19 April 2024, Friday

Related news

April 19, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024

മാർഗരേഖ: കോൺഗ്രസിൽ വീണ്ടും കലഹം

ബേബി ആലുവ
കൊച്ചി
September 10, 2021 8:54 pm

കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ മാർഗ്ഗരേഖാ പ്രഖ്യാപനം കേരളത്തിലെ കോൺഗ്രസിൽ മറ്റൊരു കലഹത്തിനു വഴി തുറന്നു. ഡിസിസി പുനസംഘടനയോടെ അരങ്ങ് തകർത്ത കലാപം കെട്ടടങ്ങിയെന്ന തോന്നലുണ്ടാക്കിയ സാഹചര്യത്തിൽ ഏകപക്ഷീയമായി സുധാകരൻ നടത്തിയ പ്രഖ്യാപനത്തിനെതിരെ മുതിർന്ന നേതാക്കൾക്കിടയിൽത്തന്നെ അമർഷവും പ്രതിഷേധവും പുകയുകയാണ്.

മാർഗ്ഗരേഖയെക്കുറിച്ച് യാതൊരു വിധ കൂടിയാലോചനയും തീരുമാനവും കെപിസിസി നിർവാഹക സമിതിയിലോ രാഷ്ട്രീയ കാര്യ സമിതിയിലോ നടന്നിട്ടില്ല. ഈ സമിതികളെ നോക്കുകുത്തികളാക്കി തീർത്തും ഏകപക്ഷീയമായ പ്രഖ്യാപനത്തിലൂടെ, കെപിസിസി അദ്ധ്യക്ഷൻ തന്നെ അച്ചടക്ക ലംഘനം നടത്തിയിരിക്കുകയാണെന്ന് ഒരു കെപിസിസി നിർവാഹക സമിതിയംഗം പ്രതികരിച്ചു. ഉത്തരവാദപ്പെട്ട സമിതികൾ കൂടിയിട്ടില്ലെന്നു മാത്രമല്ല, മുതിർന്ന നേതാക്കളുമായി ആലോചനപോലും നടത്തിയിട്ടില്ല. ഡിസിസി പുനഃസംഘടനനയുമായി ബന്ധപ്പെട്ട് പരസ്യകലാപം നടത്തിയ ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മേൽ രണ്ടാം വിജയം നേടിയിരിക്കുന്നുവെന്ന ധാർഷ്ട്യമാണ് സുധാകരന്റെ പ്രഖ്യാപനത്തിൽ നിറയുന്നതെന്ന വികാരം ഗ്രൂപ്പ് വ്യത്യാസമില്ലാതെ അണികളിലും പടരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പ് കൂട്ടായ്മകളിൽ വിഷയം നന്നായി ആളിപ്പിടിക്കുന്നുണ്ട്. സംഘടനയിൽ ഒരു കലഹമൊതുങ്ങി കനലുകൾ ഏതാണ്ട് കെട്ടടങ്ങിയെന്ന പ്രതീതി ജനിപ്പിച്ചിരിക്കെ സുധാകരൻ നടത്തിയ പ്രഖ്യാപനം ഗ്രൂപ്പ് നേതാക്കളെയും വല്ലാതെ ശുണ്ഠി പിടിപ്പിച്ചിട്ടുണ്ട്.


ഇതും കൂടി വായിക്കുക ; കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ വിട്ടുവീഴചക്കില്ല; ചെന്നിത്തലക്കും, ഉമ്മന്‍ചാണ്ടിക്കുമെതിരെ പരാതി


എന്നാൽ ‘പുത്തനച്ചി പുരപ്പുറം തൂക്കുന്ന’ പോലെ സംഭവത്തെ ഫലിതമായി കാണുന്ന നേതാക്കളുമുണ്ട്.
ഗ്രൂപ്പ് യോഗങ്ങൾ കൂടിയാൽ നടപടി ഉറപ്പ്, പാർട്ടി വേദികളിൽ ആൾക്കൂട്ടം വിലക്കും, നേതാക്കൾ സ്വയം പ്രതിഷ്ഠിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചാൽ നടപടി തുടങ്ങിയ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസം കെ സുധാകരൻ നടത്തിയത്. ഇന്ദിരാഗാന്ധിയുടെ ഉരുക്ക് നേതൃത്യം കോൺഗ്രസിനെ അടക്കി ഭരിച്ചിരുന്ന കാലത്തുപോലും കേരളത്തിൽ ആന്റണി-കരുണാകരൻ ഗ്രൂപ്പുകൾ തെരുവുയുദ്ധമടക്കം കൊണ്ടാടുകയായിരുന്നു എന്ന കാര്യം നേതാക്കളിൽ പലരും ഓർക്കുന്നു. മേലിൽ ഗ്രൂപ്പ് അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു നടത്തിയ പ്രഖ്യാപനങ്ങൾ കേരളത്തിലെ നേതാക്കൾ പുച്ഛിച്ചു തള്ളിയ ചരിത്രവുമുണ്ട്. കോൺഗ്രസിൽ എല്ലാക്കാലത്തും ഗ്രൂപ്പുകളുണ്ടായിരുന്നെന്നും ഗ്രൂപ്പുകളാണ് കോൺഗ്രസിന്റെ ശക്തിയെന്ന് എ കെ ആന്റണി അടക്കമുള്ള നേതാക്കൾ അവകാശപ്പെട്ടിരുന്നതും ഓർമ്മയിലുണ്ട്. ഗ്രൂപ്പോ നേതാക്കളുടെ കാരുണ്യമോ ഇല്ലെങ്കിൽ വേണ്ടത്ര പരിഗണന ലഭിക്കില്ല എന്നതും വാസ്തവം.


ഇതും കൂടി വായിക്കുക ;കെപിസിസി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ചെന്നിത്തല; അനുനയിപ്പിക്കാൻ വി ഡി സതീശൻ


ഒരാൾക്ക് ഒരു പദവി എന്ന പഴകിയ പ്രഖ്യാപനത്തിന്റെ ആവർത്തനവും കെപിസിസി പ്രസിഡണ്ടിന്റെ പ്രഖ്യാപനത്തെ നേരമ്പോക്കായി കാണുകയാണ് അണികൾ. നിലവിൽ കെപിസിസി — യുടെ ഉന്നത പദവികളിലിരിക്കുന്ന കെ സുധാകരനടക്കമുള്ളവരെല്ലാം പാർലമെന്റ് — നിയമസഭാ അംഗങ്ങളായിട്ടുള്ളവരും ഇരട്ടപ്പദവി വഹിക്കുന്നവരുമല്ലേ എന്നാണ് ചോദ്യം.

Eng­lish sum­ma­ry; Con­flict again in Congress

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.