സ്വകാര്യബസിൽ നിന്ന് വിദ്യാർഥിനിയെ കണ്ടക്ടർ തള്ളിയിട്ടു; ഇടുപ്പെല്ലിന് പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

Web Desk
Posted on November 19, 2019, 10:50 am

കൊച്ചി: സ്വകാര്യബസിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട പ്ലസ് ടു വിദ്യാർഥിനി ഇടുപ്പെല്ലിന് ക്ഷതമേറ്റ് ആശുപത്രിയിൽ. പ്ലസ്ടു വിദ്യാർഥിനി ഫാത്തിമ ഫർഹാനയ്ക്കാണ് പരിക്കേറ്റത്. ജഡ്ജിമുക്ക് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ ശ്രമിക്കവെയാണ് ഇതേ ബസിലെ കണ്ടക്ടർ തളളിയിട്ടത്. പെൺകുട്ടിയുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും നൽകിയ പരാതിയിൽ തൃക്കാക്കര പോലിസ് ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. സ്വകാര്യബസുകൾ ഈ സ്റ്റോപ്പിൽ നിന്ന് വിദ്യാർഥികളെ കയറ്റാതെ പോകുന്നത് പതിവാണെന്നും സംഭവത്തെക്കുറിച്ച് കലക്ടർക്കും പരാതി നൽകിയെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വിദ്യാർഥിനികൾ ജഡ്ജിമുക്ക് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറാൻ ശ്രമിക്കുമ്ബോൾ കണ്ടക്ടർ പെൺകുട്ടികളെ തള്ളിപ്പുറത്തിടുകയായിരുന്നു.

ഫാത്തിമ റോഡിൽ വീണു കിടക്കുമ്ബോൾ ബസ് ഓടിച്ച് പോകുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞിട്ടു. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലാക്കി. ഇടുപ്പെല്ലിന് ക്ഷതമേറ്റതിനെ തുടർന്ന് പെൺകുട്ടിക്ക് ഡോക്ടർമാർ ഒരുമാസത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. സ്വകാര്യബസുകൾ മാത്രം സർവ്വീസ് നടത്തുന്ന റൂട്ടിൽ ഈ സ്റ്റോപ്പിൽ നിന്ന് വിദ്യാർഥികളെ കയറ്റാതെ പോകുന്നത് പതിവാണത്രെ. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന കാർഡിനൽ സ്കൂൾ വിട്ടാൽ സ്റ്റോപ്പിൽ വലിയ തിരക്കാണ്. ഹൈസ്കൂൾ ക്ലാസുകൾ വിടുന്ന സമയത്ത് സ്റ്റോപ്പിൽ പോലിസിന്റെ സേവനം ലഭിക്കുന്നതിനാൽ ആ സമയത്ത് ബസുകളിൽ വിദ്യാർഥികളെ കയറ്റാറുണ്ട്. എന്നാൽ ഹയർസെക്കണ്ടറി ക്ലാസുകൾ കഴിയുന്ന സമയത്ത് പോലിസ് സ്ഥലത്തുണ്ടാകാറില്ല. അതൂകൊണ്ടുതന്നെ ബസുകൾ പലതും നിറുത്താതെ പൊകുകയോ മറ്റു യാത്രക്കാരെ മാത്രം കയറ്റി വിട്ടുപോകുകയോ ആണ് പതിവ്. കഴിഞ്ഞ വർഷവും ഒരു വിദ്യാർഥിയെ സ്വകാര്യബസിൽ നിന്ന് ജീവനക്കാർ തള്ളിയിട്ടിരുന്നു.