Monday
18 Feb 2019

മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ 60 ലക്ഷം കള്ളവോട്ടുകള്‍

By: Web Desk | Sunday 3 June 2018 10:40 PM IST

ന്യൂഡല്‍ഹി: വിവിധ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ബിജെപി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അട്ടിമറിയിലൂടെ വിജയമുറപ്പിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് ചേര്‍ക്കലിന് തുടക്കമായി. 60 ലക്ഷം കള്ളവോട്ടുകള്‍ ചേര്‍ത്തതിന്റെ രേഖകള്‍ സഹിതം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
ഇതേതുടര്‍ന്ന് അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. ഇതിനായി രണ്ട് സമിതികളെയും നിയോഗിച്ചിട്ടുണ്ട്. ഇരുസമിതികളോടും ജൂണ്‍ ഏഴിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുന്നതിനും നിര്‍ദ്ദേശിച്ചു.
മധ്യപ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥാണ് കള്ളവോട്ട് ചേര്‍ത്തതിന്റെ തെളിവുകള്‍ സഹിതം പരാതി സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളെയും പരിശോധിച്ചാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്. പരിശോധനയെ തുടര്‍ന്ന് കണ്ടെത്തിയ കള്ളവോട്ടുകള്‍ സംബന്ധിച്ച പട്ടികയില്‍ ഒരു വോട്ടറുടെ പേര് 26 ഇടങ്ങളില്‍ ഉള്ളതായി കാണാന്‍ കഴിഞ്ഞുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തെ വ്യക്തമായി നിര്‍ണയിക്കാന്‍ കഴിയുന്ന വിധത്തിലാണ് വ്യാജവോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. 230 മണ്ഡലങ്ങളിലായി ആകെ അഞ്ചുകോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. പിതാവിന്റെ പേര്, മേല്‍വിലാസം എന്നിവയെല്ലാം അടക്കമാണ് ഒരാളുടെ തന്നെ പേര് വിവിധ സ്ഥലങ്ങളില്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍ഗാവോലി, കോലാറ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകള്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വോട്ടര്‍പട്ടികയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. കര്‍ഷകപ്രക്ഷോഭത്തിന് നേര്‍ക്ക് വെടിവെപ്പുണ്ടായി കര്‍ഷകര്‍ മരിച്ച മന്ദ്‌സൗറിലാണ് ഏറ്റവുമധികം കള്ളവോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നത്. ഇത് ആസൂത്രിതമായി നടത്തിയ നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
സംസ്ഥാനത്ത് ജനസംഖ്യയില്‍ 24 ശതമാനം വളര്‍ച്ച മാത്രമേയുള്ളൂ, എന്നാല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 40 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഇതെങ്ങനെയാണ് സംഭവിക്കുകയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
ജില്ലാതലത്തില്‍ വോട്ടര്‍പട്ടിക വീണ്ടും പരിശോധിച്ച് അപാകതകള്‍ നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ പേര് അഞ്ചുതവണ ആവര്‍ത്തിച്ചിരിക്കുന്ന വോട്ടര്‍പട്ടികകള്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ശിവരാജ് സിംഗ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ കാലാവധി 2019 ജനുവരി ഏഴിനാണ് അവസാനിക്കുക. അതിനാല്‍ ഈ വര്‍ഷം അവസാനത്തോടെയെങ്കിലും തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രാഥമിക നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
14 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയെ പുറംതള്ളി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലേറുവാന്‍ അനുകൂല സാഹചര്യമാണ് കോണ്‍ഗ്രസിനുള്ളതെന്ന് ദേശീയ നേതൃത്വം അഭിപ്രായപ്പെടുന്നു. ബിഎസ്പിയുമായി ഇവിടെ കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. ജെഡിയു ശരദ് യാദവ് വിഭാഗവും മധ്യപ്രദേശില്‍ മഹാസഖ്യത്തെ പിന്തുണയ്ക്കുന്നതായി അറിയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം ഒമ്പതുശതമാനം മാത്രമായിരുന്നു.
ഈ സാഹചര്യവും രാജ്യത്താകെയുണ്ടായിരിക്കുന്ന എതിര്‍ തരംഗവും പ്രതിപക്ഷത്തുണ്ടാകുന്ന ഐക്യവും അങ്കലാപ്പിലാക്കിയ ബിജെപി കള്ളവോട്ടിലൂടെയും അധികാര ദുര്‍വിനിയോഗത്തിലൂടെയും വിജയമുറപ്പിക്കാനാണ് ശ്രമിക്കുന്നതെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് മധ്യപ്രദേശില്‍ ബിജെപിയുടെ കാര്‍മ്മികത്വത്തില്‍ 60 ലക്ഷം വ്യാജവോട്ടുകള്‍ ചേര്‍ത്തതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Related News