Web Desk

തൃശൂർ

November 22, 2020, 1:43 pm

വിമതരുടെ വെല്ലുവിളിയില്‍ നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്

Janayugom Online

തദ്ദേശ തരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ വിമതര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നട്ടം തിരിയുകയാണ് കോണ്‍ഗ്രസും യുഡിഎഫും. കോര്‍പ്പറേഷനില്‍ പത്തോളം ഡിവിഷനുകളില്‍ കടുത്ത വെല്ലുവിളി സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നേരിടുന്നുണ്ട്. എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിയുമ്പോഴേക്കും പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.

അവസാനം വരെ തര്‍ക്കം നില നിന്ന കിഴക്കുംപാട്ടുകരയില്‍ കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയേലിനെതിരെ കേന്ദ്ര ജീവനക്കാരുടെ സംഘടനാനേതാവ് കെ.ജെ റാഫിയും ഗാന്ധിനഗറില്‍ മുന്‍ മേയര്‍ രാജന്‍ ജെ പല്ലനെതിരെ ബൂത്ത് പ്രസിഡന്റ് ഡേവിഡ് മാളിയേക്കല്‍, ഒ ടി ബേബി എന്നിവരും മത്സരരംഗത്തുണ്ട്. കിഴക്കുമ്പാട്ടുകരയില്‍ സീറ്റിനായി പിടിമുറുക്കിയ ശേഷം നെട്ടിശേരിയിലേക്ക് പോയ ബൈജു വര്‍ഗീസിനെതിരെ നിലവില്‍ ആരും പത്രിക നല്‍കിയിട്ടില്ലെങ്കിലും ഡിവിഷനില്‍ ശക്തമായ എതിര്‍ സ്വരങ്ങളുണ്ട്. 

തൈക്കാട്ടുശേരിയില്‍ സന്ദീപ് സഹദേവനെതിരെ മുന്‍ കൗണ്‍സിലര്‍ കെ എസ് സന്തോഷ്, നടത്തറയില്‍ സന്തോഷിനെതിരെ കിരണ്‍ സി ലാസര്‍, മുക്കാട്ടുകരയില്‍ പി രോഹിണിക്കെതിരെ രേഖ സുരേന്ദ്രന്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്.
രാജന്‍ പല്ലന്‍ നിലവില്‍ മല്‍സരിച്ചിരുന്ന പള്ളിക്കുളത്ത് ഐഎന്‍ടിയുസി നേതാവിന്റെ ഭാര്യയാണ് മത്സരിക്കുന്നത്. ഇവിടെ ഡിസിസി ഭാരവാഹി കെ എല്‍ ഉണ്ണിയുടെ മകളും മല്‍സര രംഗത്തുണ്ട്. സൂക്ഷ്മ പരിശോധന വേളയില്‍ ഇവരില്‍ ഭൂരിഭാഗം പേരും എത്തിയിരുന്നു. തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.