Web Desk

December 01, 2020, 3:00 am

പരസ്പരവിരുദ്ധ പ്രസ്താവനകള്‍ പ്രശ്നപരിഹാരം അനിശ്ചിതത്വത്തിലാക്കുന്നു

Janayugom Online

രാഷ്ട്രതലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ വലയം ചെയ്തിരിക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ സംബന്ധിച്ച് കേന്ദ്ര ഭരണകൂടത്തിന്റെ ഉന്നതതലങ്ങളില്‍ നിന്നും ഉയരുന്ന പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ പ്രശ്നപരിഹാരത്തെ സംബന്ധിച്ച പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലാക്കുന്നു. കര്‍ഷകര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് പ്രക്ഷോഭത്തെ ദുര്‍ബലമാക്കാമെന്ന കണക്കുകൂട്ടല്‍ പ്രക്ഷോഭകരുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ പരാജയപ്പെട്ടുവെന്ന് വേണം കരുതാന്‍. പ്രക്ഷോഭത്തില്‍ ലക്ഷങ്ങളെ അണിനിരത്തിയ പഞ്ചാബിലെ കര്‍ഷകര്‍ക്കു പിന്നില്‍ ഖലിസ്ഥാന്‍ ഭീകരവാദ പ്രസ്ഥാനമാണെന്നു വരുത്തിതീര്‍ക്കാന്‍ കേന്ദ്ര ഭരണകൂടത്തില്‍ നിന്നും ബിജെപി-സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ടായി. പഞ്ചാബില്‍ നിന്നു കര്‍ഷകരെ നയിക്കുന്ന ഭൂരിപക്ഷം സംഘടനകളും ഖലിസ്ഥാന്‍ വിരുദ്ധപോരാട്ടത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നവരും ദേശാഭിമാനപ്രേരിതവും മതനിരപേക്ഷ പശ്ചാത്തലവുമുള്ളവയുമാണെന്ന് വ്യക്തമാക്കപ്പെട്ടതോടെ വ്യാജപ്രചാരണ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്ന് അംഗീകരിക്കേണ്ടി വന്നു.

രണ്ട് മാസത്തോളം പഞ്ചാബില്‍ അങ്ങോളമിങ്ങോളം നടന്ന പ്രക്ഷോഭങ്ങള്‍ തീര്‍ത്തും അക്രമരഹിതമായിരുന്നു എന്നതും, ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ട കര്‍ഷകര്‍ പ്രകോപനങ്ങള്‍ക്കു മുമ്പില്‍ ആത്മസംയമനത്തോടെ സഹനത്തിന്റെയും സാഹോദര്യത്തിന്റെയും മാര്‍ഗമാണ് അവലംബിക്കുന്നതെന്നതും ഭരണകൂടത്തിന്റെ കുടിലതന്ത്രങ്ങളെ നിര്‍വീര്യമാക്കി. ഭാരതപൗരന്മാര്‍ എന്ന നിലയില്‍ രാഷ്ട്രതലസ്ഥാനത്ത് പ്രവേശിക്കുന്നതും പ്രതിഷേധിക്കുന്നതും തടയാനാവില്ലെന്നു വന്നതോടെയാണ് ഉപാധിരഹിത ചര്‍ച്ചകള്‍ നിഷേധിക്കാനാവാത്ത സ്ഥിതി സംജാതമായത്. അത്തരം സൂചനകള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ നല്‍കിയതായാണ് ഇതെഴുതുമ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.‍ എന്നാല്‍ അതിനു വിപരീതമായി തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ കര്‍ഷകര്‍ക്ക് എത്രത്തോളം പ്രയോജനകരമാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് പ്രധാനമന്ത്രി.

കര്‍ഷകര്‍‌ക്ക് പ്രയോജനകരമായ നിയമങ്ങള്‍ അങ്ങനെയല്ലെന്ന് പ്രതിപക്ഷം നുണപ്രചരണത്തിലൂടെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മോഡി വാരണാസിയില്‍ ആരോപിച്ചു. കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയപ്രേരിതമല്ലെന്ന് ഹെെദരാബാദില്‍ മാധ്യമങ്ങളോട് പറഞ്ഞ അമിത്ഷായുടെ നിലപാടിന് വിരുദ്ധമാണത്. മാത്രമല്ല ഡല്‍ഹി നഗരത്തെ വളഞ്ഞിരിക്കുന്ന കര്‍ഷകര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തങ്ങളുടെ വേദി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. മോഡി സര്‍ക്കാര്‍ പാസാക്കിയ കരിനിയമങ്ങളെപ്പറ്റി മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കാനും പവര്‍പോയിന്റ് അവതരണം കേള്‍ക്കാനുമല്ല തങ്ങള്‍ വന്നിരിക്കുന്നതെന്ന് കര്‍ഷകര്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. നിയമംവഴി ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മേന്മകളെക്കുറിച്ച് കേള്‍ക്കാനല്ല മറിച്ച് കരിനിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കണമെന്ന കര്‍ശന നിലപാടാണ് കര്‍ഷകരുടേത്. ഖലിസ്ഥാന്‍ ഭീകരവാദപ്രേരണയെന്ന ആരോപണം വിലപ്പോകില്ലെന്നു കണ്ടപ്പോള്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ പാര്‍ട്ടികളുടെമേല്‍ കെട്ടിയേല്പിക്കാനാണ് ശ്രമം. താന്‍ നേതൃത്വം നല്കുന്ന മുന്നണിയിലെ ഘടകകക്ഷികളുടെ എതിര്‍പ്പും ശിരോമണി അകാലിദള്‍ കരിനിയമങ്ങളുടെ പേരില്‍ മുന്നണി വിട്ടതിനെപ്പറ്റിയും മോഡിക്ക് യാതൊന്നും പറയാനില്ല. കര്‍ഷക നിയമത്തിനു പിന്നിലെ ഉദ്ദേശശുദ്ധിയെ അദ്ദേഹം ഗംഗാജലത്തിന്റെ പരിശുദ്ധിയോട് ഉപമിച്ചതും അര്‍ത്ഥഗര്‍ഭമാണ്.

ഗംഗാജലത്തിന്റെ പരിശുദ്ധി ഇന്ന് കേവലം ഐതിഹ്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ഒരുപക്ഷെ അത് ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട നദികളില്‍ ഒന്നാണ്. മോഡി ഭരണകൂടത്തിന്റെ കര്‍ഷകനിയമത്തിന്റെ ഉദ്ദേശശുദ്ധി കേവലം സങ്കല്പമാണെന്നും അത് ഇന്ത്യന്‍ കര്‍ഷകനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിനാശകരമാണെന്നും മറ്റാരെക്കാളും കര്‍ഷകര്‍ വ്യക്തമായി തിരിച്ചറിയുന്നു.
കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ യാഥാര്‍ത്ഥ്യബോധത്തോടെ അവരെ കേള്‍ക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുംവിധം നിയമഭേദഗതിക്കു സര്‍ക്കാര്‍ തയ്യാറാവണം. കക്ഷിരാഷ്ട്രീയത്തിനും ആശയവെെജാത്യങ്ങള്‍ക്കും മത‑ജാതി-ഭേദചിന്തകള്‍ക്കും അതീതമായ ബഹുജന ഐക്യമാണ് കര്‍ഷകപ്രക്ഷോഭം കാഴ്ചവയ്ക്കുന്നത്. പതിവ് കുതന്ത്രങ്ങള്‍കൊണ്ടും വാചകകസര്‍ത്തുകൊണ്ടും കര്‍ഷകരെ കബളിപ്പിക്കാനാവും എന്ന വ്യാമോഹം മോഡിപ്രഭൃതികള്‍ ഉപേക്ഷിക്കണം. മഹാമാരിയുടെയും സാമ്പത്തിക തകര്‍ച്ചയുടെയും ഈ ഘട്ടത്തില്‍ രാഷ്ട്രീയകുതന്ത്രങ്ങള്‍ പ്രയോഗിച്ച് പ്രക്ഷോഭത്തെ തകര്‍ക്കാനും സമരം അനന്തമായി നീട്ടിക്കൊണ്ടുപോകാനുമാണ് ശ്രമിക്കുന്നതെങ്കില്‍ അതിന് രാജ്യം വലിയ വില നല്കേണ്ടിവരും.