കെ രംഗനാഥ്

തിരുവനന്തപുരം

January 16, 2021, 10:19 pm

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെച്ചൊല്ലി കൂട്ടയടി

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തി നില്ക്കേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പദവിയെച്ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൂട്ടപ്പൊരിച്ചില്‍. ചാണ്ടിയെ യുഡിഎഫ് അധ്യക്ഷനാക്കി തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഹെെക്കമാന്‍ഡ് കരുനീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് പാര്‍ട്ടിയിലെ ജന്മസിദ്ധമായ പടലപിണക്കങ്ങള്‍ കനക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പും മുസ്‌ലിം ലീഗും കെ മുരളീധരന്‍, സുധാകരപക്ഷങ്ങളും ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് അധ്യക്ഷനാക്കാനുള്ള നീക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നതിനിടെ തന്റെ അധ്യക്ഷപദവി വിട്ടുകൊടുക്കാന്‍ പ്രതിപക്ഷനേതാവും ഐ ഗ്രൂപ്പിന്റെ സുപ്രീം കമാന്‍ഡറുമായ രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധ്യക്ഷപദവി വച്ചുനീട്ടിയിട്ടും അത് നിഷ്കരുണം നിരസിച്ച ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ ആ സ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള രാഷ്ട്രീയകാലാവസ്ഥയൊന്നും കോണ്‍ഗ്രസില്‍ ഇല്ലെന്നാണ് രമേശ് ക്യാമ്പ് കട്ടായമായി പറയുന്നത്.
ഇതിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനത്യാഗം ചെയ്ത് വടകരയിലോ കൊയിലാണ്ടിയിലൊ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും സംഗതികള്‍ വഷളാക്കി. 

ഉമ്മന്‍ചാണ്ടിയും രമേശും മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ചു കസേരകളി നടത്തുന്നതിനിടെ ‘അരമുഖ്യമന്ത്രി’ സ്ഥാനത്തേയ്ക്കു താനുമുണ്ടെന്ന മട്ടില്‍ മുല്ലപ്പള്ളി നിയമസഭാ പ്രവേശനത്തിനിറങ്ങിയത് മുതലാക്കാനാണ് രമേശ് ഗ്രൂപ്പിന്റെ ഗെയിംപ്ലാന്‍. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഭാഗമായി ഡിസിസികള്‍ പിരിച്ചുവിട്ട് പുനഃസംഘടിപ്പിച്ച ശേഷം ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് രമേശിന്റെയും കൂട്ടരുടേയും അഭിപ്രായമെന്നറിയുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉമ്മന്‍ചാണ്ടിയേയും രമേശിനെയും മുല്ലപ്പള്ളിയേയും ഇന്നു ഡല്‍ഹിയിലെത്താന്‍ ഹെെക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ഡല്‍ഹി ചര്‍ച്ചകളില്‍ യുഡിഎഫ് അധ്യക്ഷ സ്ഥാനമൊഴികെ ഒരു പദവിയും തനിക്ക് സ്വീകാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടി ഹെെക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

കെപിസിസി പ്രസിഡന്റാക്കി തന്നെ ഒതുക്കി മുഖ്യമന്ത്രിയാകാനുള്ള അവകാശവാദത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള കളിയാണ് രമേശ് കളിക്കുന്നതെന്ന് എ ഗ്രൂപ്പ് സംശയിക്കുന്നു. മുല്ലപ്പള്ളി പ്രസിഡന്റ് പദമൊഴിയുന്നതോടെ ഉരുത്തിരിയുന്ന പ്രതിസന്ധിക്കു പരിഹാരമായി കെ സുധാകരനേയോ, കെ മുരളീധരനെയോ കെപിസിസി പ്രസിഡന്റാക്കണമെന്ന നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി ഹെെക്കമാന്‍ഡിനു മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. കേരളത്തിലെ കോണ്‍ഗ്രസ് നിരീക്ഷകനായ താരിഖ് അന്‍വറിനും ഈ അഭിപ്രായമാണുള്ളതെന്ന് അറിയുന്നു. ഹെെക്കമാന്‍ഡിന്റെ ശുപാര്‍ശയോടെ യുഡിഎഫ് അധ്യക്ഷനായി ഉമ്മന്‍ചാണ്ടി മടങ്ങിവന്നാല്‍ താഴ്ത്തിക്കെട്ടിയവനായി അണികള്‍ തന്നെ കരുതുമെന്നാണ് രമേശിന്റെ അവസാന തൊടുന്യായം. ഇത്തരമൊരു ദുരവസ്ഥയുണ്ടായാല്‍ അത് താന്‍ ആരംഭിക്കാനിരിക്കുന്ന കേരളയാത്രയുടെ ശോഭ കെടുത്തുമെന്നും അദ്ദേഹം കരുതുന്നു. 

എന്നാല്‍ കെപിസിസി പ്രസിഡന്റായി ഉമ്മന്‍ചാണ്ടിയെ അവരോധിച്ചാല്‍ യുഡിഎഫില്‍ത്തന്നെ അഴിച്ചുപണി വേണ്ടിവരുമെന്നാണ് എ ഗ്രൂപ്പിന്റെ പക്ഷം. എംഎം ഹസനും ഉമ്മന്‍ചാണ്ടിയും ഒരേ ഗ്രൂപ്പുകാരായതിനാല്‍ ഹസനെ സ്ഥാനഭ്രഷ്ഠനാക്കേണ്ടിവരും. ഉമ്മന്‍ചാണ്ടി ഇത് ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ഹസന്‍ തുടരട്ടെ എന്നു പറഞ്ഞാവും ഉമ്മന്‍ചാണ്ടിയുടെ കെപിസിസി പ്രസിഡന്റു പദ നിരാസം. ഉമ്മന്‍ചാണ്ടി പ്രസിഡന്റാകട്ടെ സുധാകരനെയോ മുരളീധരനെയോ യുഡിഎഫ് കണ്‍വീനറാക്കി ആ പ്രശ്നം പരിഹരിക്കാമെന്ന് രമേശ് പക്ഷം വെെഭവത്തോടെ തിരിച്ചടിക്കുന്നു. എന്നാല്‍ ഹസനെ കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതില്‍ മുസ്‌ലിം ലീഗ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിന്റെ മുസ്‌ലിം വിരുദ്ധതയായി അതു വ്യാഖ്യാനിക്കപ്പെടുമെന്നാണ് ലീഗിന്റെ നിലപാട്. അത്യന്തം സങ്കീര്‍ണമായ ഈ സംഭവശ്രേണികള്‍‌ക്കിടയില്‍ ഹെെക്കമാന്‍ഡ് കെെക്കൊള്ളുന്ന ഏതു തീരുമാനവും കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയൊരു പൊട്ടിത്തെറിക്കാവും വഴിമരുന്നിടുക എന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. 

ENGLISH SUMMARY:conflict in con­gress in the name of oom­men chandy
You may also like this video