ഷിബു ടി ജോസഫ്

കോഴിക്കോട്:

February 08, 2021, 10:25 pm

കോണ്‍ഗ്രസിലെ സീറ്റ് ചര്‍ച്ച തെരുവില്‍

Janayugom Online

യൂത്ത് കോണ്‍ഗ്രസിന് മൊത്തം സീറ്റുകളില്‍ പകുതി, മഹിളാ കോണ്‍ഗ്രസിന് ഇരുപത് ശതമാനം കട്ടായം, ഐ എന്‍ടിയുസിക്ക് വേണ്ടത് പതിനഞ്ച് സീറ്റ്. എണ്ണത്തില്‍ ഒട്ടും കുറയ്ക്കാന്‍ ഇക്കുറി ആരും തയ്യാറല്ല. കോണ്‍ഗ്രസ് ദേശീയ‑സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുമ്പില്‍ മാത്രമല്ല മാധ്യമങ്ങള്‍ക്ക് മുമ്പിലും സീറ്റ് ആവശ്യവുമായി എത്തിയിരിക്കുകയാണ് പാര്‍ട്ടി പോഷക സംഘടനയുടെ പ്രസിഡന്റുമാര്‍. ഇത്തവണ യുവാക്കള്‍ക്ക് വന്‍ പ്രാതിനിധ്യം നല്‍കുമെന്ന് ഹൈക്കമാന്‍ഡ് ആണയിട്ട് പറഞ്ഞിട്ടുള്ളതിനാല്‍ യുവജനങ്ങള്‍ക്കായുള്ള ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

മഹിളകളെ ഇനി എഴുതിത്തള്ളാന്‍ അനുവദിക്കില്ലെന്നും വനിതാകോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കേണ്ട മണ്ഡലങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷും പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ തൊഴിലാളി പ്ര സ്ഥാനത്തിന് വന്‍ കരുത്തുള്ളതിനാല്‍ ചോദിച്ചതില്‍ എന്തെങ്കിലും കുറവുണ്ടാകാന്‍ സമ്മതിക്കില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും വ്യക്തമാക്കി. ഐശ്വര്യകേരള യാത്രയുടെ തുടക്കംതൊട്ട് തന്നെ വന്‍പ്രശ്‌നങ്ങള്‍ക്ക് അഭിപ്രായം പറഞ്ഞുമടുത്ത പ്രതിപക്ഷ നേതാവിന് പാര്‍ട്ടിക്കുള്ളിലെ സീറ്റ് മോഹികളെക്കൂടി പ്രതിരോധിക്കേണ്ട ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എല്ലാക്കാലത്തെയും പോലെ കെ വി തോമസും പി ജെ കുര്യനും പോലെയുള്ള കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി മോഹികള്‍ പരസ്യമായും രഹസ്യമായും വളരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

തിരുവല്ല, ചങ്ങനാശേരി മണ്ഡലങ്ങളിലേക്ക് വേ ണ്ടി മുതിര്‍ന്ന നേതാക്കള്‍ തന്നെ കുപ്പായം തുന്നിയിറങ്ങിയ കാഴ്ചയാണ് കാണാനാകുന്നത്. എ, ഐ ഗ്രൂപ്പുകള്‍ക്കൊപ്പം ഇപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പുതിയ ഗ്രൂപ്പും സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. മൂന്ന് സീറ്റെങ്കിലും എ കെ ആന്റണിക്ക് താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി മാറ്റിവയ്‌ക്കേണ്ടിവരും. തന്റെ വിശ്വസ്തര്‍ക്ക് വേണ്ടി കെ സുധാകരന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ സുധാകരനെ പിണക്കാനോ അവഗണിക്കാനോ എ, ഐ ഗ്രൂപ്പുകള്‍ക്കോ ദേശീയ നേതൃത്വത്തിനോ സാധിക്കില്ല. കെ മുരളീധരന്‍ പരസ്യമായി ഇപ്പോള്‍ എഗ്രൂപ്പിനൊപ്പം നിലകൊള്ളുന്നുണ്ടെങ്കിലും തന്റെ ഒപ്പം നില്‍ക്കുന്ന ചിലര്‍ക്കുവേണ്ടി സീറ്റുറപ്പിക്കാന്‍ അദ്ദേഹവും വന്‍ പരിശ്രമം നടത്തുന്നുണ്ട്.

ENGLISH SUMMARY: con­gress assem­bly seat

YOU MAY ALSO LIKE THIS VIDEO