പുളിക്കല്‍ സനില്‍രാഘവന്‍

July 24, 2021, 1:27 pm

സുധാകരനെ വരിഞ്ഞു മുറുക്കി കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍

Janayugom Online

കേരളത്തിലെ കോണ്‍ഗ്രസില്‍ എല്ലാം പഴയതുപോലെ. ഗ്രൂപ്പുകള്‍ക്കതീതമായി കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനും, പ്രതിപക്ഷനേതാവായി വ.ഡി സതീശനെയും പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമിച്ചെങ്കിലും ‚കാര്യങ്ങളെല്ലാം പഴയതുപോലെ. പാര്‍ട്ടി അണികള്‍ക്ക് നേതാക്കളിലുള്ല വിശ്വാസവും നഷ്ടമായിരിക്കുന്നു. കെപിസിസി,ഡിസിസി ഭാരവാഹികളെ ഉടന്‍ നിയമിക്കുമെന്ന സുധാകരന്‍റെ അഭിപ്രായപ്രകടനങ്ങളെല്ലാം വെറും വീഴ് വാക്കുകളായി മാറിയിരിക്കുന്നു. ഡിസിസി പ്രസിഡന്‍റുമാരായി പുതുമുഖങ്ങളെയും, യുവാക്കളെയും പരിഗണിക്കുമെന്നു സുധാകരന്‍ പറഞ്ഞെങ്കിലും ഗ്രൂപ്പുകള്‍ അത് അംഗീകരിക്കാത്ത അവസ്ഥയിലാണ്. കെപിസിസി ഡിസിസി പുനസംഘടന താന്‍ ഉദ്ദേശിച്ച തരത്തില്‍ നടത്താന്‍ കഴിയാത്തതില്‍ സുധാകരന്‍ ആകെ അസ്വസ്ഥനാണ്. ഗ്രൂപ്പുകള്‍ അദ്ദേഹത്തെ വരിഞു മുറുക്കിയിരിക്കുകയാണ്. 

എ ഐ ഗ്രപ്പുകള്‍ ഇപ്പോള്‍ സുധാകരനെതിരെ ഒറ്റക്കെട്ടുമാണ്. ജൂലൈ പകുതിക്കു മുമ്പ് പുനസംഘടന പൂര്‍ത്തിയാക്കുമെന്ന കെ സുധാകരന്‍റെ പ്രഖ്യാപനം പാലിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതിനു പിന്നില്‍ എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം വിജയം കണ്ടതായാണ് സുചന. അതിനിടെ ഡിസിസി പ്രസിഡന്‍റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും കാര്യത്തില്‍ കെ സുധാകരന്‍ ഉന്നത നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകള്‍ തുടരുകയാണ്.പാര്‍ട്ടി പുനസംഘടന എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു ചുമതലയേറ്റ ശേഷമുള്ള പ്രഥമ പത്രസമ്മേളനത്തില്‍ സുധാകരന്‍റെ ആദ്യത്തെ പ്രഖ്യാപനം. കെപിസിസി ഭാരവാഹികളുടെ എണ്ണം 51 ‑ല്‍ കൂടില്ലെന്നായിരുന്നു രണ്ടാമത് പ്രഖ്യാപനം. ഈ രണ്ട് പ്രഖ്യാപനങ്ങളും അതേപടി പാലിക്കപ്പെട്ടാല്‍ കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് അജയ്യനായി മാറുമെന്നാണ് എ, ഐ കൂട്ടുകെട്ടിന്‍റെ നിഗമനം. 

അതിനാല്‍ തന്നെ സുധാകരന്‍റെ ശ്രദ്ധേയമായ ആ രണ്ട് പ്രഖ്യാപനങ്ങള്‍ പൊളിക്കുക, അതുവഴി സുധാകരനെ ദുര്‍ബലനാക്കി മാറ്റുക എന്നതാണ് ഗ്രൂപ്പുകളുടെ പുതിയ നീക്കം.അതില്‍ സമയ പരിധി സംബന്ധിച്ച സുധാകരന്‍റെ ആദ്യ പ്രഖ്യാപനം പാളുമെന്ന് ഏതാണ്ട് ഉറപ്പായി. അതല്ലെങ്കില്‍ ജൂലൈ 31 ‑നകം ഭാരവാഹി പ്രഖ്യാപനം പൂര്‍ത്തിയാക്കണം. ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ല. രണ്ടാമത്, കെപിസിസി ഭാരവാഹികളുടെ എണ്ണം 51 നപ്പുറം കടത്തുകയെന്നതാണ്.51 ‑നപ്പുറം ഒരാളെക്കൂടി നിയമിക്കാനായാല്‍ അത് സുധാകരന് തിരിച്ചടിയാകും. സാധിക്കുമെങ്കില്‍ ഭാരവാഹികളുടെ എണ്ണം 75 ലെത്തിച്ച് സുധാകരന് കനത്ത മറുപടി നല്‍കുക തന്നെയാണ് കൂട്ടുകെട്ട് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. അതിനു പറ്റിയില്ലെങ്കില്‍ 60 ‑നപ്പുറം കടത്താന്‍ തീവ്രശ്രമം തന്നെ ഉണ്ടാകും. മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്ഡിസിസി ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഈ മാസം 24 മുതല്‍ ഒരാഴ്ചക്കാലം എഐസിസി സംഘം കേരളത്തില്‍ ജില്ലകള്‍ തോറും പര്യടനം നടത്താന്‍ തീരുമാനിച്ചിരുന്നു. 

എന്നാല്‍ കഴിഞ്ഞയാഴ്ച ‍ഡല്‍ഹിയിലെത്തിയ സുധാകരന്‍ എഐസിസി സംഘത്തിന്‍റെ വരവ് മുടക്കി. എഐസിസി സംഘം കേരളത്തിലെത്തിയാല്‍ അവര്‍ സമര്‍പ്പിക്കുന്ന ലിസ്റ്റില്‍ കെസി വേണുഗോപാലിന്‍റ കൈകടത്തല്‍ ഉണ്ടാകുമെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ ഭയം.അതൊഴിവാക്കാന്‍ ഗ്രൂപ്പുകള്‍ നടത്തിയ നീക്കമാണ് എഐസിസി സംഘത്തിന്‍റെ വരവ് റദ്ദാക്കിയതിന് പിന്നിലെ ഒരു കാരണമെന്ന് പറയുന്നു. മാത്രമല്ല, എഐസിസി സംഘത്തെ താങ്ങാനുള്ള സാമ്പത്തിക ശേഷി ഇപ്പോള്‍ കെപിസിസിക്ക് കുറവാണ്.ഇലക്ഷന്‍ കാലത്ത് എഐസിസി സംഘത്തിനു മാത്രമായി കെപിസിസിയുടെ ചിലവ് 36 ലക്ഷമായിരുന്നത്രെ. പക്ഷേ 100 കോടിക്കുമേല്‍ സംഖ്യയാണ് അന്ന് എഐസിസി കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചിലവിലേയ്ക്ക് നല്‍കിയത്.

അതു മുഴുവന്‍ പാഴാക്കുകയും ചെയ്തു.എന്തായാലും എഐസിസി കൈകടത്തല്‍ ഇല്ലാതെ ‍ഡിസിസി, കെപിസിസി പുനസംഘടന എങ്ങനെയാകും എന്നതാണ് ഇനി നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇത് പൊളിക്കാന്‍ സര്‍വ്വതന്ത്രവും പയറ്റി ഗ്രൂപ്പുകളും രംഗത്തുണ്ട്.ഗ്രൂപ്പുകളുടെ ആവശ്യം ഗ്രൂപ്പ് നോമിനികളായ കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ശൂരനാട് രാജശേഖരന്‍, വി.എസ് ശിവകുമാര്‍, എന്‍ വേണുഗോപാല്‍, തമ്പാനൂര്‍ രവി, എന്‍ സുബ്രഹ്മണ്യന്‍, ഇഎം ആഗസ്തി, പാലോട് രവി,ശിവദാസന്‍ നായര്‍ എന്നിങ്ങനെയുള്ള സ്ഥിരം ആളുകളെ പദവികളില്‍ എത്തിക്കുകയെന്നുള്ളതാണ് അതുവഴി കെപിസിസി നേതൃത്വത്തെ വരുതിയിലാക്കാമെന്നും ഗ്രൂപ്പുകള്‍ കരുതുന്നു. അതോടെ കേരളത്തില്‍ പാര്‍ട്ടിയുടെ സ്ഥിതി അധോഗതിയാകും എന്നത് ഗ്രൂപ്പുകള്‍ മനസിലാക്കുന്നുമില്ല.തിരുവനന്തപുരത്ത് മുന്‍മന്ത്രി വിഎസ് ശിവകുമാര്‍, പാലോട് രവി, തമ്പാനൂര്‍ രവി എന്നിവരുടെ പേരുകള്‍ക്കാണ് പ്രാമുഖ്യം. യുവനേതാക്കളുടെ പേര് ചര്‍ച്ചകളില്‍ പോലും ഉയര്‍ന്നിട്ടില്ല.

എ ഗ്രൂപ്പ് പാലോട് രവിക്കുവേണ്ടി ഇവിടെ ശക്തമായി വാദിക്കുന്നുണ്ട് .കൊല്ലത്ത് ശൂരനാട് രാജശേഖരനാണ് ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും ഷാനവാസ് ഖാനുമാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ആലപ്പുഴയില്‍ ഡി സുഗതന്‍, എഎ ഷുക്കൂര്‍, ബാബു പ്രസാദ് എന്നിവരാണ് പരിഗണനയിലുള്ളത്. ഷാനിമോളുടെ പേരും പറഞ്ഞു കേള്‍ക്കുന്നുപത്തനംതിട്ടയില്‍ ആദ്യം പറഞ്ഞു കേട്ടിരുന്നതും സജീവമായി പരിഗണിച്ചിരുന്നതും അനില്‍ തോമസിന്റെ പേരായിരുന്നു. എന്നാലിപ്പോള്‍ കെ ശിവദാസന്‍ നായര്‍, സതീഷ് കൊച്ചുപറമ്പില്‍, പഴകുളം മധു എന്നിവരെയാണ് പരിഗണിക്കുന്നത്. കോട്ടയത്താണ് പട്ടികയില്‍ കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ടോമി കല്ലാനി എന്നിവരാണ് കോട്ടയത്ത് പട്ടികയില്‍ ഉള്ളത്. ഇടുക്കിയില്‍ മുതിര്‍ന്ന നേതാക്കളായ സിപി മാത്യു, ഇഎം ആഗസ്തി, ജോയി തോമസ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. എറണാകുളത്തും തലമുതിര്‍ന്ന നേതാക്കള്‍ തന്നെ പട്ടികയില്‍ ഇടം പിടിച്ചു. കെ സി ജോസഫ് എ ഗ്രൂപ്പിന്‍റെയും ‚ജോസഫ് വാഴയ്ക്കന്‍ ഐ ഗ്രൂപ്പിന്‍റെ യും പ്രധാനികളാണ്.എന്‍ വേണുഗോപാല്‍, അയജ് തറയില്‍, അബ്ദുള്‍ മുത്തലിബ്, ജെയ്‌സണ്‍ ജോസഫ് എന്നിവരാണ് പരിഗണനയില്‍ ഉള്ളത്. തൃശൂരില്‍ ഒന്നാം പേരുകാരി പത്മജ വേണുഗോപാലാണ്. ടിയു രാധാകൃഷ്ണന്‍, അനില്‍ അക്കര എന്നിവരും ലിസ്റ്റിലുണ്ട്.

പാലക്കാട് എവി ഗോപിനാഥ്, പി ചന്ദ്രന്‍, പിവി ബാലചന്ദ്രന്‍ എന്നിവരും മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്ത്, പിടി അജയമോഹന്‍ എന്നിവരുമാണ് സാധ്യതാ പട്ടികയില്‍ നിലവില്‍ ഇടം പിടിച്ചത്. കോഴിക്കോട് എന്‍ സുബ്രമണ്യന്‍, കെപി അനില്‍കുമാര്‍, കെ പ്രവീണ്‍കുമാര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.കണ്ണൂരില്‍ സുമ ബാലകൃഷ്ണനെയാണ് സുധാകരന്‍ മുമ്പോട്ടു വയ്ക്കുന്നത്. സോണി സെബാസ്റ്റിയന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരെയും പരിഗണിക്കുന്നു. വയനാട്ടില്‍ പികെ ജയലക്ഷ്മിയുടെ പേരിനാണ് മുന്‍തൂക്കം. എംപി അപ്പച്ചന്‍, പിജെ ഐസക്, കെകെ എബ്രഹാം എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.കാസര്‍കോട് കാസര്‍കോട്ട് ബാലകൃഷ്ണന്‍ പെരിയ, ഖാദര്‍ മങ്ങാട് എന്നിവരെയും പരിഗണിക്കുന്നുണ്ട്. യുവനേതാക്കളെയൊന്നും തല്‍ക്കാലം പരിഗണിക്കേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പു നേതാക്കള്‍. ഗ്രൂപ്പിലെ ഉന്നതരുടെ താല്‍പര്യത്തിന് കെപിസിസി അധ്യക്ഷന്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും ആക്ഷേപമുണ്ട്.

eng­lish summary:Congress groups tight­ened grip on Sudhakaran
You may also like this video