തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നു; കോൺഗ്രസ്

Web Desk

ന്യൂഡല്‍ഹി

Posted on July 04, 2020, 4:38 pm

നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ഈ നടപടി വോട്ടർമാരെ സംഘടിതമായി രാഷ്ട്രീയമായ സ്വാധീനത്തിന് വിധേയമാക്കുകയും തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിക്കുകയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൊറോണ വൈറസിന്റെ പുതിയ ഇരകളാക്കാനും ഉതകുന്നവയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്ന് 65 വയസ്സിനു മുകളിലുള്ളവർക്ക് തപാൽ ബാലറ്റ് വഴി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അനുമതി നൽകുന്ന ഒരു വിജ്ഞാപനം കഴിഞ്ഞ ദിവസം നിയമ‑നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ തടങ്ങിയവര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റിന്റെ സേവനം ലഭിക്കുന്നത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഭിഷേക് സിംഗ്വിയും രൺദീപ് സുർജേവാലയും ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ബന്ധപ്പെട്ടവരുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തതെന്നും കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകൊണ്ട നിലപാട് തീര്‍ത്തും സംശയം ഉണ്ടാക്കുന്നതാണെന്നും രാജ്യത്ത് അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുമായി ഒത്തുചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായിവേണം ഇതിനെ കാണാനെന്ന് കോണ്‍ഗ്രസ് പാർട്ടി വ്യക്തമാക്കി. 65 വയസ്സിന് മുകളിലുള്ളവർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നത് വോട്ടിംഗിലെ രഹസ്യ സ്വഭാവത്തെ ലംഘിക്കുന്നതിനു കാരണമാകും. ഇവിടങ്ങളിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം ജനങ്ങളും നിരക്ഷരരാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയ്ക്കായി വോട്ട്ചെയുമ്പോള്‍ നിരവധി പേര്‍ മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കും. വോട്ടര്‍മാരുടെ ഈ തീരുമാനം രാഷ്ട്രീയക്കാരോ അവരുടെ ഏജന്റുമാരോ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വാദം. മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും കോവിഡ് 19 വൈറസ് ബാധ പടരാതിരിക്കാനും ലക്ഷ്യമിടുന്ന ഈ തീരുമാനം തികച്ചും വിപരീത ഫലമുണ്ടാക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. വോട്ടർമാരെ മാത്രമല്ല അവരുമായി ബന്ധം പുലര്‍ത്തുന്നവരെ വരെ ഇത് അപകടത്തിലാക്കുന്നു. മുതിർന്ന പൗരന്മാർക്ക് അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് പ്രത്യേക വോട്ടിംഗ് ബൂത്ത് സ്ഥാപിക്കുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. തപാൽ ബാലറ്റുകൾ നിരസിക്കുന്നതിന്റെ നിരക്ക് ഏകദേശം 20% ആണെന്നും പാർട്ടി വാദിച്ചു, 65 വയസും അതിൽ കൂടുതലുമുള്ള വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടുകൾക്ക് ഒരു തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കാനാവുമെന്നും പാര്‍ട്ടി വിശദീകരിച്ചു.

ഈ വർഷം നവംബറോടെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും അതിനുശേഷം 2021 ന്റെ തുടക്കത്തിൽ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് നടക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതുവരെ 80 വയസ്സിനു മുകളിലുള്ളവർക്കും വീടിനു പുറത്ത് അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മാത്രമേ തപാൽ ബാലറ്റ് സൗകര്യം ലഭ്യമായിരുന്നുള്ളൂ.