August 8, 2022 Monday

ഏറ്റുമുട്ടല്‍ കൊലകള്‍ നീതിനിര്‍വഹണത്തിന്റെ മാര്‍ഗമല്ല

Janayugom Webdesk
December 7, 2019 9:55 pm

ഇന്ത്യയില്‍ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ ഭീതിജനകമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്. ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരെ ഹൃദയഭേദകമായ അതിക്രമങ്ങളാണ് നടക്കുന്നത്. ഒന്നാം ഉന്നാവോ കേസില്‍ മാസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതി ചോദിച്ച രണ്ടു ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ‘ഇതെന്ത് രാജ്യമാണ്? ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? — ഇന്ത്യയിലെ സ്ത്രീസമൂഹം വര്‍ഷങ്ങളായി ഉയര്‍ത്തുന്ന ഉത്തരംകിട്ടാത്ത ചോദ്യം ഇതുതന്നെയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ സ്ത്രീകള്‍ ഇത്രമാത്രം അതിക്രമങ്ങള്‍ക്ക് വിധേയമായിട്ടുള്ള കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ലോകത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അപകടകരമായ രാജ്യങ്ങളില്‍ ഒന്നാമത്തേത് ഇന്ത്യയാണെന്ന ആഗോള വാര്‍ത്താ ഏജന്‍സിയായ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ അപമാനകരമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും അതിന് പരിഹാരം കാണാന്‍ ഒരു നടപടിയും സ്വീകരിക്കാത്തതിന്റെ പ്രത്യാഘാതങ്ങളാണ് ഇത്തരത്തിലുള്ള ക്രിമിനല്‍ കുറ്റങ്ങളുടെ വര്‍ധനവിന്‍ ആക്കംകൂട്ടുന്നത്.

വീടിനകത്തുവച്ചും പുറത്തുവച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നത് ക്രൈം റിക്കാര്‍ഡ് ബ്യൂറോയും സമ്മതിക്കുന്നു. 2016ലെ ഔദ്യോഗിക കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ എണ്ണം 3.39 ലക്ഷമായിരുന്നു. 2015 നേക്കാള്‍ 30,000 കേസുകള്‍ കൂടുതലാണുള്ളത്. 38,947 ബലാല്‍സംഗ കേസുകള്‍. അതായത് ഓരോ മണിക്കൂറിലും നാലു ബലാല്‍സംഗങ്ങള്‍. അതേ വര്‍ഷത്തെ ശിക്ഷാനിരക്കാകട്ടെ വെറും 18.9 ശതമാനമാണ്. ദളിതര്‍ക്കും ആദിവാസി സ്ത്രീകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളുടെ കണക്കുനോക്കിയാല്‍ ശിക്ഷാനിരക്ക് ഇതിലും താഴെയാണ്. ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്തു ചുട്ടുകൊന്ന സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് റാഞ്ചിയിലെ നിയമവിദ്യാര്‍ഥിനിയെ പന്ത്രണ്ടുപേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തത്. ഇപ്പോഴിതാ വീണ്ടും ഉന്നാവോയിലെ ബിജെപി എംഎല്‍എ ഉള്‍പ്പെടെ ബലാല്‍സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ വാഹനമിടിച്ചു കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഉന്നാവോ ജില്ലയില്‍ തന്നെയാണ് പീഡന വാര്‍ത്തകള്‍ പുറത്തുന്നിരിക്കുന്നത്.

ബലാല്‍സംഗത്തിനിരയായ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ദേഹത്ത് ആളിപ്പടരുന്ന തീയുമായി അലറിക്കരഞ്ഞ് യുവതി ഓടിയത് ഒരു കിലോമീറ്റര്‍ — മരണമൊഴികൊടുത്ത് അവളും വിടവാങ്ങി. മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാലു വയസുകാരി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ദിവസം വാളയാറിലെ രണ്ടു പെണ്‍കുട്ടികളുടെ മരണവും നമ്മള്‍ ചര്‍ച്ചചെയ്തു. ഹൈദരാബാദ് സംഭവം പാര്‍ലമെന്റിനകത്ത് ചര്‍ച്ചചെയ്യപ്പെട്ടപ്പോള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നല്‍കിയ മറുപടി നിയമങ്ങള്‍ കര്‍ക്കശമാക്കാമെന്നായിരുന്നു. 2013 ല്‍ നിര്‍ഭയ സംഭവത്തിനുശേഷമാണ് ബലാല്‍സംഗം ചെയ്തു കൊല നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിയമം വന്നിട്ടുള്ളത്. പന്ത്രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കും വധശിക്ഷ ലഭിക്കും. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ലഭിക്കുന്ന കുറ‍ഞ്ഞ ശിക്ഷ പത്തു വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കിയിട്ടുണ്ട്. നിയമം കര്‍ക്കശമാക്കുമ്പോഴും ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിയമം കര്‍ശനമാക്കുമ്പോഴും തെളിവിന്റെ അഭാവത്തിലും അന്വേഷണത്തില്‍ നേരിടുന്ന കാലതാമസം മൂലവും പലവിധ സമ്മര്‍ദ്ദങ്ങള്‍ മൂലവും പ്രതികള്‍ രക്ഷപ്പെടുന്നു എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. പ്രതികള്‍ സാമ്പത്തികമായും രാഷ്ട്രീയമായും സ്വാധീനമുള്ളവരാകുമ്പോള്‍ അവരെ രക്ഷിക്കാനുള്ള തിടുക്കവും ചില അന്വേഷണ ഉദ്യോഗസ്ഥന്മാരില്‍ നിന്ന് ഉണ്ടാവുന്നു. ആദ്യം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത് പൊലീസിന്റെ അന്വേഷണം സത്യസന്ധമാവാനുള്ള നടപടികളാണ്. പൊലീസില്‍ നിന്നാണ് തുടക്കം കുറിക്കേണ്ടത്. ഏത് കുറ്റകൃത്യം നടത്തിയാലും ശിക്ഷിക്കപ്പെടില്ല എന്ന പൊതുബോധം ഇവിടെ വളര്‍ന്നുവരുന്നു. കോടതി നടപടിയുടെ ഭാഗമായി ഉണ്ടാകുന്ന കാലതാമസം പലപ്പോഴും പ്രതികള്‍ക്ക് ഗുണകരമായി മാറുന്നു. ‘ജസ്റ്റിസ് ഡിലെയ്ഡ് ഈസ് ജസ്റ്റിസ് ഡിനെയ്ഡ്’ എന്ന അഭിപ്രായവും വ്യാപകമായി ഉയര്‍ന്നുവരുന്നു. നീതിനിഷേധിക്കുന്നതിന് തുല്യമാണ് നീതി വൈകിക്കുന്നത്. കോടതികളില്‍ ആയിരക്കണക്കിന് സ്ത്രീപീഡന കേസുകള്‍ തന്നെ തീര്‍പ്പാക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കോടതികളിലുള്ള വിശ്വാസവും നഷ്ടപ്പെടുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണാധികാരികളാണ്. ഭരണത്തിന്റെ പരാജയമാണ് സ്ത്രീകള്‍ക്ക് അരക്ഷിതത്വം വര്‍ധിക്കാനുള്ള കാരണം. രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ ഏഴു വര്‍ഷമായിട്ടും ശിക്ഷ നടപ്പാക്കിയില്ല എന്നത് നമ്മുടെ സംവിധാനങ്ങളിലെ പോരായ്മ വെളിപ്പെടുത്തുന്നു. ഹൈദരാബാദിലെ യുവ വെറ്ററിനറിഡോക്ടറെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ പൊലീസ് വെടിവച്ച് കൊന്ന നടപടിക്ക് ജനകീയ പിന്തുണ കിട്ടിയെങ്കില്‍ അതിനുത്തരവാദികള്‍ രാജ്യത്തെ ഭരണാധികാരികളും ന്യായാധിപന്മാരുമാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കര്‍ശന ശിക്ഷ നിലവിലുള്ള നിയമസംവിധാനമനുസരിച്ച് കോടതികള്‍ നല്‍കണം. പൊലീസിന്റെ മിടുക്ക് കാണിക്കേണ്ടത് കേസന്വേഷണം സത്യസന്ധമായി നടത്തി, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ടാണ്. അല്ലാതെ ഇല്ലാത്ത അധികാരം ഉപയോഗപ്പെടുത്തി വ്യാജ ഏറ്റുമുട്ടലുകളിലൂടെ പ്രതികളെ കൊലപ്പെടുത്തിക്കൊണ്ടല്ല. സ്ത്രീകള്‍ക്ക് ഇന്നാവശ്യം സുരക്ഷയാണ്. 2018 ല്‍ രൂപംകൊടുത്ത നിര്‍ഭയാ പദ്ധതി സ്ത്രീ സുരക്ഷയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

സ്ത്രീ സുരക്ഷയ്ക്കുവേണ്ടി 30 ശതമാനം മാത്രമാണ് ഫണ്ട് ഉപയോഗപ്പെടുത്തിയത് എന്നതില്‍ നിന്ന് കേന്ദ്ര ഭരണാധികാരികളുടെ സ്ത്രീവിരുദ്ധ നിലപാട് വ്യക്തമാവും. സ്ത്രീ-പുരുഷ സമത്വം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ഇന്നും പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ് ഇന്ത്യ ഭരിക്കുന്നത്. ഭരണാധികാരികള്‍ക്ക് സ്ത്രീകള്‍ക്ക് നീതി നല്‍കണമെന്ന ഇച്ഛാശക്തികൂടി ഉണ്ടെങ്കില്‍ മാത്രമേ ഈ അരക്ഷിതാവസ്ഥയില്‍ നിന്ന് മോചനമുള്ളു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളും ലൈംഗികാതിക്രമങ്ങളും നമ്മുടെ സമൂഹത്തെ പിറകോട്ടുവലിക്കുന്നു. സുരക്ഷിതത്വത്തിനും അഭിമാനത്തിനും തുല്യ അവകാശങ്ങള്‍ക്കുമായുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള മനോഭാവം ഓരോ വ്യക്തിയിലും ഉണ്ടാക്കിയെടുക്കണം. സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് പൊതുസമൂഹം സജ്ജരാവണം. സ്ത്രീസുരക്ഷ ഒരു സാമൂഹ്യപ്രശ്നവും രാഷ്ട്രീയ പ്രശ്നവുമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.