തര്‍ക്കം രൂക്ഷം; കോണ്‍ഗ്രസ് പട്ടിക ആദ്യമായി രണ്ടുഘട്ടത്തില്‍

Web Desk
Posted on March 16, 2019, 11:05 pm

ന്യൂഡല്‍ഹി: തമ്മിലടിക്ക് കളമൊരുക്കി ആലപ്പുഴ, ആറ്റിങ്ങല്‍, വയനാട്, വടകര ഒഴികെ 12 ഇടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയായി. രാത്രി വൈകി അവസാനിച്ച സ്‌ക്രീനിങ് കമ്മിറ്റി പരിഗണിച്ച പട്ടികയില്‍നിന്ന് എറണാകുളം എംപി കെ വി തോമസ് പുറത്തായി. പരാജയഭീതിയില്‍ സിറ്റിങ് എംപിമാരായ മുല്ലപ്പിള്ളി രാമചന്ദ്രനും കെ സി വേണുഗോപാലും ഉള്‍പ്പെടെ മത്സരത്തില്‍ നിന്നൊഴിഞ്ഞുമാറി. കേരള രാഷ്ട്രീയമാണ് താല്‍പര്യമെന്നറിയിച്ച ഉമ്മന്‍ചാണ്ടിയും മത്സരത്തില്‍ നിന്ന് പിന്മാറി.
തിരുവനന്തപുരം: ശശി തരൂര്‍, മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കി: ഡീന്‍ കുര്യാക്കോസ്എറണാകുളം: ഹൈബി ഈഡന്‍, ചാലക്കുടി: ബെന്നി ബഹനാന്‍, തൃശൂര്‍: ടി എന്‍ പ്രതാപന്‍, പാലക്കാട്: വി കെ ശ്രീകണ്ഠന്‍, ആലത്തൂര്‍: രമ്യ ഹരിദാസ്, കോഴിക്കോട്: എം കെ രാഘവന്‍, കണ്ണൂര്‍: കെ സുധാകരന്‍, കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരടങ്ങിയ പട്ടികയാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് മറനീക്കി പുറത്തുവരും വിധമാണ് സ്ഥാനാര്‍ഥി നിര്‍ണയവും നാല് സീറ്റിലെ രൂക്ഷമായ തര്‍ക്കവും. തമ്മിലടി പതിവാണെങ്കിലും ചരിത്രത്തിലാദ്യമായാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഒറ്റഘട്ടത്തില്‍ പ്രഖ്യാപിക്കാന്‍ സാധിക്കാതിരുന്നത്. സീറ്റുനിര്‍ണയത്തിന്റെ കാര്യത്തിലോ ഉമ്മന്‍ചാണ്ടിയുമായോ യാതൊരു തര്‍ക്കങ്ങളുമില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റിക്കുശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Read this also

ജനഹൃദയങ്ങളെ ഇളക്കിമറിച്ച് പി പി സുനീര്‍

എന്നാല്‍ വയനാട് സീറ്റിനെ ചൊല്ലി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നാണ് സൂചന. വയനാട് ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റാണെന്നും ഷാനിമോള്‍ ഉസ്മാനെയോ കെ പി അബ്ദുള്‍ മജീദിനെയോ അവിടെ മത്സരിപ്പിക്കണമെന്നും ചെന്നിത്തല വാദിച്ചു. അതേസമയം, വയനാട് ടി സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ തീരുമാനമെടുക്കാനായില്ല.
ആന്ധ്രയിലായതിനാല്‍ ഉമ്മന്‍ചാണ്ടിയുമായി കൂടുതല്‍ ചര്‍ച്ച വേണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. വയനാട് സീറ്റിന്റെ കാര്യത്തില്‍ ധാരണയായ ശേഷം മതി ആലപ്പുഴയിലെയും ആറ്റിങ്ങലിലെയും പ്രഖ്യാപനമെന്ന നിലപാടാണ് ഇരുഗ്രൂപ്പുകളുടെയും നിലപാട്. വയനാട് സിദ്ധിഖിന് നല്‍കിയാല്‍ ആലപ്പുഴയില്‍ ഷാനിമോളെയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

വടകരയില്‍ പ്രമുഖരെ തഴഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചുവെന്നതിന്റെ പേരില്‍ വിദ്യ ബാലകൃഷ്ണനെ മത്സരിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനെതിരെ പ്രാദേശികതലം മുതല്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് ഇവിടെയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത്.
അതേസമയം, സീറ്റ് നിഷേധിച്ചതില്‍ മുതിര്‍ന്ന നേതാവ് കെ വി തോമസ് പ്രതിഷേധമറിയിച്ചു. ഒരു സുപ്രഭാതത്തില്‍ ആകാശത്തുനിന്ന് പൊട്ടിവീണ ആളല്ല താനെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. എന്തുതെറ്റാണ് താന്‍ ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കണം. പ്രായമായെന്നത് ഒരു തെറ്റായി കാണുന്നില്ല. ഏഴ് തവണ എറണാകുളത്തുനിന്ന് വിജയിച്ചുവെന്നതും തെറ്റല്ല. ഒരു ഗ്രൂപ്പിന്റെയും ആളാവാതെ നിന്നതുകൊണ്ടാണോ സീറ്റ് നിഷേധിച്ചതെന്നറിയില്ല. ചെറിയൊരു സൂചന പോലും നല്‍കാതെ അപ്രതീക്ഷിതമായി തന്നെ ഒഴിവാക്കിയത് മോശമായെന്നും കെ വി തോമസ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ഇനിയും ജനങ്ങളോടൊപ്പം തുടരുമെന്ന് പറഞ്ഞ കെ വി തോമസ് കോണ്‍ഗ്രസില്‍ തുടരുമോ എന്ന് വ്യക്തമായി പറഞ്ഞതുമില്ല.

You may like this