ബേബി ആലുവ

കൊച്ചി

March 17, 2020, 9:57 pm

കുട്ടനാട്ടിൽ കോൺഗ്രസ് പിടിമുറുക്കുന്നു

Janayugom Online

കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള പോര് മൂർച്ഛിപ്പിച്ച് കുട്ടനാട് സീറ്റ് കൈയ്ക്കലാക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടി കോൺഗ്രസ്. മണ്ഡലത്തിൽ വേരുകളില്ലാത്ത കക്ഷിയിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് എസ്എൻഡിപി യൂണിയൻ നേതാവ് വെള്ളാപ്പള്ളി നടേശനെക്കൊണ്ട് ശുപാർശ ചെയ്യിച്ചതിനു പിന്നിൽ ആലപ്പുഴയിലെ ചില കോൺഗ്രസ് നേതാക്കളാണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

വേണ്ട സമയത്ത് യു ഡി എഫ് നേതൃത്വം ആത്മാർത്ഥമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ പി ജെ ജോസഫ് — ജോസ് കെ മാണി വിഭാഗങ്ങൾ പരസ്പരം അങ്കം വെട്ടാനൊരുങ്ങി നിൽക്കുന്ന ഇന്നത്തെ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുകയില്ലായിരുന്നു എന്ന് അഭിപ്രായമുള്ള ഏറെപ്പേർ ഇരുഗ്രൂപ്പിലുമുണ്ട്. കെ എം മാണി ഇല്ലാത്ത സാഹചര്യത്തിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി വാദിക്കാതെ കേരളാ കോൺഗ്രസിനെ ഭിന്നിപ്പിച്ച് ദുർബലപ്പെടുത്തുക എന്നതും കോൺഗ്രസിന്റെ കാര്യപരിപാടിയിലെ പ്രധാന ഇനമായിരുന്നു.

കുട്ടനാട് കേരളാ കോൺഗ്രസുകളിലെ ഏതു വിഭാഗം മത്സരിച്ചാലും മറു വിഭാഗത്തിന്റെ പാരവയ്പ് ഉറപ്പായതിനാൽ നിർദ്ദോഷമായ ഒരൊത്തുതീർപ്പ് എന്ന വ്യാജേന, വേണമെങ്കിൽ ഏറ്റോളാം എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ആദ്യം കോൺഗ്രസ് ചെയ്ത തെങ്കിലും പിന്നിലുള്ള ഉദ്ദേശ്യം കുട്ടനാട് തട്ടിയെടുക്കുക തന്നെയായിരുന്നു. കേരളാ കോൺഗ്രസുകളിൽ
സീറ്റ് ആർക്കെന്ന അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നു പലവട്ടം പറഞ്ഞെങ്കിലും തീരുമാനമുണ്ടായില്ല. ആലോചനായോഗങ്ങളുടെ തീയ്യതികളും പലവട്ടം മാറ്റി. ഇതിനിടെ വെള്ളാപ്പള്ളിയെക്കൊണ്ട് വെടി പൊട്ടിക്കുകയും ചെയ്തു. സീറ്റ് തരപ്പെട്ടാൽ ആലപ്പുഴ ഡിസിസി പ്രസിഡണ്ടിനെയോ, കഴിഞ്ഞ തവണ മുവ്വാറ്റുപുഴയിൽ സി പി ഐ സ്ഥാനാർത്ഥിയോടു തോറ്റ ജോസഫ് വാഴയ്ക്കനെയോ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ഉള്ളിൽക്കണ്ടിരുന്നതെങ്കിലും അവിടെയും ചില കല്ലുകടിയുണ്ട്. ആലപ്പുഴയിലെ കോൺഗ്രസുകാർക്ക് വാഴയ്ക്കനെ വേണ്ടാ. കുട്ടനാടിനു പകരം കേരളാ കോൺഗ്രസുകൾക്കു മുവ്വാറ്റുപുഴ വച്ചുനീട്ടുന്നതിനെതിരെ കോൺഗ്രസിലെ ഐ വിഭാഗം വട്ടമിടയുകയും ചെയ്യുന്നു.

മുവാറ്റുപുഴ കേരളാ കോൺഗ്രസിനു പോകുന്നതിലുപരി, മണ്ഡലം നഷ്ടമാകുന്നതോടെ അടുത്തുള്ള മുവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നീ മൂന്ന് മണ്ഡലങ്ങളിൽ ‘കൈപ്പത്തി ‘കണി കാണാൻ പോലുമുണ്ടാവില്ലെന്ന വൈകാരികമായ ക്ഷോഭമാണ് ഐ വിഭാഗത്തിന്റെ എതിർപ്പിനു മുഖ്യ കാരണം. അതുപക്ഷേ, കുട്ടനാട് സീറ്റ് ഉന്നം വച്ചുള്ള കോൺഗ്രസിന്റെ നീക്കങ്ങളെ ബാധിച്ചിട്ടൊന്നുമില്ല. പോരാത്തതിന്, സീറ്റിനായി ആലപ്പുഴയിലെ വലിയൊരു വിഭാഗം കോൺഗ്രസുകാരുടെ സമ്മർദ്ദവമുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയാണെങ്കിൽ സീറ്റ് വിട്ടുകൊടുക്കാൻ വലിയ എതിർപ്പില്ല എന്ന പരുവത്തിലേക്ക് ജോസ് കെ മാണിയെ മെരുക്കിയെടുത്തിട്ടുമുണ്ട്. ജേക്കബ് കേരളാ കോൺഗ്രസിൽ നിന്നു ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും
ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നു ഫ്രാൻസീസ് ജോർജിന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗവും ലയിച്ചതോടെ കരുത്ത് വർദ്ധിച്ചിരിക്കുന്നു എന്ന അവകാശവാദത്തിലാണ് പി ജെ ജോസഫ്. പി സി ജോർജ് ആണെങ്കിൽ നല്ല മുഹൂർത്തം നോക്കി വരാനുമിരിക്കുന്നു. കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസ് ജോസ് കെ മാണിയെ ചാക്കിലാക്കി എന്നു ബോദ്ധ്യമായതോടെ സീറ്റിനു വേണ്ടി സ്വരം കടുപ്പിച്ചിരിക്കുകയാണ് പി ജെ ജോസഫ്. പക്ഷേ, അവിടെയും ചില അടിയൊഴുക്കുകളുണ്ട്. അഞ്ചു തവണ മുവാറ്റുപുഴയിൽ നിന്നു മത്സരിക്കുകയും രണ്ടു തവണ തോൽക്കുകയും മൂന്നു തവണ വിജയിയാവുകയും ചെയ്ത ജോണി നെല്ലൂർ ഒരിക്കൽക്കൂടി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം സ്വപ്നം കാണുന്നയാളാണ്. കുട്ടനാടിനു പകരം മുവാറ്റുപുഴ എന്ന കോൺഗ്രസ് തന്ത്രമാണ് നെല്ലൂരിനു സ്വീകാര്യം എന്നർത്ഥം.