June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

വിദേശ ട്രോളർ പാപക്കറ കോൺഗ്രസിന്റെ കൈപ്പത്തിയിൽ

By Janayugom Webdesk
February 28, 2021

ുൻകാല പാപങ്ങൾ കഴുകി കളയുവാനും മത്സ്യ തൊഴിലാളികളുടെ രക്ഷകരായി അവതരിക്കുവാനും ഈ എംസിസി ധാരണാപത്രം കച്ചിത്തുരുമ്പാക്കി യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുകയാണ്. വ്യവസായ മന്ത്രിക്ക് ഇത് സംബന്ധിച്ച നിവേദനം ലഭിക്കുന്നത് ഫെബ്രുവരി 11 നാണ്. എ­ന്നാ­ൽ മത്സ്യത്തൊഴിലാളി സംഘടനകൾക്കിടയി­ൽ മാസങ്ങളായി ഈ പദ്ധതി ചർച്ചാ വിഷയമാണ്. ഫെബ്രുവരി ഒമ്പതിന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ലേഖകൻ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ മെയിൽ അയച്ചിരുന്നു. (മറുപടി E.ptn 2516/2021 dt 09.02.2021).
ഇത്തരത്തിൽ ഒരു പദ്ധതിയുമായി ഒരു തട്ടിപ്പ് കമ്പനി പ്രതിപക്ഷ നേതാവിന്റെ ഒത്താശയോടെ രംഗത്തിറങ്ങിയപ്പോൾ തന്നെ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തേണ്ടതായിരുന്നു. കെഎസ്­ഐ­എൻസിയുടെ ചെയർമാൻ ടോം ജോസ് എന്ന ഐഎഎസ് കാരനാണ്. ചീഫ് സെക്രട്ടറി എന്ന ഉന്നത പദവിയിൽ നിന്നും വിരമിച്ച ഒരാൾക്ക് ഇരിക്കുവാൻ പറ്റാത്ത ഈ പദവി അദ്ദേഹം ചോദിച്ച് വാങ്ങിയതാകാം. ജാഥയ്ക്ക് വീര്യംകൂട്ടുവാൻ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് എന്ന ഐഎഎസുകാരൻ കൃത്യ സമയത്ത് രംഗത്തുവരികയും ചെയ്തു. ഈ എംസിസിയുമായി കെഎസ്ഐഎൻസി ഉണ്ടാക്കിയ ധാരണാ പത്രവും ചേർത്തലയിലെ പള്ളിപ്പുറത്ത് ഭൂമി അനുവദിച്ച കെഎസ്ഐഡിസിയുടെ തീരുമാനവും സർക്കാർ റദ്ദാക്കിയതോടെ വിവാദങ്ങൾ അവസാനിച്ചിരിക്കുന്നു.
ഇതിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ രക്ഷകവേഷം ധരിച്ച് കോൺഗ്രസ് രംഗത്തുവന്നിരിക്കുകയാണ്. ട്രോളർ എന്ന് കേട്ടാൽ തീരദേശത്തിന് ഭയമാണ്. അതിന് കാരണം നരസിംഹറാവു ഭരണമായിരുന്നു. ആഗോളവൽക്കരണ നയം നരസിംഹറാവു ആദ്യം പരീക്ഷിച്ചത് മത്സ്യത്തൊഴിലാളികളിലായിരുന്നു. സംയുക്ത സംരംഭത്തിന്റെ പേരിൽ 129 ലൈസൻസുകളിൽ 400 വിദേശ ട്രോളറുകളാണ് അന്ന് നമ്മുടെ കടലിൽ എത്തിയത്. പിന്നീടത് 700 ആയി മാറി. അത്തരം ട്രോളറുകൾ ആഴക്കടലും തീരക്കടലും അരിച്ചുപെറുക്കി. പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾ ദേ­ശീയ പ്രക്ഷോഭം സംഘടിപ്പിച്ചു. 1994 നവംബർ 23, 24 തീയതികളിലെ മത്സ്യമേഖലയിലെ സംയുക്ത പണിമുടക്കിന്റെ വിജയം തീരദേശത്തിന് ആവേശം പകർന്നു. ലേഖകൻ നൂറിലധികം പാർലമെന്റ് അംഗങ്ങളുടെ ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകി. പാർലമെന്റിനകത്ത് ലേഖകൻ നടത്തിയ സമരത്തെ തുടർന്ന് സ്പീക്കർ ഭക്ഷ്യ സംസ്കരണ മന്ത്രി തരുൺ ഗോഗോയിയോട് മറുപടി പറയുവാൻ നിർദ്ദേശിച്ചു. തുടർന്നാണ്‌ ഭക്ഷ്യ സംസ്കരണ സെക്രട്ടറി പി മുരാരി ചെയർമാനായി ഇതിനെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര സർക്കാർ ഒരു കമ്മിറ്റിയെ നിയമിക്കുന്നത്. പ്രസ്തുത കമ്മിറ്റിയുടെ 21 നിർദ്ദേശങ്ങ­ൾ നരസിംഹറാവുവിന് ലഭിച്ചുവെങ്കിലും അതിന്മേ­ൽ യാതൊരു നടപടികളും അദ്ദേഹം സ്വീകരിച്ചില്ല.അന്നെല്ലാം പാർലമെന്റ് അംഗമായിരുന്നുവെങ്കിലും വിദേശ ട്രോളർ വിഷയത്തിൽ രമേശ് ചെന്നിത്തല മൗനിയായിരുന്നു. പിന്നീട് അധികാരത്തി­ൽവന്ന സിപിഐക്കു കൂടി പങ്കാളിത്തമുള്ള ഐക്യ മുന്നണി സർക്കാരാണ് മുരാരി കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുവാൻ തീരുമാനിച്ചത്. സിപിഐ നേതാവായിരുന്ന ചതുരാനൻ മിശ്രയായിരുന്നു കൃഷി മന്ത്രി. കേന്ദ്രത്തിൽ ഫിഷറീസ് വകുപ്പ് കൃഷി വകുപ്പിന് കീഴിലാണ്.
ഉദാരവൽക്കരണ നയങ്ങൾ വളരെവേഗം നടപ്പിലാക്കണമെന്നാഗ്രഹമുള്ള മൻമോഹൻ സിംഗ് സർക്കാർ വിദേശ ട്രോളർ വിഷയത്തിൽ മീനാകുമാരി കമ്മിറ്റിയെ നിയമിച്ചു. റിപ്പോർട്ട് ലഭിച്ചത് ബിജെപി ഭരണത്തിൽ. ബിജെപിയുടെ രണ്ടാം നീല വിപ്ലവത്തിന്റെ പേ­രിൽ 270 വിദേശ യാനങ്ങൾ ഉൾപ്പെടെ 1178 യാനങ്ങൾക്ക് അനുവാദം തേടിയുള്ളതായിരുന്നു മീനാ കുമാരി റിപ്പോർട്ട്. കേന്ദ്രം ഭരിച്ചപ്പോൾ കോൺഗ്രസും ബിജെപിയും വിദേശ ട്രോളറുകൾക്ക് വേണ്ടിയാണ് നിലകൊണ്ടിരുന്നത്. ഇടതുപക്ഷം പങ്കാളിത്തം വഹിച്ച കേന്ദ്ര സർക്കാർ മാത്രമാണ് വിദേശ ട്രോളറുകൾക്കെതിരെയുള്ള നിലപാട് സ്വീകരിച്ചത്.
ഇപ്പോൾ രാജ്യത്തെ കർഷകർ വൻ പ്രക്ഷോഭത്തിലാണ്. കർഷകദ്രോഹ നിയമത്തിന്റെ ചുവട് പിടിച്ച് കടലും കോർപ്പറേറ്റ് വൽക്കരിക്കുവാനുള്ള നിയമം കേന്ദ്ര സർക്കാർ തയ്യാറാക്കി കഴിഞ്ഞു. ബ്ലൂ റവലൂഷ്യൻ എന്ന ലക്ഷ്യവുമായി രാജ്യത്ത് കേന്ദ്ര സർക്കാർ തയ്യാറാക്കിയ ഏകീകൃത മത്സ്യബന്ധന നയത്തിന്റെ കരട് എല്ലാ തീരദേശ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ചർച്ചയ്ക്കായി അയച്ചുകൊടുത്തു. ദേശീയതലത്തി­ൽ നിലവിലുള്ള സമുദ്ര മത്സ്യബന്ധന നയം, ഉൾനാടൻ മത്സ്യബന്ധന നയം, കടൽ മത്സ്യകൃഷി നയം, മത്സ്യ‑മത്സ്യോല്പന്നങ്ങളുടെ സംസ്കരണ‑വിപണന നയം തുടങ്ങിയവ സംയോജിപ്പിച്ചാണ് ഏകീകൃത നയം. മത്സ്യമേഖലയുമായി ബന്ധപ്പെടുന്ന സംഘടനകളുമായി യാതൊരു ചർച്ചയും ഇതിന്മേൽ നടത്തിയിട്ടില്ല. മേൽപറഞ്ഞ വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത താല്പര്യങ്ങളാണുള്ളതെന്നിരിക്കെ ഏകീകൃത നിയമത്തിന്റെ ഗുണം ഭരണ വർഗത്തിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്ന കുത്തകകൾക്ക് മാത്രമായിരിക്കും.പ്രകൃതി സമ്പത്ത് എല്ലാവർക്കും തുല്യമായിട്ടുള്ളതാണ്. കടൽ സമ്പത്തും അങ്ങനെ തന്നെയാണ്.എന്നാൽ മത്സ്യപ്രജനനം ഉൾപ്പെടെ നടക്കുന്ന കേന്ദ്രങ്ങൾ മത്സ്യ കൃഷിക്ക് വേണ്ടി മാറ്റിവയ്ക്കുവാനും അവിടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധനം ഏർപ്പെടുത്തുവാനുമുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.
മത്സ്യത്തൊഴിലാളികളോടുള്ള കോൺഗ്രസിന്റെ നിലപാട് തെളിയിച്ച സംഭവമാണ് എൻട്രിക്കാ ലക്സിയെന്ന ഇറ്റാലിയൻ കപ്പലിലെ സൈനീകർ മത്സ്യ തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം.
മത്സ്യത്തൊഴിലാളികളായ വാലൻ്റൈൻ എന്ന ജസ്റ്റിൻ, പിങ്കി എന്ന അജീഷ് എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയപ്പോൾ കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസ്. ഭരണം നയിക്കുന്ന യുപിഎ ചെയർപേഴ്സന്റെ കസേരയിൽ സോണിയാ ഗാന്ധി. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളെയും ആക്രമണത്തില്‍ തകര്‍ന്ന ബോട്ടിനെയും രാജ്യസ്വത്തായി കണക്കാക്കി, ഇറ്റലിയുടെ ആക്രമണം ഇന്ത്യന്‍ പരമാധികാരത്തിനെതിരായ കടന്നുകയറ്റമായി പരിഗണിച്ച്‌ കേസ് കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ കേസ് നടത്തിപ്പ് ഇന്ത്യയില്‍ തന്നെ തുടരുകയും നീതി ലഭ്യമാവുകയും ചെയ്യുമായിരുന്നു. ഇതൊരു പ്രധാന പ്രചരണ ആയുധമാക്കി ബിജെപി തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചെങ്കിലും അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസ് സ്വീകരിച്ച നിലപാട് തന്നെയാണ് അവരും സ്വീകരിച്ചത്. വിദേശ ട്രോളർ വിഷയത്തിലെന്നപോലെ ഇറ്റാലിയൻ കപ്പൽ വെടിവയ്പ്പ് കേസിലും കോൺഗ്രസിനും ബിജെപിക്കും ഒരേ നയമായിരുന്നു.
ലോകത്തെ നടുക്കിയ സുനാമിയുടെ ദുരിതം പേറിയവരിൽ കേരളത്തിലെ ആയിരകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഉണ്ടായിരുന്നു. അവർക്കു വേണ്ടി ലഭിച്ച ഫണ്ട് മറ്റ് പ്രദേശങ്ങളിൽ രാഷ്ട്രീയ നേട്ടത്തിന് വിനിയോഗിച്ചതും യുഡിഎഫായിരുന്നു. നരസിംഹറാവുവിന്റെ കാലത്തുള്ള വിദേശ ട്രോളർ ലൈസൻസുകൾ, ഇറ്റാലിയൻ കപ്പൽ വെടിവയ്പ്പ്, മീനകുമാരി കമ്മിറ്റി റിപ്പോർട്ട്.
പുതിയ കേന്ദ്ര മത്സ്യബന്ധന നിയമം, സുനാമി ഫണ്ട് ദുർവിനിയോഗം ഇവയിലെല്ലാമുള്ള കോൺഗ്രസ് നിലപാട് തിരിച്ചറിയുന്ന തീരദേശ വാസികൾക്ക് മുന്നിലാണ് റദ്ദാക്കിയ ധാരണാപത്രത്തിന്റെ പേരിൽ യുഡിഎഫ് കള്ള പ്രചരണം നടത്തുന്നത്. 

Eng­lish Sum­ma­ry : Con­gress behind for­eign troller

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.