Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കോട്ടയം:

February 06, 2021, 7:38 pm

വോട്ട് തട്ടാന്‍ ശബരിമലയുമായി വീണ്ടും കോൺഗ്രസ്

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് ശേഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വർഗ്ഗീയ കാർഡിറക്കി കളിക്കാൻ കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അത്രകണ്ട് ഏൽക്കാതിരുന്ന ശബരിമല വിഷയം തന്നെ നിയമസഭ തെരഞ്ഞെടുപ്പിലും പൊടിതട്ടിയെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി പുതിയ നിയമ നിർമ്മാണം നടത്തി പ്രശ്നത്തിനു പരിഹാരം കാണുമെന്നാണ് കോൺഗ്രസിന്റെ പുതിയ അവകാശവാദം. അധികാരത്തിലെത്തിയാൽ യുഡിഎഫ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു എന്ന് പറയപ്പെടുന്ന കരടിന്റെ കോപ്പിയുമായാണ് തിരുവഞ്ചൂർ ഇന്ന് കോട്ടയം പ്രസ്‌ക്ലബ്ബിൽ എത്തിയത്. പുതിയ നിയമ നിർമ്മാണമല്ലാതെ കോടതി വിധിയെ മറികടക്കാനാകില്ലെന്നാണ് തിരുവഞ്ചൂരിന്റെ വാദം. ശബരിമലയിൽ ഊന്നി പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് യുഡിഎഫ് തീരുമാനമെന്നു സൂചിപ്പിക്കുന്നതാണ് പുതിയ നീക്കം.
അധികാരത്തിലെത്തിയാൽ യുഡിഎഫ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് പുറത്തുവിടാൻ മന്ത്രി എ കെ ബാലൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയമത്തിന്റെ കരട് പുറത്തുവിട്ടത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫലിയാണ് കരട് തയ്യാറാക്കിയത്. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയാണെന്നാണ് കരടിൽ പറയുന്നത്. ആചാരം ലംഘിച്ചാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പറയുന്ന കരടിൽ തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പിലാക്കുമെന്നും പറയുന്നു.

എന്നാൽ ശബരിമല വിഷയത്തിൽ ബിജെപിയെ പോലും കടത്തിവെട്ടിയുള്ള കോൺഗ്രസിന്റെ നീക്കം തെരഞ്ഞെടുപ്പിൽ വർഗ്ഗീയത ഉയർത്തിവിടുക എന്നത് തന്നെയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല എന്ന വർഗ്ഗീയ കാർഡിറക്കിയ ബിജെപി അമ്പേ പരാജയപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെയും ക്ഷേമ പ്രവർത്തനങ്ങളെയും പ്രതിരോധിക്കാൻ മറുവഴി കാണാതെ തെരഞ്ഞെടുപ്പിൽ വർഗ്ഗീയത ഉയർത്തുക തന്നെയാവും കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പുതിയ നീക്കം വ്യക്തമാക്കുന്നു.

ENGLISH SUMMARY: Con­gress again with Sabari­mala for votes

YOU MAY ALSO LIKE THIS VIDEO