Saturday
25 May 2019

മൂന്ന് കുഞ്ഞന്മാരുടെ തന്നിഷ്ടക്കളി

By: Web Desk | Tuesday 12 June 2018 10:35 PM IST


kerala congress and Congress

karyavicharam

സംസ്ഥാന കോണ്‍ഗ്രസിലെ ഇപ്പോഴത്തെ കലാപത്തിനുകാരണക്കാരനായ ഉമ്മന്‍ചാണ്ടി കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലും കെപിസിസി നേതൃയോഗത്തിലും പങ്കെടുക്കാതെ ഹൈദരാബാദിലേക്ക് വിമാനം കയറിയിരിക്കുന്നു. രാജ്യസഭാ സീറ്റ് കെ എം മാണിയുടെ മകന് ദാനം ചെയ്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പടയൊരുക്കം ഉയര്‍ത്തി അണികള്‍ മുന്നേറുന്നു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അണികള്‍ ശവപ്പെട്ടിയൊരുക്കുന്നു; ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളില്‍ മുസ്‌ലിംലീഗ് പതാക കെട്ടുന്നു.
ഡല്‍ഹിയില്‍ അരങ്ങേറിയത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ പാലായിലേക്ക് നടത്തിയ തീര്‍ഥാടന യാത്രയില്‍ തയാറാക്കിയ തിരക്കഥ നടപ്പാക്കലായിരുന്നു. മാണി പിന്തുണച്ചിട്ടും ചെങ്ങന്നൂരില്‍ യുഡിഎഫ് തോറ്റുതുന്നംപാടി. മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ ചെങ്ങന്നൂരില്‍ ഇടത് ജനാധിപത്യ മുന്നണിക്ക് വിജയിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ചുപറഞ്ഞത് സിപിഐയാണ്. കെ എം മാണിയുടെ ബാര്‍കോഴക്കേസ് ഉള്‍പ്പെടെയുള്ള യുഡിഎഫ് അഴിമിതക്കെതിരെ നടത്തിയ എല്‍ഡിഎഫ് പോരാട്ടങ്ങളുടെ ഉല്‍പന്നമാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍. അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരെ ഇടതുജനാധിപത്യമുന്നണി നടത്തിക്കൊണ്ടിരിക്കുന്ന സന്ധിയില്ലാസമരത്തിന് ചെങ്ങന്നൂരിലെ ജനങ്ങള്‍ കയ്യൊപ്പ് ചാര്‍ത്തുകയായിരുന്നു; റിക്കാര്‍ഡ് ഭൂരിപക്ഷം സജി ചെറിയാന് നല്‍കിക്കൊണ്ട്.
തങ്ങളില്‍ ഒരാളെ രാജ്യസഭയില്‍ എത്തിക്കണമെന്ന് പറഞ്ഞ് പടയോട്ടവുമായെത്തിയ യുവതുര്‍ക്കികളുടെ കഥയില്‍ ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ വില്ലന്റെ റോളാണ്. സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനകത്ത് വ്യവസ്ഥാപിതമായ ഒരു ചര്‍ച്ചയും നടന്നില്ല എന്നതാണ് യുവ എംഎല്‍എമാര്‍ അടിവരയിട്ട് ആവര്‍ത്തിക്കുന്ന ഒരു വിഷയം. പ്രത്യേകിച്ച് കെപിസിസി എക്‌സിക്യൂട്ടീവിലോ രാഷട്രീയകാര്യ സമിതിയിലോ നിയമസഭാ കക്ഷിയിലോ വിഷയം പരിഗണിച്ചില്ലത്രേ. അണിയറയില്‍ മൂന്ന് കുഞ്ഞന്മാര്‍- കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പ- ചേര്‍ന്നൊരുക്കിയ പദ്ധതിയാണ് നടപ്പായതെന്നാണ് അകത്തും പുറത്തുമുള്ള സംസാരം.
മൂന്നു മക്കള്‍ക്ക് വേണ്ടിയാണ് കുഞ്ഞന്മാര്‍ ഒത്തുചേര്‍ന്നതെന്നും സംസാരമുണ്ട്. കോട്ടയം ലോക്‌സഭാ സീറ്റ് ഇടുക്കി ലോക്‌സഭാ സീറ്റുമായി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും വച്ചുമാറുന്നു. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുന്നു. ജയിച്ചാല്‍ ജോസഫിന്റെ മകനെ തൊടുപുഴ നിയമസഭാ സീറ്റില്‍ മത്സരിപ്പിക്കാം. മൂന്നാമത്തെ മകന്‍, കെ എം മാണിയുടെ പുത്രന്‍ ജോസ് കെ മാണി രാജ്യസഭാ സീറ്റ് ഉറപ്പിച്ചു. മറ്റ് രണ്ട് മക്കളുടെ കാര്യം കണ്ടുതന്നെ അറിയണം.
1995 ല്‍ കെ കരുണാകരനെ ഡല്‍ഹിക്ക് കെട്ടുകെട്ടിക്കാനും 2005 ല്‍ എ കെ ആന്റണിയെ നാടുകടത്താനും 2011 ല്‍ രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാതിരിക്കാനും ഉമ്മന്‍ചാണ്ടി കൂട്ടുപിടിച്ചത് കുഞ്ഞാലിക്കുട്ടിയെ തന്നെയായിരുന്നു. 1994 ല്‍ കെ കരുണാകരന്റെ കാലത്ത് ഇപ്പോഴത്തേതിന് സമാന സ്വഭാവം ഉണ്ടായപ്പോള്‍ ഘടകകക്ഷിയായ മുസ്‌ലിം ലീഗിന് സീറ്റ് നല്‍കിയതിനെതിരേ ധനമന്ത്രിസ്ഥാനം രാജിവച്ച് പ്രതിഷേധിച്ച ഉമ്മന്‍ചാണ്ടിയെ ഓര്‍ക്കുക. എ, ഐ ഗ്രൂപ്പുകളുടെ തമ്മിലടിയെ തുടര്‍ന്ന് അന്ന് കരുണാകരന്‍ സീറ്റ് ലീഗിന് വിളിച്ചുനല്‍കുകയായിരുന്നു. ലീഗിന്റെ അബ്ദുസമദ് സമദാനി ഇതുവഴി രാജ്യസഭയിലെത്തി. എ ഗ്രൂപ്പിലെ ഡോ. എം എ കുട്ടപ്പനാണ് ഈ കളിയില്‍ നഷ്ടമുണ്ടായത്.
കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്ക് വരണമെന്നത് കോണ്‍ഗ്രസ് ആഗ്രഹിച്ച കാര്യമാണ്. മാണിയെ തിരികെയെത്തിക്കാന്‍ കുതന്ത്രശാലിയായ കുഞ്ഞാലിക്കുട്ടിയെയാണ് യുഡിഎഫ് നേതൃത്വം ചുമതലപ്പെടുത്തിയതും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി പിന്തുണ നല്‍കിയിട്ടും ജയമുണ്ടായില്ലെങ്കിലും മാണിക്കു നല്‍കിയ വാക്കുകള്‍ മുന്നണി പാലിക്കേണ്ടതുണ്ട്. കൂടാതെ ലീഗിന് മുന്നണിയിലുള്ള സ്വാധീനവും മറക്കാന്‍ പാടില്ല. ബാര്‍കോഴക്കേസ് മുതല്‍ ഇതുവരെ കുഞ്ഞാലിക്കുട്ടി മാണിയെ തള്ളിപ്പറഞ്ഞിട്ടില്ല.
നിയമസഭയിലെ കണക്കെടുക്കുമ്പോള്‍ കോണ്‍ഗ്രസിന് പേടിക്കേണ്ടതുണ്ട്. നിലവിലെ സഭയില്‍ കോണ്‍ഗ്രസ് -22, മുസ്‌ലിംലീഗ് -18, കേരള കോണ്‍ഗ്രസ്-എം- ആറ് എന്നിങ്ങനെയാണ് അംഗസംഖ്യ. ഇതില്‍ ലീഗും കേരള കോണ്‍ഗ്രസും ചേര്‍ന്നാല്‍ 24 ആയി. നിലവിലെ യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പുതന്നെ ലീഗിനെ ആശ്രയിച്ചാണ് എന്നര്‍ഥം. ലീഗും മാണി കേരളാ കോണ്‍ഗ്രസും ഒരു മുന്നണിയായാല്‍ കോണ്‍ഗ്രസ് പുറത്താവും. ഇനി രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യം പരിശോധിച്ചാലും സമാനസ്ഥിതിയാണുള്ളത്. 140 പേരുള്ള നിയമസഭയില്‍ മൂന്ന് ഒഴിവുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ടത് 36 വോട്ടാണ്. 91 പേരുള്ള എല്‍ഡിഎഫിന് രണ്ടുപേരെ എളുപ്പത്തില്‍ ജയിപ്പിക്കാന്‍ സാധിക്കും. 19 വോട്ട് അധികവുമുണ്ട്. മൂന്നാമത്തെ സീറ്റ് കോണ്‍ഗ്രസിനു ജയിക്കണമെങ്കില്‍ ലീഗ് വോട്ട് അനിവാര്യമാണ്.
യുഡിഎഫ് വിട്ടുപോകാനായി കെ എം മാണി ഉന്നയിച്ച എല്ലാ സാഹചര്യവും ഇന്നും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ബാന്ധവത്തിന്റെ കാര്യകാരണങ്ങള്‍ അണികളോട് വിശദീകരിക്കാന്‍ മാണി നിര്‍ബന്ധിതനാവും. 2016 ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) നേതൃക്യാമ്പാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്. ”ബാര്‍ കോഴക്കേസിലൂടെ കോണ്‍ഗ്രസ് മുന്നില്‍ നിന്നും പിന്നില്‍നിന്നും കുത്തിയെന്നും തന്റെ രക്തത്തിനായി കോണ്‍ഗ്രസ് നേതൃത്വം കാത്തിരിക്കുകയാണെന്നും” ആയിരുന്നു മാണി അന്ന് തുറന്നടിച്ചത്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഐഎം പിന്തുണ വാങ്ങിയ പാര്‍ട്ടിയാണ് മാണിയുടെ പാര്‍ട്ടി. നിരവധി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സിപിഐഎമ്മിനെ പിന്തുണച്ചും സിപിഐഎം പിന്തുണ സ്വീകരിച്ചും കോണ്‍ഗ്രസിനെ മാണി ഗ്രൂപ്പുകാര്‍ തോല്‍പിച്ചു.
ഇപ്പോള്‍ യുഡിഎഫിലേക്ക് എന്തിനുതിരിച്ചുവന്നു എന്നതിനുള്ള മാണിസാറിന്റെ ഉത്തരമാവും രാജ്യസഭാസീറ്റ്. അതേസമയം, മാണിക്ക് പൊതുജനങ്ങള്‍ക്കായി മറ്റ് പലതു കൂടി വിശദീകരിക്കേണ്ടിവരും. മുന്നണിവിടാനായി തയാറാക്കിയ ചരല്‍ക്കുന്ന് പ്രമേയത്തിലെ രാഷ്ട്രീയ നിലപാട് മയപ്പെടുത്താനിടയാക്കിയ സാഹചര്യമാണ് അതിലൊന്ന്. യുഡിഎഫ് വിട്ടപ്പോള്‍ പറഞ്ഞ പിന്നില്‍ നിന്ന് തന്നെ കുത്തിയ കോണ്‍ഗ്രസ് നേതാവ് ആരാണെന്നതാണ് രണ്ടാമത്തേത്. ഇതിലൊന്നും തീരുമാനമാവാതെ മുറിഞ്ഞുപോയ ബന്ധം പുനരാരംഭിക്കാനുള്ള നിലപാടിനെതിരായ ചോദ്യങ്ങള്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നെങ്കിലും ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല.
മുമ്പും ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയത് സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയത് മതിയായ കൂടിയാലോചന നടത്തിയ ശേഷമായിരുന്നു. ഇത് കെപിസിസി എക്‌സിക്യൂട്ടീവില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അനുമതി വാങ്ങുകയും ചെയ്തിരുന്നു. എം പി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് ജെഡിയുവുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ പുറത്തായിരുന്നു. മുന്നണിക്കുള്ളിലെ ഘടകകക്ഷികള്‍ തമ്മില്‍ ഇത്തരം ധാരണ സ്വാഭാവികമാണ്. അത്തരം മര്യാദകള്‍ മാണിവിഷയത്തില്‍ ഇല്ലാതായത് എന്തുകൊണ്ടെന്ന ചോദ്യത്തിനായിരിക്കും മാണിയും ഉമ്മന്‍ചാണ്ടിയും മറുപടി പറയേണ്ടിവരിക. കോണ്‍ഗ്രസില്‍ മാത്രമല്ല മുസ്‌ലിംലീഗിനകത്തും പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസിനു സീറ്റു വാങ്ങിക്കൊടുത്തിട്ട് ലീഗിന് എന്തുനേട്ടമെന്ന ചോദ്യമാണ് ഉയരുന്നത്. അതിന് ന്യായയുക്തമായ മറുപടി പറയാന്‍ കുഞ്ഞാലിക്കുട്ടിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. മുസ്‌ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.
കേരള കോണ്‍ഗ്രസ് (എം)ന് രാജ്യസഭാ സീറ്റ് ദാനം ചെയ്തത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിക്കുന്ന വ്യക്തി കെപിസിസി പ്രസിഡന്റ് ആകട്ടെ. യുഡിഎഫ് കണ്‍വീനര്‍ കുഞ്ഞാലിക്കുട്ടി തന്നെ ആകട്ടെ. അങ്ങനെയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് രക്ഷപ്പെടട്ടെ!

Related News