പുളിക്കല്‍ സനില്‍ രാഘവന്‍

June 02, 2021, 11:38 am

കെപിസിസി അധ്യക്ഷ പദവിയിൽ ആശയക്കുഴപ്പം; ഗ്രൂപ്പുകള്‍  കൂടുതല്‍ വീര്യത്തോടെ

Janayugom Online

കെപിസിസി പ്രസിഡന്‍റ് ആരായിരിക്കണമെന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും വ‍ഞ്ചി തിരുനക്കരതന്നെ എന്ന പഴഞ്ചൊല്ല് കൂടുതല്‍ അന്വര്‍ത്ഥമാക്കിയിരിക്കുന്നു. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തതില്‍ എ,ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയാണ് വി ഡി സതീശനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. രമേശ് ചെന്നിത്തലയെതന്നെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചുമുന്നോട്ടു പോകുവാനായിരുന്നു ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും തീരുമാനിച്ചത്. കെപിസിസി പ്രസിഡന്‍റ് സ്ഥാനം തന്‍റെ വലംകൈയായ കെ. സി ജോസഫിനെ നല്‍കുവാനുള്ള ചരടുവലികളാണ് നടന്നത്. 

എന്നാല്‍ അതെല്ലാം ദിവാസ്വപ്നമായി മാറി. പാര്‍ട്ടിയിലെ യുവ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ മാറ്റം ആവശ്യപ്പെട്ടു. അവരുടെ വാക്കാണ് ഹൈക്കമാന്‍ഡ് കേട്ടത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കെ.പി.സി.സി. പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് സമിതിക്കുളളത്. റിപ്പോര്‍ട്ടില്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഇതിന്റെ  അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 

കെ.പി.സി.സി. അധ്യക്ഷനെ സംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ടെന്നും ഇതിന്റെ  അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷനെ നിയമിക്കുക എന്നും സൂചനയുണ്ട്. കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതിയോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല. ഓണ്‍ലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങള്‍ ആരാഞ്ഞത്. എംഎല്‍എമാര്‍, എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്.  കേരളം ഉള്‍പ്പടെയുളള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ടാണ് അശോക് ചവാന്‍ സമിതി സമര്‍പ്പിച്ചത് .

എന്നാല്‍ കെപിസിസിയുടെ പുതിയ അധ്യക്ഷന്‍ ആരായിരിക്കണമെന്നതിനെ സംബന്ധിച്ച് ആശയ കുഴപ്പം നിലനില്‍ക്കുന്നു. തങ്ങളുടെ താല്‍പര്യം കണക്കിലെടുക്കാതെ പ്രതിപക്ഷനേതാവിനോട് ഗ്രൂപ്പ് നേതാക്കള്‍ക്ക് വലിയ അമര്‍ഷമാണ് ഉള്ളത്. കെപിസിസിയുടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിനായില്ലെന്നാണ് ചവാൻ സമിതിയുടെ വിലയിരുത്തല്‍. റിപ്പോർട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രഖ്യാപനം നീളില്ലെന്നാണ് സൂചന. എന്നാൽ ആരാകണം പുതിയ അധ്യക്ഷൻ എന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല. നേതാക്കളിൽ കെ സുധാകരനാണ് മുൻ‌തൂക്കമുളളത്. പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിന് മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.  എന്നാൽ, ഒരു വിഭാഗം സുധാകരനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്.

കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഇടയ്ക്ക് പരിഗണയിൽ വന്നിട്ടുണ്ട്.  കൊടിക്കുന്നില്‍ അതിനായുള്ള ചരുടവലികള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മുപ്പത്തി അ‍ഞ്ച് വര്‍ഷമായി ഏംപിയായി പ്രവര്‍ത്തിക്കുന്ന കൊടിക്കുന്നില്‍ കോണ്‍ഗ്രസിനുവേണ്ടി എന്തു ചെയ്തു എന്നാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.ഇതിനിടയില്‍ കേന്ദ്രമന്ത്രിയുമായി തന്‍റെ മണ്ഡലത്തില്‍ പോലും എംപിയുടെ പ്രവര്‍ത്തനം കാണാനില്ലെന്ന പരാതിയും ഉയരുന്നു. ഇതിനിടയില്‍ അടൂര്‍പ്രകാശ്, കെ. ബാബു എന്നിവരുടെ പേരും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കടന്നു വരുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക്ചെന്നിത്തല അയച്ച കത്തില്‍ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചാതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇത് എ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ചെന്നിത്തലക്ക് എതിരെ എ ഗ്രൂപ്പിലെ കെ സി ജോസഫ് രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ഇതിന്‍റെ പിന്നില്‍ കെ.സി വേണുഗോപാലാണെന്നു ചെന്നിത്തല വിഭാഗം പറയുന്നു. സൂപ്പര്‍ ഹൈക്കമാന്‍ഡ് ചയമയുകയാണ് വേണുഗോപാലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എ ഗ്രൂപ്പിന്‍റെ കെട്ടുറപ്പിലും വിള്ളല്‍ വീണു കഴിഞ്ഞു. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷനേതൃസ്ഥാനം സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ ആരും തന്നെ പിന്തുണച്ചില്ല. ഉമ്മന്‍ചാണ്ടിയുടെ വസതിയിയില്‍ കൂടിയ എ ഗ്രൂപ്പ് എംഎല്‍എമാരുടെയോഗത്തില്‍ തിരുവഞ്ചൂര്‍ പൊട്ടിത്തെറിച്ചു, ഒടുവില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു തന്നെ പ്രതിപക്ഷ നേതാവാക്കണമെന്ന്. യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷികളെല്ലാം കോണ്‍ഗ്രസിനെ എതിര്‍ത്തു തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളില്‍ പല കക്ഷികളും മുന്നണി വിടുവാനുള്ള തയ്യാറെടുപ്പിലാണ്. 

കോണ്‍ഗ്രസിലും അസംതൃപ്തരുടെ എണ്ണം കൂടി വരുന്നു. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജനപ്രതിനിധികള്‍ കൂടുതലായിട്ടുള്ളത്. എന്നാല്‍ അടിസ്ഥാനമില്ലാത്ത സാഹചര്യത്തില്‍ എന്തും സംഭവിക്കാം. ഗ്രൂപ്പും , ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പും കേരളത്തിലെ കോണ്‍ഗ്രസിന് വലിയ ശാപമാണെന്നു അണികള്‍ തന്നെ തുറന്നു പറയുന്നു. പ്രവര്‍ത്തനത്തിനോ,കഴിവിനോ കേരളത്തിലെ കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കാണ് വലിയ പ്രാധാന്യമെന്നും പറയുന്നു. അടിക്കടി ഉണ്ടാകുന്ന തോല്‍വിയില്‍ നിന്നും കേരളത്തിലെ കോണ്‍ഗ്രസ് പാഠം പഠിക്കുന്നില്ലെന്നും പാര്‍ട്ടി അണികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തല്ലേണ്ട അമ്മാവാ, ഞാന്‍ നന്നാവൂല എന്ന നിലയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറിയിരിക്കുന്നു.

Eng­lish Sum­ma­ry : con­gress group war for elect­ing kpcc president

You may also like this video :