Web Desk

ജയ്പൂര്‍

June 11, 2020, 9:40 am

രാജസ്ഥാനിലും അട്ടിമറി നീക്കം: എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

Janayugom Online

രാജ്യസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്വന്തം എംഎല്‍എമാരെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വം. പണം ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറി നടത്താന്‍ ഇവിടെ ശ്രമം നടക്കുന്നതായും അവര്‍ ആരോപിക്കുന്നു.

ഈ മാസം 19ന് രാജസ്ഥാനില്‍ മൂന്ന് സീറ്റുകളിലേക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയിലുള്ള ശിവവിലാസ് എന്ന റിസോര്‍ട്ടിലേക്ക് മാറ്റിയതായാണ് സൂചന. മാര്‍ച്ചില്‍ 22 എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തിയിരുന്നു. കഴി‍ഞ്ഞ ജൂലൈയില്‍ സമാനമായ നടപടിയിലൂടെ കര്‍ണാടകയിലും കോണ്‍ഗ്രസിന് അധികാരം നഷ്ടമായിരുന്നു. രാജസ്ഥാനിലും സമാന സാഹചര്യത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപിയില്‍ നിന്ന് സംരക്ഷിക്കാനായി ഗുജറാത്തില്‍ നിന്നും ഒരുസംഘം കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയില്‍ നിന്ന് രക്ഷിക്കാനായി രാജസ്ഥാനില്‍ എത്തിച്ചിട്ടുണ്ട്.

മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലേതിന് സമാനമായി രാജസ്ഥാനിലും കോണ്‍ഗ്രസ് എംഎല്‍എമാരെ പണം കൊടുത്ത് ചാക്കിലാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കാട്ടി രാജസ്ഥാന്‍ നിയമസഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇത് വഴി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു. ഇതിനിടെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരുമായി മുഖമന്ത്രി അശോക് ഗെലോട്ട് നേരിട്ടെത്തി ചര്‍ച്ച നടത്തി. ഒരു എംഎല്‍എയ്ക്ക് മുപ്പത് കോടി വരെ നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം.

രാജസ്ഥാനിലെ രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം കോണ്‍ഗ്രസും ഒരെണ്ണം ബിജെപിയും സ്വന്തമാക്കുമെന്നാണ് വിലയിരുത്തുന്നത്.

107 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ഏഴ് പേര്‍ മായാവതിയുടെ ബഹുജന്‍സമാജ് പാര്‍ട്ടിയില്‍ നിന്ന് എത്തിയവരാണ്. 12 സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണ ഇവര്‍ക്കുണ്ട്. ബിജെപിക്ക് 72 അംഗങ്ങളാണുള്ളത്. സ്വതന്ത്രരും സഖ്യകക്ഷികളുമായി മറ്റ് ആറിലധികം പേരുടെ പിന്തുണയുമുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി സുരക്ഷിതമാണ്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പന്ത്രണ്ട് പേര്‍ ബിജെപി പാളയത്തില്‍ എത്തിയാല്‍ കാര്യങ്ങള്‍ മാറി മറിയും.

eng­lish sum­ma­ry: Con­gress Alleges Polit­i­cal Coup Bid In Rajasthan, Moves MLAs To Resort