മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ പിന്തുണയ്ക്കില്ല

Web Desk
Posted on November 05, 2019, 11:26 am

മുംബൈ: മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സൂചന. കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം.

മഹാരാഷ്ട്രയിൽ അധികാരം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി സേനയും ബിജെപിയും തമ്മിൽ നടക്കുന്ന വടംവലിയുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ തീരുമാനം.

ഇന്നലെ വൈകിട്ട് മഹാരാഷ്ട്രിലെ കോൺഗ്രസ് സഖ്യകക്ഷിയായ എൻസിപിയുടെ അധ്യക്ഷൻ ശരദ്പവാറുമായി സോണിയ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സേനയുമായി സഖ്യമുണ്ടാക്കിയാൽ ബിജെപി അധികാരത്തിൽ വരുന്നത് തടയാനാകുമെന്ന് പവാർ സൂചിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ സോണിയ പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. ചർച്ചകൾ തുടരുമെന്നാണ് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അതിനർഥം അനുകൂല തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്ന് തന്നെയാണ്.

മുഖ്യമന്ത്രി പദം സംബന്ധിച്ചാണ് സേന‑ബിജെപി തർക്കം. രണ്ടര വർഷം വീതം ഇരുപാർട്ടികളും മാറി മാറി മുഖ്യമന്ത്രി പദം കയ്യാളണമെന്നാണ് സേനയുടെ നിർദേശം. എന്നാൽ ഇതിന് ബിജെപി തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ എൻസിപി അടക്കമുള്ള കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ് അവർ.

സേനയുടെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചാണ് ചർച്ച നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. റാവത്ത് താനുമായി കൂടിക്കാഴ്ച നടത്തിയതായി ശരദ്പവാറിന്റെ അനന്തരവൻ അജിത് പവാറും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ പല നേതാക്കളും സേനയ്ക്ക് പിന്തുണ നൽകുന്നതിൽ അനുകൂല നിലപാട് കൈക്കൊണ്ടപ്പോൾ സോണിയ വളരെ മാന്യമായി വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സേന‑ബിജെപി തർക്കം അവരുടെ ആഭ്യന്തര കാര്യമാണെന്നാണ് പവാറിന്റെ നിലപാട്. തങ്ങൾക്ക് അവർ യാതൊരു ഉറപ്പും തന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ രൂപീകരിക്കാന്‍ മതിയായ ഭൂരിപക്ഷം ഇല്ലത്തതിനാൽ പ്രതിപക്ഷത്ത് ഇരിക്കാൻ തയാറാണെന്നും പവാർ വ്യക്തമാക്കിയിട്ടുണ്ട്.