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച് ആശങ്ക തുടരുന്നതിനാലും പ്രവചിക്കാനാകാത്ത സാഹചര്യങ്ങളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതുമായ സാഹചര്യം കണക്കിലെടുത്ത് വിട്ടു വീഴ്ച വേണ്ടെന്ന നിലപാടാണ് നിലവില്‍ ഉള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു രോഗബാധയുള്ളവര്‍ വരുന്നത് വലിയ വെല്ലുവിളിയാണ്. ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളിലും കൂടുതല്‍ പരിശോധന നടത്തും. ആരും ഒളിച്ചു കടക്കുന്നില്ലെന്ന് ഉറപ്പാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വനപാതകള്‍ എല്ലാം അടക്കും. സ്ഥിതി നിയന്ത്രണാധീതമായില്ലെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ടിവരും. ഒരു ഘട്ടം കഴിയുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം കാര്യമായി വര്‍ധിക്കുമെന്നും അതിനു ശേഷമേ കുറയുകയുള്ളൂവെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാതെ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടുണ്ട്. ഈ സ്ഥിതി നിലനിര്‍ത്താനാണ് തീരുമാനം.

you may also like this video