ഷിബു ടി ജോസഫ്

കോഴിക്കോട്:

January 30, 2021, 10:09 pm

കോണ്‍ഗ്രസിലും യുഡിഎഫിലും സീറ്റുകൾ കീറാമുട്ടി

സുധാകരന്‍ ഇടഞ്ഞു, ചെന്നിത്തല അയഞ്ഞു, ഉമ്മന്‍ ചാണ്ടിക്ക് പിടിവാശി
Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെയും യു ഡി എഫിനെയും കൊണ്ടെത്തിച്ചിരിക്കുന്നത് വന്‍ പ്രതിസന്ധിയില്‍. മുതിര്‍ന്ന നേതാക്കളെല്ലാം വിജയപ്രതീക്ഷയുള്ള സീറ്റുകള്‍ക്ക് വേണ്ടി അവകാശമുന്നയിച്ച് രംഗത്തിറങ്ങിയത് കോണ്‍ഗ്രസില്‍ വലിയ പൊല്ലാപ്പുണ്ടാക്കിയിരിക്കുകയാണ്. ലീഗും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും യു ഡി എഫിലെ ചെറുകക്ഷികളായ ആര്‍ എസ് പി, സി എം പി, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും വരെ കൂടുതല്‍ സീറ്റുകള്‍ക്കായി കച്ചകെട്ടിയിറങ്ങിയതാണ് കോണ്‍ഗ്രസിനെയും യു ഡി എഫിനെയും കെണിയിലാക്കിയിരിക്കുന്നത്.

ഇതിനിടെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കണ്ണുവച്ചിരുന്ന കെ സുധാകരന്‍ സര്‍വ്വ നേതാക്കളെയും അടച്ചാക്ഷേപിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. പ്രത്യക്ഷമായി കെ സി വേണുഗോപാലിനെ ഉന്നംവച്ചാണ് കെ സുധാകരന്റെ വിമര്‍ശനങ്ങള്‍. എ ഐ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി കെ സുധാകരന്‍ കെ പി സി സിയുടെ തലപ്പത്ത് എത്താതിരിക്കാനുള്ള എല്ലാ അടവുകളും പയറ്റിയതോടെയാണ് അദ്ദേഹം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. കെ സുധാകരന്റെ കയ്യില്‍ പാര്‍ട്ടിയുടെ അധ്യക്ഷപദമെത്തിയാല്‍ ഇപ്പോള്‍ നടക്കുന്ന ഗ്രൂപ്പ് ധാരണകളെല്ലാം പൊളിയുമെന്ന് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വ്യക്തമായി അറിയാം.

മുതിര്‍ന്ന നേതാക്കള്‍ മണ്ഡലം മാറാനുള്ള കളികളെല്ലാം പയറ്റുന്നുണ്ട്. ഇരിക്കൂരിലെ സ്ഥിരം സീറ്റ് ഇക്കുറി കൈവിടുമെന്ന് ഉറപ്പിച്ചാണ് എ ഗ്രൂപ്പ് വിശ്വസ്തനും ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷിയുമായ കെ സി ജോസഫ് ചങ്ങനാശേരി സീറ്റിനായി വാശിപിടിക്കുന്നത്. പതിറ്റാണ്ടുകളായി കേരളാ കോണ്‍ഗ്രസിന്റെ കയ്യിലിരുന്ന മണ്ഡലം സി എഫ് തോമസിന്റെ നിര്യാണവും ജോസ് കെ മാണിയുടെ മുന്നണി മാറ്റവും മൂലം തനിക്കൊരുക്കിയെടുക്കാനാണ് കെ സി ജോസഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് സ്ഥിരമായി മത്സരിക്കുന്ന തിരുവല്ലാ സീറ്റിനായി മുതിര്‍ന്ന നേതാവായ പി ജെ കുര്യനാണ് രംഗത്തുള്ളത്. ജനതാദള്‍ എസിലെ മാത്യു ടി തോമസിനോട് തുടര്‍ച്ചയായി തോല്‍വിയേറ്റുവാങ്ങിയ കേരളാ കോണ്‍ഗ്രസ് മാണിവിഭാഗത്തില്‍ നിന്നും സീറ്റ് ഏറ്റെടുക്കണമെന്ന് ദീര്‍ഘകാലമായി കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും സ്ഥാനമൊന്നുമില്ലാതെ തിരുവല്ലയ്ക്കടുത്ത് വിശ്രമജീവിതം നയിക്കുന്ന പി ജെ കുര്യന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള കളമായാണ് തിരുവല്ലാ സീറ്റില്‍ കണ്ണുവച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങിയത് കോണ്‍ഗ്രസിലെ ചെറുപ്പക്കാരിലും വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
വിജയപ്രതീക്ഷയുള്ള സീറ്റുകള്‍ക്കായി ഘടകകക്ഷികളും വാശി പിടിക്കുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. മുസ്‌ലിം ലീഗ് ഒഴികെ യു ഡി എഫ് ഘടകകക്ഷിയിലെ പ്രമുഖര്‍ക്ക് ഇക്കുറി നിയമസഭയിലെത്തണമെങ്കില്‍ വലിയ പ്രയത്‌നം വേണ്ടിവരുമെന്നുറപ്പാണ്. അതിനാല്‍ വിജയപ്രതീക്ഷയുള്ള സീറ്റുകൾ തങ്ങള്‍ക്ക് വേണമെന്നാണ് യു ഡി എഫിലെ ചെറുപാര്‍ട്ടികളുടെ ആവശ്യം.

ENGLISH SUMMARY: con­gress and udf assem­bly seats

YOU MAY ALSO LIKE THIS VIDEO