
ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷങ്ങളെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ട ഒഡീഷയിലെ കട്ടക്കിൽ 13 പൊലീസ് സ്റ്റേഷൻ പരിധികളിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷത്തിൽ 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 8 പൊലീസുകാരും ഉൾപ്പെടുന്നു. പൊലീസ് കമ്മീഷണർ എസ് ദേവ് ദത്ത സിംഗ് അറിയിച്ചത് പ്രകാരം ഞായറാഴ്ച രാത്രി 10 മണി മുതൽ 36 മണിക്കൂർ നേരത്തേക്കാണ് നിരോധനാജ്ഞ നിലവിൽ വന്നത്. ദർഗ്ഗ ബസാർ, മംഗളാബാഗ്, കാന്റൺമെന്റ്, പുരിഘട്ട്, ലാൽബാഗ്, ബിദനസി, മർക്കറ്റ് നഗർ, സി ഡി എ ഫേസ്-2, മാൽഗോദം, ബദംപാടി, ജഗത്പൂർ, ബയാലിസ് മൗസ, സദർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ഇന്ന് (ഒക്ടോബർ 6) കട്ടക്ക് നഗരത്തിൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. നിയമസമാധാനനില കണക്കിലെടുത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനായി കട്ടക്ക് മുനിസിപ്പൽ കോർപ്പറേഷൻ, കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റി, സമീപത്തെ 42 മൗസ പ്രദേശം എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനം ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ തിങ്കളാഴ്ച വൈകുന്നേരം 7 മണി വരെ നിർത്തിവെച്ചതായി സർക്കാർ അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, ബി ജെ ഡി മേധാവി നവീൻ പട്‌നായിക് എന്നിവർ പൗരന്മാരോട് സാമുദായിക സൗഹൃദം നിലനിർത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും വിഗ്രഹ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കാരണം കട്ടക്കിൽ ഞായറാഴ്ചയും സ്ഥിതിഗതികൾ സംഘർഷഭരിതമായിരുന്നു. ഞായറാഴ്ച ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വി എച്ച് പി പ്രവർത്തകർ നടത്തിയ മോട്ടോർ സൈക്കിൾ റാലി സംഘർഷമേഖലയിൽ പൊലീസ് തടഞ്ഞത് പുതിയ അക്രമങ്ങൾക്ക് വഴിവെച്ചു. 8 പോലീസുകാർ ഉൾപ്പെടെ 25 പേർക്കാണ് ഇവിടെ പരിക്കേറ്റത്. ഗൗരിശങ്കർ പാർക്ക് പരിസരത്തെ നിരവധി കടകൾക്ക് തീയിട്ടതായും ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.