സ്വന്തം ലേഖിക

കണ്ണൂര്‍

January 16, 2021, 7:53 pm

പ്രളയകാലത്ത് വീട് വെച്ച് നല്‍കുമെന്ന് പറഞ്ഞ് പാവങ്ങളൈ വഞ്ചിച്ച കോണ്‍ഗ്രസിന്റെ മറ്റൊരു അടവാണ് ആറായിരം രൂപ സഹായം-പന്ന്യന്‍ രവീന്ദ്രന്‍

Janayugom Online

നമ്മുടെ രാജ്യത്ത് സമ്പന്നര്‍ക്ക് വേണ്ടി സമ്പന്നരുടെ ആശ്രിതന്‍മാര്‍ ഭരിക്കുന്ന സര്‍ക്കാരാണുള്ളതെന്നും അതു കൊണ്ടാണ് കോവിഡ് മഹാമാരി സമയത്ത് മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാന്‍ സൂത്രത്തില്‍ ജനവിരുദ്ധനയങ്ങള്‍ ഒന്നൊന്നായി അടിച്ചേല്‍പ്പിക്കുന്നതെന്നും സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംയുക്ത കര്‍ഷക സമിതി നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ നടന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്നലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ഓരോ ചര്‍ച്ചയിലും കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ശരിവെക്കുന്ന കേന്ദ്രസര്‍ക്കാര്‍ പക്ഷെ നിയമം പിന്‍വലിക്കുവാന്‍ തയ്യാറാകുന്നില്ല. പകരം നിയമം നടപ്പിലാക്കിയതിന് ശേഷം കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നാണ് പറയുന്നത്. വാഗ്ദ്ധാനങ്ങള്‍ നല്‍കി വഞ്ചിച്ച മോദി സര്‍ക്കാരിനെ രാജ്യത്തെ ജനങ്ങള്‍ ഇനി വിശ്വസിക്കില്ല. അധികാരത്തിലേറുമ്പോള്‍ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ നടപ്പാക്കിയില്ല. നോട്ട് നിരോധനം കൊണ്ടുവന്നപ്പോള്‍ അമ്പത് ദിവസം കൊണ്ട് കൊള്ളപ്പണം നാട്ടില്‍ നിന്നും പോകും അത് വരെ സഹിക്കണമെന്നാണ് മോദി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തികമേഖലക്ക് വലിയ തിരിച്ചടിയുണ്ടാകുകയും ചെറുകിട കച്ചവടങ്ങള്‍ തകര്‍രുകയും ചെയ്തു. ഇതിനെകുറിച്ച് പിന്നീടൊന്നും കേന്ദ്രസര്‍ക്കാരിന് പറയാനുണ്ടായിരുന്നില്ല. മോദിസര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അങ്ങേയറ്റം ദുരിതമനുഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ 100 മുതലാളിമാരുടെ പട്ടികയില്‍ പോലും സ്ഥാനമില്ലാത്ത അദാനി രാജ്യത്തെ പ്രധാന അമ്പത് മുതലാളിമാരുടെ പട്ടികയില്‍ ഇടം പിടിച്ചു. മോദി ഭരണത്തില്‍ അദാനിയുണ്ടാക്കിയത് കോടിക്കണക്കിന് ലാഭമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. പാവപ്പെട്ട കുടുംബത്തില്‍ നിന്നും വന്ന നരേന്ദ്രമോദിക്ക് പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാകുമെന്ന് വിശ്വസിച്ചിരുന്ന പലര്‍ക്കും പാവപ്പെട്ടവരെ ദ്രോഹിച്ച ഇങ്ങനെയൊരു ഭരണാധികാരി രാജ്യത്തെ ചരിത്രത്തിലിന്നേവരെയുണ്ടായിട്ടില്ലെന്നത് വ്യക്തമായി. രാജ്യത്തെ ഭിന്നിപ്പിച്ചുഭരിക്കുകയെന്ന ബ്രിട്ടീഷ് തത്വശാസ്ത്രത്തെ ഏറ്റവും സൂത്രത്തില്‍ നടപ്പിലാക്കുകയാണ് മോദി സര്‍ക്കാര്‍. അതിന് വേണ്ടിയാണ് അവര്‍ നമ്മുടെ രാജ്യത്തിന്റെ ഭദ്രദക്ക് വേണ്ടിയുണ്ടാക്കിയ നിയമങ്ങളെല്ലാം മാറ്റി ഒറ്റനിയമം മതിയെന്ന അഭിപ്രായം മുന്നോട്ട് വെക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ കാര്‍ഷിക കരിനിയമം പാസായാല്‍ കേരളത്തിന്റെ അന്നവും മുട്ടും. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി എല്‍ ഡി എഫ് സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ നിയമം പാസാകുന്നതോടെ കാര്‍ഷികഉത്പന്നങ്ങള്‍ക്ക് തറവിലനിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അവകാശം സംസ്ഥാനസര്‍ക്കാരിന് നഷ്ടമാകും. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ഭരിക്കുന്ന ജനകീയ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആറായിരം രൂപ നല്‍കുമെന്നാണ് യു ഡി എഫ് പറയുന്നത്. പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട 1000 പേര്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി പണം പിരിച്ച് അതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നില്ലെന്ന് മാത്രമല്ല ഒരു വീടുപോലും വെക്കാത്തവരാണ് വീണ്ടും വാഗ്ദ്ധാനങ്ങളുമായി ഇപ്പോള്‍ രംഗത്തിറങ്ങുന്നത്. പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. കേരളത്തിനെ ദൈവത്തിന്റെ സ്വന്തം നാടാക്കിയതിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരുടെ ത്യാഗമുണ്ടെന്നും അതില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സംയുക്തകര്‍ഷകസമിതി ജില്ലാ കണ്‍വീനര്‍ വത്സന്‍ പനോളി സ്വാഗതം പറഞ്ഞു. കിസാന്‍സഭ ജില്ലാവൈസ് പ്രസിഡന്റ് കെ വി ഗോപിനാഥ് സ്വാഗതം പറഞ്ഞു.കിസാന്‍സഭ ദേശീയ കൗണ്‍സിലംഗം എ പ്രദീപന്‍, കെ ശശിധരന്‍, എം മോഹനന്‍, കെ പി സദു മാസ്റ്റര്‍, എ സതി, എം രാഘവന്‍ മാസ്റ്റര്‍, കെ ഭാസ്‌കരന്‍ മാസ്റ്റര്‍, കണ്ണാടിയന്‍ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.