ഇടതുപക്ഷത്തെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരം: കാനം രാജേന്ദ്രന്‍

Web Desk
Posted on March 29, 2019, 8:34 pm
സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി ഓഫീസായ പൊടോര കുഞ്ഞിരാമന്‍ നായര്‍ സ്മാരക മന്ദിരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വെള്ളരിക്കുണ്ട്: കേരളത്തില്‍ ഇടതുപക്ഷത്തെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരു സ്വരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി ഓഫീസായ പൊടോര കുഞ്ഞിരാമന്‍ നായര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു എല്‍ഡിഎഫ് ആണ്. ഇവര്‍ എല്‍ഡിഎഫിനെ ഏങ്ങനെ തകര്‍ക്കാം എന്നാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ ഒരേ തൂവല്‍പക്ഷികളെ പോലെ ഇന്ന് എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിക്കുന്നത്.

ശ്രീധരന് പിള്ളയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉയരത്തിലുള്ള വ്യത്യാസമുണ്ടെന്നല്ലാതെ നിലപാടില്‍ വ്യത്യാസമില്ല. കേരളത്തിലെ എല്‍ഡിഎഫിനെ വെല്ലുവിളിക്കാന്‍ പ്രസിഡണ്ടിനെ കൊണ്ടുവരാന്‍ കെപിസിസി നീക്കം ആരംഭിച്ചിട്ടുണ്ട്. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വളര്‍ത്തുക എന്ന രാഷ്ട്രീയമാണോ കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും കാനം ചോദിച്ചു. രാജ്യത്തെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ 17 കക്ഷികള്‍ ഒന്നിച്ച് നിന്നാണ് വോട്ട് ചെയ്തത്. നരേന്ദ്ര മോഡി സര്‍ക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ച കോണ്‍ഗ്രസ് കേരളത്തില്‍ വന്ന് എല്‍ഡിഎഫിനെതിരെ മത്സരിച്ചാല്‍ എങ്ങനെയാണ് ആ ലക്ഷ്യം പ്രായോഗികമാക്കാന്‍ കഴിയുകയെന്നും കാനം ചോദിച്ചു.

വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ല. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാണ് അവിടെയുള്ളത്. അപ്പോ ആരെയാണ് കോണ്‍ഗ്രസ് അവിടെ എതിര്‍ക്കുക. വയനാട്ടിലെ ജനങ്ങള്‍ക്ക് നല്ല ധൈര്യമുള്ളവാരാണ്. കടുവയും പുലിയും ഇറങ്ങി എന്നിട്ടും അവര്‍ അവിടെ പിടിച്ചു നില്‍ക്കുന്നു. അപ്പോഴാണ് രാഹുല്‍ ഗാന്ധി വരുന്നെന്ന് പറയുന്നത്. അതിലൊന്നും അവര്‍ക്ക് ഭയമില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് എത്ര ആത്മാര്‍ത്ഥയുണ്ടെന്നാണ് നമ്മുടെചോദ്യം. രാഹുല്‍ വന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ചലനമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അമേഠിയില്‍ മത്സരിച്ചപ്പോള്‍ യു പി യില്‍ ഇളക്കം ഉണ്ടാക്കായില്ല. ഇപ്പോള്‍ അവിടെ ഭൂരിപക്ഷം കുറഞ്ഞപ്പോഴാണ് മെച്ചപ്പെട്ട സ്ഥലം നോക്കി നടക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. അവര്‍ എല്‍ ഡി എഫിനെ വിജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ പോരാട്ടം നമ്മള്‍ ഇപ്പോഴും തുടരുകയാണ്. കയ്യൂര്‍ രക്തസാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടിപോരാടിയത് കമ്മ്യൂണിസ്റ്റുകളാണ്. ജനാധിപത്യസംവിധാനവും ഭരണഘടനയും രാജ്യത്ത് മോഡി ഭരണത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിലനില്‍ക്കണമോ എന്ന ചോദ്യം സജീവമായി രാജ്യത്താകെ ചര്‍ച്ച ചെയ്യുകയാണ്. ഈ സമയത്താണ് രാജ്യം നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നത്. 2014 ല്‍ മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വാഗ്ദാനങ്ങള്‍ വാരിവിതറിയാണ് അധികാരത്തിലെത്തിയത്. ഇന്ന് ഈ ഭരണത്തില്‍ ഏത് ജനവിഭാഗമാണ് സംതൃപ്തരായതെന്ന് നാം ചിന്തിക്കണം. നമ്മുടെ രാജ്യത്തെ കൃഷിക്കാര്‍ അവരുട കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ല എന്നതിന്റെ പേരില്‍നിരാശരായി ആത്മഹത്യ ചെയ്യുന്നു. ലക്ഷകണക്കായ കൃഷിക്കാര്‍ ആത്മഹത്യ ചെയ്തപ്പോള്‍ അതിന് പരിഹാരം കര്‍ഷകന്റെ ഉല്‍പ്പനങ്ങള്‍ക്ക് ന്യായ വില ലഭിക്കാന്‍ കൃഷി ചിലവിന്റെ 150 ശതമാനം നല്‍കി അത് സംഭരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് 2014 ല്‍ പറഞ്ഞത്. ഈ വാഗ്ദാനം നടപ്പിലാക്കതെ 2019 ലെ ബജറ്റിലും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.

അഞ്ച് വര്‍ഷക്കാലം അധികാരത്തില്‍ ഇരുന്നിട്ട് ചെറുവിരലനക്കാനോ അതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സാധിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ബജറ്റിലെ പരാമര്‍ശം. 200 ഓളം കര്‍ഷക സംഘടനകള്‍ പാര്‍ലമെന്‍റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഇവിടെ ഉയര്‍ന്ന പ്രതിഷേധ സ്വരം കോടിക്കണക്കിന് കര്‍ഷകരുടെ സ്വരമാണിത്. ജനുവരി 8, 9 തീയ്യതികളില്‍ നടന്ന 22 കോടി തൊഴിലാളികള്‍ പങ്കെടുത്ത 48 പണിക്കൂര്‍ പണിമുടക്കും വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുരോഗമന വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപകരും നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചും കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെയുള്ള പോരാട്ടങ്ങളാണ്.
ഒരു ഭാഗത്ത് ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളും മറ്റൊരു ഭാഗത്ത് നരേന്ദ്രമോഡിയുടെ ഭരണകൂടവും ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ നയമാറ്റത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തപ്പെടുത്താന്‍.

സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുന്ന സാമ്പത്തിക നീതി അവസനാപ്പിക്കാനും ഈ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ കൗണ്‍സിലംഗം മന്ത്രി ഇ ചന്ദ്രശേഖരന്‍ പൊടോര കുഞ്ഞിരാമന്‍ നായയരുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിച്ചു. ചടങ്ങില്‍ സ്മാരക നിര്‍മ്മാണ കമ്മറ്റി പ്രസിഡണ്ട് കെ എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സി പി ബാബു സ്വാഗതം പറഞ്ഞു.