കോണ്‍ഗ്രസിലെ തമ്മിലടി തീരുന്നില്ല

Web Desk
Posted on April 14, 2019, 8:52 am

സുരേന്ദ്രന്‍ കുത്തനൂര്‍

തൃശൂര്‍: ഗ്രൂപ്പ് പോര് അവസാനിപ്പിക്കാനെന്ന പേരില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരിട്ടെത്തിയിട്ടും കേരളത്തിലെ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ലും വിഴുപ്പലക്കലും തീരുന്നില്ല. തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം അവശേഷിക്കെ വിഴുപ്പലക്കല്‍ തെരുവിലായി.
പരാതികള്‍ കൂമ്പാരമായതോടെ ഹൈക്കമാന്‍ഡ് ഇടപെട്ട് ഇന്ന് കെപിസിസി ആസ്ഥാനത്ത് പ്രത്യേക യോഗം ചേരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമില്ലെന്നാണ് ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും പരാതിപ്പെടുന്നത്.

കെപിസിസി നേതൃത്വത്തോടും ഹൈക്കമാന്‍ഡിനോടും ശശി തരൂരാണ് ആദ്യം വിഷയം ഉന്നയിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ശശി തരൂരിന്റെ പ്രചാരണരംഗത്തുനിന്ന് പിന്‍വലിഞ്ഞതായി ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശിന്റെ പരാതിയുമുണ്ട്. വി എസ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിക്ക് വോട്ടുമറിക്കാന്‍ ശ്രമിക്കുകയാണെന്ന സൂചനയാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.

എ കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിക്കിടയില്ലാത്തവിധം പ്രചാരണം സജീവമാക്കണമെന്ന് തിരുവനന്തപുരം ജില്ലയിലെ നേതാക്കളോട് നിര്‍ദേശിച്ചു. എന്നാല്‍ അങ്ങനെയാരു പരാതി ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ആവര്‍ത്തിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ പ്രതേ്യക നിരീക്ഷകനായി മഹാരാഷ്ട്ര യില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളയെ എഐസിസി നിയോഗിച്ചിരിക്കുകയാണിപ്പോള്‍.

കോഴിക്കോട് സ്ഥാനാര്‍ഥി എം കെ രാഘവനും പ്രചാരണത്തിന് നേതാക്കള്‍ ഒപ്പമില്ലെന്ന പരാതിക്കാരനാണ്. നേതാക്കളെല്ലാം വയനാട്ടിലേക്ക് വണ്ടി കയറിയെന്നും തന്നോടൊപ്പം ആളില്ലെന്നുമാണ് രാഘവന്റെ പരാതി. വടകരയില്‍ മത്സരിക്കുന്ന കെ മുരളീധരനും ഇതേ പരാതി ഉന്നയിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ഡിസിസി പ്രസിഡന്റുമാര്‍ കൂടിയായ സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് പരാതി.
എറണാകുളം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരായ ലൈംഗിക പീഡന പരാതിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ചത് കെ വി തോമസ് അനുകൂലികള്‍ ആയുധമാക്കുന്നതായാണ് ആക്ഷേപം. കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പരാതികള്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ സഹകരിക്കുന്നില്ലെന്ന ആക്ഷേപം രാജ്‌മോഹന്‍ ഉണ്ണിത്താനുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹക്കീം കുന്നിലില്‍ നിന്ന് അഡ്വ.കെ ഗോവിന്ദന്‍ നായര്‍ക്ക് നല്‍കിയതും പുതിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രാദേശിക നേതാക്കള്‍ കാലുവാരുന്നെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും പരാതിയുണ്ട്.
ഇന്നത്തെ കെപിസിസി അവലോകന യോഗത്തില്‍ 20 മണ്ഡലങ്ങളിലെയും പരാതികള്‍ ചര്‍ച്ചയ്‌ക്കെടുക്കും. പരാതിപ്രളയത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് സമയം കിട്ടിയേക്കില്ലെന്നതാണ് നേതൃത്വത്തെ വലയ്ക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് യോഗത്തില്‍ പങ്കെടുക്കും.