കോണ്‍ഗ്രസ് വിതച്ചത് ബിജെപി കൊയ്യുന്നു

Web Desk
Posted on July 17, 2019, 10:09 pm

മഹനീയമെന്നു നാം കരുതുന്ന ജനാധിപത്യ സംവിധാനത്തെ പരിഹാസ്യമാക്കുന്ന അസംബന്ധ നാടകങ്ങളിലൂടെയാണ് കന്നഡ രാഷ്ട്രീയം കടന്നുപൊയ്‌കൊണ്ടിരിക്കുന്നത്. 13 മാസം മാത്രം പ്രായമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഭരണസഖ്യവും വീഴ്ത്താന്‍ ബിജെപിയും നടത്തുന്ന നാണംകെട്ട ഉപായങ്ങള്‍ അങ്ങേയറ്റം ജുഗുപ്‌സാവഹമായ സാഹചര്യത്തിലേക്കെത്തിയിരിക്കുകയാണ്. ചന്തയിലെ കന്നുകാലികളെ തെളിച്ചുകൊണ്ടുപോകുന്ന ലാഘവത്തോടെ റിസോര്‍ട്ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് രാഷ്ട്രീയ മാനേജര്‍മാര്‍ എംഎല്‍എമാരെ കടത്തുന്നത് ബൂര്‍ഷ്വാരാഷ്ട്രീയത്തിന്റെ ജീര്‍ണ്ണമുഖം അനാവരണം ചെയ്യുന്നു. ഈ ദുരന്തത്തിന്റെ പിന്നിലെ ‘റിമോര്‍ട്ട് കണ്‍ട്രോള്‍’ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിന്റെ കൈകളിലാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ക്ലൈമാക്‌സില്‍ ഇതിന്റെ ഗുണഭോക്താക്കള്‍ അവരാണല്ലോ.
കേരളത്തിലെ ഒരു ചാനല്‍ ഉടമസ്ഥനായ ബിജെപിയുടെ രാജ്യസഭാ എംപിയുടെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് വിമത എംഎല്‍എമാരെ ബോംബെയിലെ ഹോട്ടലില്‍ എത്തിച്ചത്. അവിടെ അവരുടെ സംരക്ഷണച്ചുമതല മഹാരാഷ്ട്രയിലെ യുവമോര്‍ച്ച അധ്യക്ഷന്‍ മോഹിത് ഭട്ടാചാര്യക്കാണെന്ന് വ്യക്തമായിട്ടുണ്ട്. ഞങ്ങള്‍ക്കിതില്‍ ഒരു പങ്കുമില്ലെന്നും, വെറും കാഴ്ചക്കാരാണെന്നും ഭാവിക്കുന്ന സംഘപരിവാരത്തിന്റെ ‘ഓപ്പറേഷന്‍ താമര’യുടെ തെക്കേ ഇന്ത്യയിലെ പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയുടെ നേതാവ് യെദ്യുരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ ഒത്താശ ചെയ്തിട്ടും ‘ഏക്ദിന്‍കാ സുല്‍ത്താനാ‘യി പുറത്തു പോകേണ്ടിവന്ന യെദ്യൂരപ്പയുടെ ജാള്യത്തിനു പരിഹാരം കാണുമോയെന്ന് ഈ നാടകത്തിന്റെ ക്ലൈമാക്‌സ് വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

കര്‍ണാടകത്തിനു പിന്നാലെ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ച് കൂട്ടത്തോടെ ബിജെപി പാളയത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു. സംഘപരിവാരത്തിന്റെ വര്‍ഗീയ ഫാസിസത്തിനെതിരെ ഏതറ്റം വരെയും പോരാടുമെന്ന് വീമ്പിളക്കുന്ന മതേതര കോണ്‍ഗ്രസിന്റെ ഘടാഘടിയന്മാരായ നിയമസഭാ സാമാജികരാണ് പടലയോടെ പൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് തെലങ്കാനയിലെ 18 അംഗ കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ 12 എംഎല്‍എമാര്‍ ടിആര്‍എസില്‍ ലയിച്ചുവെന്ന വാര്‍ത്ത നാം കേള്‍ക്കുകയുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പ്
കോണ്‍ഗ്രസില്‍ നിന്നും ബിജെപി പാളയത്തിലേക്ക് ചാടിയ നേതാക്കളുടെ എണ്ണത്തിന് കയ്യും കണക്കുമില്ല. മുന്‍ മുഖ്യമന്ത്രിമാരും എഐസിസി വക്താവും ഉള്‍പ്പെടെ ധാരാളം പേര്‍ കഴിഞ്ഞ ലോക്‌സഭയിലെ ബിജെപി മെമ്പര്‍മാരില്‍ 92 പേരും മുന്‍ കോണ്‍ഗ്രസുകാരാണത്രെ. ചുരുങ്ങിയ വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപി കൂടാരത്തിലെത്തി. എന്തിനേറെപ്പറയുന്നു, രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ പരാജയത്തെകുറിച്ച് പഠിക്കാന്‍ ഏല്‍പിച്ച മൂന്നംഗ അന്വേഷണസമിതിയും ബിജെപിയിലെത്തി.
പണത്തിന്റെയും കേന്ദ്ര ഭരണാധികാരത്തിന്റെയും പിന്‍ബലത്തില്‍ ബിജെപി നടത്തുന്ന കാലുമാറ്റകച്ചവടത്തിന്റെ തുടക്കം കോണ്‍ഗ്രസില്‍ നിന്നാണ്. നാലഞ്ച് പതിറ്റാണ്ട് രാജ്യം അടക്കിവാണ കോണ്‍ഗ്രസാണ് ഈ ജീര്‍ണസംസ്‌കാരത്തിന് തുടക്കം കുറിച്ചത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത നിരവധി മന്ത്രിസഭകളെ അട്ടിമറിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്ത കോണ്‍ഗ്രസിന് ആ പാപക്കറകളില്‍ നിന്നും കൈകഴുകാന്‍ എളുപ്പം കഴിയില്ല. കര്‍ണാടത്തിലെ കൂറുമാറ്റ നാടകം പുതിയ ഒന്നല്ല. ജനതാപാര്‍ട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്ഡയെ അട്ടിമറിച്ചത് സാക്ഷാല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സന്ദര്‍ഭത്തിലാണ്. ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ കുത്തക അവസാനിപ്പിച്ച എന്‍ ടി രാമറാവുവിനെ മുഖ്യമന്ത്രിയാക്കാന്‍ നടത്തിയ നീക്കം ചീറ്റിപ്പോയത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്. 1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിരാഗാന്ധി നിരവധി പ്രതിപക്ഷ മന്ത്രിസഭകളെ പിരിച്ചുവിട്ട നടപടി ഫെഡറിലസത്തിന്റെ അന്തഃസത്തയ്‌ക്കെതിരായിട്ടായിരുന്നു. അന്‍പത്തിയേഴില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ്, രാജ്യത്തിന്റെ സമഗ്രാധിപത്യം കയ്യാളിയിരുന്ന കോണ്‍ഗ്രസിന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. കേവല ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ആ സര്‍ക്കാരിനെ തകിടം മറിക്കുന്നതിന് പല കമ്മ്യൂണിസ്റ്റ് എംഎല്‍എമാരെയും പ്രലോഭിപ്പിച്ച് ചാക്കില്‍ കയറ്റാന്‍ നോക്കിയിട്ടും അവര്‍ക്ക് കഴിഞ്ഞില്ല. അവസാനം വലിയ ജനാധിപത്യവാദിയെന്ന് അറിയപ്പെടുന്ന നെഹ്രു വിമോചനസമരത്തിന്റെ പേരില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടത് ഫെഡറലിസത്തിനേറ്റ ആദ്യത്തെ പ്രഹരമായിരുന്നു.
1993ല്‍ നരസിംഹറാവുവിന്റെ ന്യൂനപക്ഷ മന്ത്രിസഭ കാലാവധി പൂര്‍ത്തീകരിച്ചത് കൂറുമാറ്റത്തിന്റെയും കോഴയുടെയും പിന്‍ബലത്തിലായിരുന്നു. മൂന്ന് ജെഎംഎം എം പിമാര്‍ക്ക് നല്‍കിയ കോഴ ലോക്‌സഭയെ പ്രക്ഷുബ്ധമാക്കിയതും ലോകത്തിന്റെ മുന്നില്‍ നാണം കെടുത്തിയതും കോണ്‍ഗ്രസിന്റെ ഭരണത്തിന്‍ കീഴിലാണ്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ സന്ദര്‍ഭത്തിലാണ് കൂറുമാറ്റം തകൃതിയായി നടക്കുന്നത്. പിന്നീട് കോണ്‍ഗ്രസിനുതന്നെ വിനയായി മാറുന്ന സാഹചര്യത്തിലേക്കെത്തി. അങ്ങനെയാണ് കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. സ്വന്തം കൂടാരത്തിലുള്ളവരെ പിടിച്ചുനിര്‍ത്താനാണ് യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു നിയമം പടച്ചുണ്ടാക്കിയത്.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സന്ദര്‍ഭത്തിലാണ് നിയമം പാസാക്കുന്നത്. 52-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍പ്പെടുത്തി നിയമം പാസാക്കി. കോടതികളുടെ കൈകടത്താന്‍ ഇല്ലാത്ത തരത്തിലാണ് നിയമം പാസാക്കിയതെങ്കിലും സുപ്രീം കോടതി അത് റദ്ദ് ചെയ്തു. എന്നാല്‍ നിയമത്തിന്റെ പഴുതിലൂടെ ഒട്ടനവധി പേര്‍ അയോഗ്യതയില്‍ നിന്നും കുതറിപ്പോന്ന ചരിത്രമാണുള്ളത്. 1985 മുതല്‍ 2005 വരെയുള്ള കാലയളവില്‍ രണ്ട് പതിറ്റാണ്ടിനിടയില്‍ കേവലം 123 പേര്‍ മാത്രമാണ് അയോഗ്യരാക്കപ്പെട്ടതായി പഠനം വ്യക്തമാക്കുന്നത്. സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ ആയിരിക്കുമ്പോള്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ ജി സി മല്‍ഹോത്ര നടത്തിയ പഠനത്തിലാണ് കൂറുമാറ്റ നിരോധന നിയമം കാര്യമായി പ്രയോജനം ചെയ്യുന്നില്ലെന്ന് മനസിലാക്കുന്നത്. ജീര്‍ണിച്ച ബൂര്‍ഷ്വാരാഷ്ടീയം കൊടികുത്തിവാഴുന്ന ആഗോളവല്‍ക്കരണകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങളേയും ചട്ടക്കൂട്ടിനെയും മറി കടന്ന് ‘രാഷ്ട്രീയ ഭിക്ഷാംദേഹികള്‍’ കൂടുവിട്ട് കൂടുമാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇന്നലെ വരെ കോണ്‍ഗ്രസിലേക്കായിരുന്നുവെങ്കില്‍ ഇന്നത് ബിജെപിയിലേക്കാണെന്നുമാത്രം.
കൂറുമാറ്റനിയമത്തില്‍ അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം നിക്ഷിപ്തമാക്കിയിട്ടുള്ളത് സഭാ അധ്യക്ഷനിലാണ്. അതുകൊണ്ടാണ് കര്‍ണാടകത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകുന്നത്. ചട്ടപ്രകാരമല്ല രാജിക്കത്ത് നല്‍കിയതെന്ന വാദമാണ് സ്പീക്കര്‍ ഉന്നയിക്കുന്നത്. എന്നുമാത്രമല്ല സ്വന്തം ഇഷ്ടപ്രകാരമാണോ രാഷ്ട്രീയപ്രേരിതമാണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു എന്നു അദ്ദേഹം ചോദിക്കുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷകാലത്തിനിടയിലാണ് കൂറുമാറ്റം ഏറ്റവും പ്രോത്സാഹിക്കപ്പെടുന്നത്. ഏത് അധാര്‍മ്മിക മാര്‍ഗം ഉപയോഗിച്ചായാലും അധികാരം ഏറ്റെടുക്കാന്‍ സംഘപരിവാരംആസൂത്രണം ചെയ്ത ‘ഓപ്പറേഷന്‍ താമര’ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്. അയഞ്ഞ ജനാധിപത്യ അടിത്തറയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കൊച്ചുസംസ്ഥാനങ്ങളെ കൈപ്പിടിയിലാക്കുന്ന ബിജെപിയുടെ തന്ത്രം ഏതാണ്ട് വിജയിച്ചിരിക്കുകയാണ്.
ജനാധിപത്യം നിലനില്‍ക്കണമെന്ന വാശിയൊന്നും ബിജെപിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പ്രസിഡന്‍ഷ്യല്‍ ഭരണരീതിയോ ഏകാധിപത്യമോ സ്വപ്‌നം കാണുന്ന സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യം ചീഞ്ഞുനാറണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനാവുന്നതെല്ലാം അവര്‍ ചെയ്യുകയാണ്.