20 April 2024, Saturday

പിലിക്കോട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; കെപിസിസി നിര്‍വ്വാഹ സമിതി അംഗത്തെ ക്രൂരമായി മര്‍ദ്ദിച്ചു

KASARAGOD BUREAU
തൃക്കരിപ്പൂര്‍
October 7, 2021 6:50 pm

മാധ്യമ പ്രവര്‍ത്തകന്റെ ക്യാമറ നശിപ്പിക്കാന്‍ ശ്രമിച്ചു. കെപിസിസി നിര്‍വ്വാഹ സമിതി അംഗത്തെ നിലത്തിട്ട് ചവിട്ടി ക്രൂരമായി മര്‍ദ്ദിച്ചു. പ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് ചെന്നിത്തലയുടെ വാഹനം നിര്‍ത്താതെ പോയി. സംസ്‌കര ജില്ലാ കമ്മിറ്റി കാലിക്കടവില്‍ സംലടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ചേരിതിരഞ്ഞ് അടിയില്‍ കലാശ്ശിച്ചത്. മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി നിര്‍വ്വാഹ സമിതിയംഗവുമായ കെ പി കുഞ്ഞിക്കണ്ണനെയാണ് പിലിക്കോട് മണ്ഡലം പ്രസിഡന്റ് നവീന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംസ്‌കാരയുടെ മറവില്‍ ഗ്രൂപ്പ് യോഗമാണ് വിളിച്ചതെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് ഹാളിനോട് ചേര്‍ന്നുള്ള ദേശീയ പാതയിലാണ് മണിക്കൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ചത്. നവീന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഗാന്ധിയുടെ ചിത്രങ്ങളും തോരണങ്ങളും പരസ്യമായി നശിപ്പിച്ചത് എതിര്‍ത്തപ്പോഴാണ് കുഞ്ഞികണ്ണന് മര്‍ദ്ദനമേറ്റത്. മകനോടപ്പമാണ് കുഞ്ഞിക്കണ്ണന്‍ പരിപാടിക്കെത്തിയത്. മകന്റെ മുന്നില്‍ വെച്ചായിരുന്നു മുതിര്‍ന്ന അംഗത്തെ ഇവര്‍ കയ്യേറ്റം ചെയ്തത്. മണിക്കൂറോളം മതില്‍ കെട്ടിനകത്ത് നേതാക്കളെ പൂട്ടിയിട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസെത്തിയാണ് നേതാക്കളെ ഗേറ്റിന് പുറത്തിറക്കിയത്. വാഹനം തകര്‍ക്കാനുള്ള ശ്രമം പൊലീസ് ലാത്തി ചാര്‍ജ് ചെയ്ത് നീക്കി. പരിപാടിയുടെ ഉദ്ഘാടകനായ രമേശ് ചെന്നിത്തല സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് വാഹനം നിര്‍ത്താതെ പോയി. 

ജില്ലാ അതിര്‍ത്തിയില്‍ നിന്നും നാലോളം പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് കാഞ്ഞങ്ങാടേക്ക് തിരിച്ചത്. ചെന്നിത്തലയുടെ വാഹനവും തടയാനുള്ള ശ്രമവും പൊലീസ് ഇടപ്പെട്ട് നീക്കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയറിയാതെ നടത്തുന്ന പരിപാടിയില്‍ ചെന്നിത്തലയെ കാല് കുത്താന്‍ അനുവദിക്കില്ലന്ന് നവീന്‍ ബാബു കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു.

തൃക്കരിപ്പൂര്‍ പ്രസ്‌ഫോറം പ്രതിഷേധിച്ചു
മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി ചിത്രീകരിക്കാന്‍ പോയ ചാനല്‍ റിപ്പോര്‍ട്ടര്‍ എ ജി ഷാക്കിറിനെ ഒരു വിഭാഗം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ തൃക്കരിപ്പൂര്‍ പ്രസ്‌ഫോറം പ്രതിഷേധിച്ചു. പ്രസിഡന്റ് എ മുകുന്ദന്‍ അധ്യക്ഷനായി. വി ടി ഷാഹുല്‍ ഹമീദ്, ടി വി ചന്ദ്രദാസ്, ഇ രാഘവന്‍, കെ വി സുധാകരന്‍, എം പി ബിജീഷ്, പി മഷൂദ്, ഉദിനൂര്‍ സുകുമാരന്‍, രജീഷ് കുളങ്ങര, ടി എം സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. പി പ്രസാദ് സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.