പി പി അനിൽകുമാർ

കോഴിക്കോട്

February 23, 2020, 10:08 pm

മുല്ലപ്പള്ളിക്കെതിരെ എ, ഐ ഗ്രൂപ്പുകളുടെ ഐക്യം; കോൺഗ്രസിൽ പടയൊരുക്കം

Janayugom Online

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോൺഗ്രസ്സിൽ എ, ഐ ഗ്രൂപ്പുകളുടെ ഐക്യം. മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷ പദവിയിൽ തികഞ്ഞ പരാജയമാണെന്ന് ഇരുഗ്രൂപ്പുകളുടേയും നേതാക്കൾ ഇക്കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയിൽ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ഇരു ഗ്രൂപ്പുകളും നിലപാട് കടുപ്പിച്ചത്. കെപിസിസി അധ്യക്ഷനെതിരെയുള്ള വിമർശനങ്ങൾ അദ്ദേഹം ഉൾക്കൊള്ളണമെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ മുരളീധരൻ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ചേർന്ന് യോജിച്ച പ്രക്ഷോഭം എന്ന നിർദ്ദേശത്തെ മുല്ലപ്പള്ളി എതിർത്തതിലൂടെ ഈ പ്രശ്നത്തിൽ പാർട്ടിയുടെ ഉദ്ദേശശുദ്ധിപോലും ചോദ്യം ചെയ്യപ്പെട്ടതായി വി ഡി സതീശൻ വ്യക്തമാക്കി.

ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ മുല്ലപ്പള്ളിക്ക് ഉയർന്നു പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു. പൗരത്വ ഭേദഗതി പ്രശ്നത്തിൽ വിവാദം ഉണ്ടാക്കുവാനാണ് മുല്ലപ്പള്ളി ശ്രമിച്ചതെന്നും ആവശ്യമായ കൂടിയാലോചനകളൊന്നുമില്ലാതെയുള്ള നിലപാട് പാർട്ടിക്ക് വലിയ കോട്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്ന കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയപ്പെട്ടെന്നായിരുന്നു കെ മുരളീധരന്റെ വിമർശനം. ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്നതിലൂടെ പാർട്ടിയുടെ യശസ്സ് ഇല്ലാതാക്കുകയാണ് അധ്യക്ഷൻ ചെയ്യുന്നതെന്നും മുരളീധരൻ വിമർശനം ഉന്നയിച്ചു. കെപിസിസി പുനസംഘടനയിലും മുല്ലപ്പള്ളിക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇരു ഗ്രൂപ്പുകളും സ്ഥാനങ്ങൾ പങ്കിട്ടെടുത്തപ്പോൾ മുല്ലപ്പള്ളിയുടെ നോമിനികൾപോലും പിന്തള്ളപ്പെടുകയായിരുന്നു.

ഒരാൾക്ക് ഒരു പദവിയെന്ന കെപിസിസി അധ്യക്ഷന്റെ നിർദ്ദേശവും നടപ്പിലായില്ലെന്നതാണ് യാഥാർത്ഥ്യം. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷിനേയും കെ സുധാകരനേയും അവർ എം പിമാരായിരുന്നിട്ടും നിലനിർത്താൻ ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു. ഇവിടേയും മുല്ലപ്പള്ളി പരാജയപ്പെട്ടു. അധ്യക്ഷ പദവി ഏറ്റെടുത്ത് ഇത്രകാലമായിട്ടും പാർട്ടി സ്ഥാപനങ്ങളുടെ കാര്യത്തിൽ മുല്ലപ്പള്ളി തികഞ്ഞ ഉദാസീനത കാട്ടുകയാണെന്നാണ് വിവിധ ഗ്രൂപ്പുകളുടെ മറ്റൊരു ആരോപണം. കെപിസിസി അധ്യക്ഷൻമാർ ചുമതലയേൽക്കുന്നതോടെ പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ ചെയർമാൻ സ്ഥാനം അവരിൽ നിക്ഷിപ്തമാകുകയാണ് കീഴ് വഴക്കം. എന്നാൽ ചുമതലയേറ്റെടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടി മുഖപത്രത്തിന്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. വീക്ഷണം പത്രം പ്രതിസന്ധിയെ നേരിടുന്ന പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് ചർച്ചചെയ്യാൻ യോഗം വിളിക്കണമെന്ന ആവശ്യവും മുല്ലപ്പള്ളി ചെവിക്കൊള്ളുന്നില്ലെന്നാണ് ഇരു ഗ്രൂപ്പുകളുടേയും മറ്റൊരു ആരോപണം. മുല്ലപ്പള്ളിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് വീക്ഷണം എംഡി പി ടി തോമസ് രാജിവെച്ചൊഴിഞ്ഞത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു പകരം നിർജ്ജീവമാക്കുവാൻ മാത്രമേ മുല്ലപ്പള്ളിയുടെ നിലപാട് ഉപകരിക്കൂവെന്നാണ് ഇരു ഗ്രൂപ്പുകളും ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയിലെ പ്രശ്നങ്ങൾ ഹൈക്കമാന്റിന്റെ ശ്രദ്ധയിൽപ്പെടുത്താനും മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സഹകരിക്കാനുമാണ് ഇരു ഗ്രൂപ്പുകളുടേയും നേതാക്കൾ തമ്മിൽ ധാരണയിലെത്തിയിട്ടുള്ളതെന്നറിയുന്നു. പാർട്ടി അണികളിലേക്കിറങ്ങി വരും ദിവസങ്ങളിൽ നിലപാട് കടുപ്പിക്കുന്നതിനാണ് ഗ്രൂപ്പുനേതാക്കൾ നീക്കം നടത്തുന്നത്.

ENGLISH SUMMARY: Con­gress against Mul­lap­pal­ly Ramachandran

YOU MAY ALSO LIKE THIS VIDEO