കോണ്‍ഗ്രസിനെ ഉലച്ച് മോഡി സ്തുതി

പി പി അനില്‍കുമാര്‍
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ മോദി സ്തുതി കോണ്‍ഗ്രസിനെ ഉലയ്ക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ലോകസഭാംഗം ശശി തരൂര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
നരേന്ദ്ര മോദിയെ പുകഴ്ത്തേണ്ടവര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്ന് മുന്‍ കെ പി സി സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന് എം പി കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ച് തന്റെ നിലപാട് വ്യക്തമാക്കി. നരേന്ദ്ര മോദിക്ക് അനുകൂലമായ പ്രസ്താവന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും മോദിയെ സ്തുതിക്കാനോ അദ്ദേഹത്തിന്റെ തെറ്റുകള്‍ മൂടി വെക്കാനോ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരിക്കലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള കേസ് ഭയന്നിട്ടാണ് ശശി തരൂരിന്റെ മോദി സ്തൂതിയെങ്കില് കോടതിയില്‍ നേരിടുകയാണ് വേണ്ടതെന്നും മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് ആരുടെയും കുടുംബ സ്വത്തല്ല. പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് പുറത്തു പോകാം. താന്‍ കുറച്ച് കാലം പാര്‍ട്ടിക്ക് പുറത്ത് പോയി തിരിച്ച് വന്നയാളാണ്. യു പി എ ഭരണകാലത്ത് ഒരു വട്ടം പോലും ബി ജെ പിക്കാര്‍ മന്മോഹന് സിംഗിനെ അനുകൂലിച്ച് സംസാരിച്ചിട്ടില്ലെന്നോര്ക്കണം. തിരുവനന്തപുരത്ത് മോദി വിരുദ്ധപ്രചാരണം നടത്തിയാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് തരൂര്‍ ഓര്‍ക്കണം. തരൂരിന്റെ പ്രസ്താവനയെ എതിര്‍ത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്ന് തരൂര്‍ പറഞ്ഞിരുന്നു. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ? ആ കക്കൂസുകളില്‍ വെള്ളമില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന് പരിഹസിച്ചു. പാര്‍ട്ടിക്കകത്തിരുന്ന് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ തരൂരിനെ ആരും അനുവദിക്കില്ല. അടിയന്തിരാവസ്ഥയില്‍ പോലും ഇല്ലാതിരുന്ന വിലക്കാണ് രാഹുല്‍ ഗാന്ധി കശ്മീരില്‍ നേരിട്ടത്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച പോലും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യത്തെ ഹീനമായി കശാപ്പ് ചെയ്തു കഴിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ മതില് ചാടിക്കടന്നാണ് അറസ്റ്റ് ചെയ്തത്. മോദി വിരുദ്ധ നിലപാട് സ്വീകരിച്ചാണ് കേരളത്തിലെ 19 യു ഡി എഫ് എംപിമാരും വോട്ട് വാങ്ങി ജയിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ശശി തരൂരിനെ കൂടാതെ അഭിഷേക് സിംഘ്വി, ജയ്റാം രമേശ് എന്നീ നേതാക്കളാണ് മോദി നല്ലത് ചെയ്യുമ്പോള്‍ അംഗീകരിക്കണമെന്ന പ്രസ്താവന നടത്തിയത്. മോദി നല്ലത് ചെയ്യുമ്പോള്‍ അംഗീകരിച്ചാല്‍ മാത്രമേ മോശം കാര്യങ്ങളെ വിമര്‍ശിക്കുമ്പോള്‍ വില കിട്ടൂ എന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികള്‍ ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെന്നും ഇത് മനസ്സിലാക്കാതെ മോദിയെ അധിക്ഷേപിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ലെന്നുമായിരുന്നു ജയ്റാം രമേശിന്റെ പ്രസ്താവന. സിംഘ്വിയും ജയ്റാം രമേശിനെ പിന്തുണയ്ക്കുകയായിരുന്നു. അതെസമയം ഇതൊന്നും കോണ്‍ഗ്രസ്സിന്റെ അഭിപ്രായമല്ലെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ വീണുകിടക്കുമ്പോള്‍ മോദിയുടെ ഏത് നല്ല വശത്തെയാണ് പ്രകീര്ത്തിക്കേണ്ടതെന്നും ചോദിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് രംഗത്തെത്തിയിരുന്നു.
ഇതിനിടെ നരേന്ദ്ര മോദിയെ പോലെയുള്ള ഫാസിസ്റ്റുകളെ പുകഴ്ത്തുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ടി എന്‍ പ്രതാപന് എം പി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. തരൂരിനെതിരെ പ്രതാപന് കുടി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ മോദി സ്തുതിയുടെ പേരില്‍ തര്‍ക്കം രൂക്ഷമാവുകയാണ്.
ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ മോദിയെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ട്രീയ വ്യവഹാരം അസംബന്ധമാണെന്ന് ടി എന്‍ പ്രതാപന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പദ്ധതികള്‍ പേരു മാറ്റി അവതരിപ്പിക്കുന്ന മോദിയെ അതിന്റെ പേരില്‍ പ്രശംസിക്കണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. കോണ്‍ഗ്രസിന്റെ ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങള്‍ ദുര്ബലപ്പെടാനെ അത് വഴിവെയ്ക്കൂ എന്നും കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ സ്തുതിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും. കോണ്‍ഗ്രസ് നേതാക്കളായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ ആക്രമിക്കാനാണ് നരേന്ദ്ര മോദി കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഇത്തരം ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരായ പോരാട്ടങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും പ്രതാപന് കത്തില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ കോണ്‍ഗ്രസിലെ ചില ദേശീയ നേതാക്കളെ പിന്‍പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ നിലപാട് അദ്ദേഹത്തിനെതിരെയുള്ള ആയുധമാക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരിശ്രമിക്കുന്നത്. നേരത്തെ കെ പി സി സി അധ്യക്ഷന്‍ തന്നെ ശശിതരൂരിനെതിരെ രംഗത്തുവന്നിരുന്നു. ആര് എസ് എസ്സിനെയും ബി ജെ പിയേയും വിമര്‍ശിക്കുമ്പോള്‍ മൃദു ഹിന്ദുത്വ നിലപാടാണ് തരൂര്‍ സ്വീകരിക്കുന്നതെന്ന് നേരത്തെ തന്നെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. തരൂരിനെതിരെയുള്ള പോരാട്ടം ഈ അവസരം മുതലെടുത്ത് മുന്നോട്ടു കൊണ്ടുപോകാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കം. ആറ് വര്‍ഷമായി താന്‍ പറയുന്ന നിലപാടാണ് മോദിയെ ആവശ്യമായ ഘട്ടങ്ങളില്‍ പ്രശംസിക്കണമെന്നത് എന്നായിരുന്നു മറ്റ് നേതാക്കളെ പിന്തുണച്ചുകൊണ്ട് തരൂര്‍ പറഞ്ഞത്. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങിയത്. മോദിയെ പുകഴ്ത്തുന്നതിനെതിരെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മോദി നടപ്പിലാക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ട സമയത്ത് അദ്ദേഹത്തെ പുകഴ്ത്തുന്നത് ശരിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും നിലപാട് വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന നേതാവായാണ് ശശിതരൂര്‍ അറിയപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയിലെ ജോലിവിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ ദേശീയ നേതൃത്വത്തിന്റെ പിന്‍ബലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. തരൂരിന്റെ താര പദവി മൂലം അദ്ദേഹത്തിനെതിരെ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഡിസിസിയുടെ ഭാഗത്തുനിന്ന് സഹകരണം ലഭിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്ന് എഐസിസി നേരിട്ട് ഇടപെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എ ഐ സി സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന് തരൂര്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ വൈകിയപ്പോള്‍ താന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ തരൂരിനെ എ ഐ സി സി അധ്യക്ഷനാക്കണമെന്ന് ആവശ്യം പോലും ചിലകേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.
ടി എന്‍ പ്രതാപന് എം പി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്ത്