കോണ്‍ഗ്രസില്‍ ഇടയുന്ന കൊമ്പന്മാരെ വരുതിയിലാക്കാനുള്ള വാരിക്കുഴികളാണ് ഹൈക്കമാന്‍ഡിന്റെ തെരഞ്ഞെടുപ്പ് സമിതികളെന്ന് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയെ അധ്യക്ഷനാക്കി പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച ഹൈക്കമാന്‍ഡ് ഇടഞ്ഞുനിന്ന മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെക്കൂടി സമിതിയില്‍ അംഗമാക്കി എലിപ്പത്തായത്തില്‍ വീഴ്ത്തുകയായിരുന്നു. അതോടെ കാര്യങ്ങള്‍ തീരുമെന്ന് കരുതിയിരുന്നവര്‍ക്കു തെറ്റി. പിന്നാലെ വരുന്നു നാല്‍പത്തഞ്ചംഗ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി. ഈ മെഗാ സമിതിയില്‍ എ കെ ആന്റണി, വയലാര്‍ രവി എന്നിവരെ മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസ് നിരീക്ഷകനായ ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറേയും അംഗങ്ങളാക്കി. ഈ സമിതിയിലും കെ വി തോമസിന് അംഗത്വം നല്കി കൂടെനിര്ത്തിയെങ്കില് മറ്റൊരംഗത്തിന്റെ നാമനിര്‍ദ്ദേശം ശ്രദ്ധേയമായി, പ്രൊഫ. പി ജെ കുര്യന്. തനിക്ക് മത്സരിക്കാന്‍ തിരുവല്ലാ നിയമസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ഇടഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യത്തില്‍ മെഗാസമിതിയില് അംഗമാക്കി കുര്യനേയും ഹൈക്കമാന്‍ഡിന്റെ വാരിക്കുഴിയില്‍ വീഴ്ത്തി. ഇപ്പോഴത്തെ ഈ ജംബോ സമിതിയില്‍ അംഗങ്ങളാക്കിയവരില് പലരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചമുറുക്കി നില്ക്കുന്നവരാണെന്നതും ശ്രദ്ധേയം. കമ്മിറ്റികളില്‍ അംഗങ്ങളായാല്‍ ചുമതലാ ഭാരത്തിന്റെ പേരുപറഞ്ഞ് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാനുള്ള ഹൈക്കമാന്‍ഡിന്റെ കുരുട്ടുബുദ്ധിയാണ് പുതിയ കമ്മിറ്റി രൂപീകരണമെന്ന ആരോപണം കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്തന്നെ കനക്കുന്നു. ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ തയ്യാറായി നില്ക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിനെയും ഇത്തവണ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിനില്ക്കുന്ന കെഎസ്യു നേതാവ് കെ എം അഭിജിത്തിനേയും അംഗങ്ങളാക്കി കെണിയില്‍ കുടുക്കി.
എന്നാല്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനാ നേതാക്കളെ 45 സമിതിയിലെ വെറും ക്ഷണിതാക്കളാക്കിയതിനെതിരെയും അമര്‍ഷം പുകയുന്നു. താരതമ്യേന ജൂനിയര്‍മാരായ രമ്യാ ഹരിദാസിനെപ്പോലുള്ളവരെ സമിതിയിലെ പൂര്ണാംഗങ്ങള് ആക്കിയപ്പോഴാണ് വി എസ് അച്യുതാനന്ദനെതിരെ മത്സരിച്ച പാരമ്പര്യമുള്ള ലതികാ സുഭാഷിനെ വെറുമൊരു ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെപ്പോലെ ക്ഷണിതാവാക്കിയത്. പോഷക സംഘടനാ നേതാക്കളെ മെഗാസമിതിയിലെ സ്ഥിരാംഗങ്ങള്‍ ആക്കണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.
മറ്റൊരു പോഷകസംഘടനയായ ഐഎന്‍ടിയുസിയുടെ സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരനെയാകട്ടെ തെരഞ്ഞെടുപ്പ് തന്ത്രാവിഷ്കരണത്തിന്റെ ‘യുദ്ധമുറി‘യുടെ നാലയലത്ത് അടുപ്പിച്ചിട്ടുമില്ല. താനുള്‍പ്പെടെ 15 പേര്‍ക്ക് ഐഎന്‍ടിയുസി വിഹിതമായി സീറ്റുകള്‍ നീക്കിവയ്ക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരന് ഇന്നലെ ഹൈക്കമാന്‍ഡിനും കെപിസിസിക്കും കത്തു നല്‍കിയിട്ടുണ്ട്. പോഷകസംഘടനകള്‍ക്കും യുവതലമുറയ്ക്കും ഇത്തവണയും സീറ്റു നിര്‍ണയത്തില്‍ കാര്യമായ പരിഗണനകള്‍ നല്കാതെവരുമെന്നാണ് സൂചന. ഇത് തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്ക് കോണ്‍ഗ്രസില്‍ കൂട്ടക്കലാപത്തിനാണ് വഴിമരുന്നിടുക. ഹൈക്കമാന്‍ഡിന്റെ സമിതികളില്‍ നിന്ന് രാജിവച്ച് കലാപക്കൊടി ഉയര്‍ത്തുമെന്ന സൂചനകളും ശക്തം.
English Summary : High command trap for congress leaders
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.