Janayugom Online
D. V t Balram

വി ടി ബല്‍റാം എംഎല്‍എയെ നിശബ്ദനാക്കാന്‍ കോണ്‍ഗ്രസ് ശ്രമം

Web Desk
Posted on October 31, 2018, 8:21 pm

കെ കെ ജയേഷ്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സംഘപരിവാറിനെ വെല്ലുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ട് നാണം കെട്ട സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന വി ടി ബല്‍റാം എം എല്‍ എയെ നിശബ്ദനാക്കാന്‍ കരുക്കള്‍ നീക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി താരതമ്യപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ചാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വി ടി ബല്‍റാമിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി താരതമ്യപ്പെടുത്തിയ വി ടി ബല്‍റാമിന്റെ പരാമര്‍ശം നാണം കെട്ടതാണെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി രാഹുല്‍ ഈശ്വറിനെ പോലുള്ള ചെറുപ്പക്കാരനോട് രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിനെ എങ്ങിനെ താരതമ്യം ചെയ്യുമെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. വി ടി ബല്‍റാം പറഞ്ഞതിനെ വളച്ചൊടിച്ച് അദ്ദേഹത്തിനെതിരെ നീക്കം നടത്തുന്നതിനെതിരെ വ്യാപകപ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്നുണ്ട്.

ശബരിമല വിഷയത്തില്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്ന വി ടി ബല്‍റാമിനോടുള്ള എതിര്‍പ്പാണ് ഇത്തരത്തിലുള്ള വാദങ്ങളുമായി രംഗത്ത് വരാന്‍ മുല്ലപ്പള്ളിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. വി ടി ബല്‍റാം പാര്‍ട്ടിയ്ക്ക് വിധേയനാകണം എന്നാണ് മുല്ലപ്പള്ളി പറയുന്നത് അങ്ങിനെയെങ്കിലും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം വിധേയമാകേണ്ടതില്ലേ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. എക്കാലവും ഹൈക്കമാന്റിനെ അംഗീകരിച്ച പാര്‍ട്ടി സംസ്ഥാന ഘടകത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് തന്നെയാണ് അവസാന വാക്ക്. ആ അര്‍ത്ഥത്തില്‍ മുല്ലപ്പള്ളിയും പാര്‍ട്ടിയും ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് വഴങ്ങേണ്ടതില്ലേ എന്നാണ് ചോദ്യം ഉയരുന്നത്. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ മുല്ലപ്പള്ളി സ്വീകരിച്ച നിലപാടുകള്‍ പുതിയ തലമുറയില്‍ പെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും രോഷാകുലരാക്കിയിരിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസിന്റെ രാജ് ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒരു യുവ എം എല്‍ എയെ താക്കീത് ചെയ്‌തെന്ന് മുല്ലപ്പള്ളി പല വേദികളിലും പ്രസംഗിച്ചിരുന്നു. എന്നാല്‍ കെ പി സി സി പ്രസിഡന്റായിരുന്ന വി എം സുധീരന്‍ നയിച്ച സംസ്ഥാന തല യാത്രയോട് സഹകരിക്കാതിരുന്ന ഏക എം പി മുല്ലപ്പള്ളി മാത്രമായിരുന്നെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ മുല്ലപ്പള്ളിയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് വി ടി ബല്‍റാം നേരത്തെ തന്നെ സ്വീകരിച്ചത്. ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടെയും പുരോഗമന വിരുദ്ധ ആശയങ്ങളുടെയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്‍മാരുടെ സകല കവനന്റുകളും ചവറ്റുകൊട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുെട പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് ആശയപരമായ ലെഗസിയെക്കുറിച്ച് പ്രാഥമികമായ ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ വി ടി ബല്‍റാം ഇക്കാര്യം കെ പി സി സി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബല്‍റാമിന്റെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കുമുള്ളത്. സ്ത്രീകളും പുരുഷന്‍മാരും തുല്യരാണ്. അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാകണമെന്നതാണ് തന്റെ വ്യക്തിപരമായ നിലപാടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇത് മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വലിയ ക്ഷീണമായി. രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ കെ സുധാകരനും മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയുമെല്ലാം തുടക്കം തന്നെ തള്ളിക്കളയുകയും ഇതേ നിലപാട് സ്വീകരിക്കുന്ന വി ടി ബല്‍റാമില്‍ നിന്ന് നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ വിശദീകരണം തേടാനും തീരുമാനിക്കുകയായിരുന്നു.
മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും കെ സുധാകരനുമെല്ലാം ശബരിമല വിഷയത്തില്‍ സംഘപരിവാറിനേക്കാള്‍ വലിയ വര്‍ഗീയ നിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസ് നേതാവ് എന്ന് ഇവരെ ഓര്‍മ്മപ്പെടുത്തിയ വി ടി ബല്‍റാമിന്റെ വാക്കിന് ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിച്ച് നല്‍കി അദ്ദേഹത്തിനെതിരെ തിരിയുകയാണ് മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ ചെയ്തത്. രാഹുല്‍ ഈശ്വറിന്റെ വര്‍ഗീയ നിലപാടുകളല്ല മറിച്ച് രാഹുല്‍ഗാന്ധിയുടെ പുരോഗമന നിലപാടുകളാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കേണ്ടത് എന്ന് മാത്രമാണ് വി ടി ബല്‍റാം പറഞ്ഞതിന്റെ അര്‍ത്ഥം. പാര്‍ട്ടിയുടെ യഥാര്‍ത്ഥ നിലപാട് മറന്ന നേതാക്കളെ വാസ്തവം ഓര്‍മ്മിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറിനോട് താരതമ്യപ്പെടുത്തുകയാണ് വി ടി ബല്‍റാം ചെയ്തത് എന്ന വിചിത്ര വാദമാണ് മുല്ലപ്പള്ളി ഉള്‍പ്പെടെ ഇപ്പോള്‍ ഉയര്‍ത്തുന്നത്. നേതൃത്വത്തിന്റെ പിന്തിരിപ്പിന്‍ നിലപാടുകള്‍ക്കെതിരെ ശബ്ദിച്ച യുവനേതാവിനെ ഏത് വിധേനയും നിശബ്ദനാക്കാനാണ് ഇവരുടെ നീക്കം. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസിനെ വര്‍ഗ്ഗീയതയുടെ ആലയില്‍ തളയ്ക്കാനുള്ള ചില നേതാക്കളുടെ ശ്രമം അംഗീകരിക്കില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കെ എസ് യു നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്ന് നെഹ്‌റുവിന്റെ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതാക്കളുടെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. ഇത്തരത്തില്‍ ചിന്തിക്കുന്ന പാര്‍ട്ടിയിലെ പുതിയ തലമുറ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന നേതൃത്വത്തെ തുറന്നെതിര്‍ത്ത് രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇത് ശബരിമല വിഷയത്തില്‍ പിന്തിരിപ്പിന്‍ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി മാറും.