Web Desk

തിരുവനന്തപുരം:

November 18, 2020, 10:00 pm

നിയമസഭാ എത്തിക്സ് കമ്മിറ്റി യോഗം ചേർന്നു

Janayugom Online

വിവിധ വിഷയങ്ങളില്‍ നിയമസഭയ്ക്ക് ലഭിച്ച അവകാശ ലംഘനനോട്ടീസിൽ എത്തിക്സ് കമ്മിറ്റി യോഗം ചേർന്നു. വടക്കാഞ്ചേരി ലൈഫ് പദ്ധതി പരാതിയുടെ മറവിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്കെതിരെയുള്ള അവകാശ ലംഘന നോട്ടീസിലെ മറുപടി സംബന്ധിച്ച് അടുത്ത യോഗത്തിലാകും തീരുമാനം ഉണ്ടാവുക. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ആവശ്യപ്പെട്ടതിനു പിന്നിൽ, പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകൾ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും ജയിംസ് മാത്യു എംഎൽഎ നിയമസഭ സ്പീക്കർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് വിഷയത്തിൽ എൻഫോഴ്സ്മെന്റിനോട് വിശദീകരണം തേടാൻ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്. സംസ്ഥാനത്ത് ഭൂമിയുള്ളതും ഇല്ലാത്തതുമായ ഭവനരഹിതർക്ക് ഭവനം ഉറപ്പാക്കുന്നതാണ് ലൈഫ് മിഷൻ പദ്ധതി.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയ്ക്കെതിരെ ഉയർന്ന പരാതിയുടെ മറവിൽ, അക്കാര്യം പരിശോധിക്കുന്നതിനു പകരം സംസ്ഥാനത്തൊട്ടാകെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്ന രീതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടർ ഇടപെടൽ നടത്തിയത്. നിയമസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നൽകിയ ഉറപ്പ് സമയബന്ധിതമായി ഭവനപദ്ധതികൾ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറുമെന്നാണ്. എന്നാൽ ഇത് പോലും പാലിക്കാൻ അനുവദിക്കാത്ത തരത്തിലാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ. ഇത്തരത്തിൽ മുന്നോട്ടുപോവുന്നത് ശരിയല്ലെന്നും അത് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിൽ വീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാൽ ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും ജെയിംസ് മാത്യു സ്പീക്കർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ENGLISH SUMMARY: CONDUCTED LEGISLATIVE ETHICS COMMITTEE

YOU MAY ALSO LIKE THIS VIDEO