Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
പുളിക്കല്‍ സനില്‍രാഘവന്‍

June 08, 2021, 3:05 pm

ഉമ്മന്‍ചാണ്ടിയേയും, ചെന്നിത്തലയേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അവഗണിക്കുന്നു ; കെ സുധാകരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് സാധ്യതയേറുന്നു

Janayugom Online

കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ നിസ്സഹരണത്ത തള്ളി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, കേരളത്തിലെ ഗ്രൂപ്പ് നേതാക്കളോട് മുട്ടാന്‍ തീരുമാനിച്ച് ഉറച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധിക്ക് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാടുകളോട് അത്ര താല്‍പര്യമില്ലാത്ത സ്ഥിതിയാണ്. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കി നിയമിച്ച് മുന്നോട്ട് പോവാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. എന്നാല്‍ താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് രാഹുല്‍. പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. അവസാനനിമിഷം അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ കെ. സുധാകരന്‍ പ്രസിഡന്റാകാനാണ് എല്ലാ സാധ്യതയും. കേരളത്തിലെ നേതാക്കളില്‍നിന്ന് അഭിപ്രായം ആരാഞ്ഞ താരിഖ് അന്‍വര്‍ സംസ്ഥാന നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷ പിന്തുണ സുധാകരനാണ് എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മൗനം പാലിച്ചതല്ലാതെ ആരുടെയും പേര് നിര്‍ദേശിച്ചില്ലെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം. ചില നേതാക്കള്‍ കെ.സി. വേണുഗോപാലിന്റെയും കെ. മുരളീധരന്റെയും പി.ടി. തോമസിന്റെയും പേര് നിര്‍ദേശിച്ചു.

സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇനി അന്തിമ ചര്‍ച്ചയില്‍ എ.കെ. ആന്റണിയുടേയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും അഭിപ്രായമാണ് നിര്‍ണായകമാകുക. ആന്റണിയുടെ പിന്തുണ സുധാകരന് അനുകൂലമാണെന്നാണ് നേരത്തെ തന്നെയുള്ള സൂചനകള്‍. കെ.സി. വേണുഗോപാലുമായി സുധാകരനുള്ള ബന്ധം അത്ര സുഖകരമല്ല. തെരഞ്ഞെടുപ്പിന് ശേഷം കാര്യമായി പ്രതികരണത്തിന് തയ്യാറാകാത്ത കെ. സുധാകരന്‍ തലസ്ഥാനത്ത് തന്നെയാണുള്ളത്.പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പി.ടി. തോമസ് വര്‍ക്കിങ് പ്രസിഡന്റായി വന്നേക്കും.സുധാകരന്റെ പേര് അംഗീകരിക്കപ്പെട്ടാല്‍ കുറഞ്ഞത് മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ കൂടി നിയമിക്കപ്പെട്ടേക്കും. സാമുദായിക സമവാക്യം കൂടി കണക്കിലെടുത്താകും ഈ നിയമനം. കൊടിക്കുന്നില്‍ സുരേഷ്, ടി.സിദ്ദിഖ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരായേക്കും. മുന്നണി കണ്‍വീനറായി ബെന്നി ബെഹനാന്‍ തിരിച്ചെത്താനും സാധ്യതയുണ്ട്.കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കി കൊണ്ടുള്ള പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. ഇന്നോ നാളെയോ ആയി ആ പ്രഖ്യാപനം വരും. 

ഗ്രൂപ്പ് നേതാക്കളെ മൈന്‍ഡ് ചെയ്യേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. സുധാകരന്‍ വരുന്നതിനോട് ഗ്രൂപ്പ് നേതാക്കള്‍ക്കെല്ലാം എതിര്‍പ്പാണ്. സുധാകരനോട് ഇവര്‍ സഹകരിക്കില്ല എന്നാണ് ഭീഷണി. അതിനെ നേരിടുമെന്ന് തന്നെയാണ് ടീം രാഹുലും പറയുന്നത്. വിഎം സുധീരന്റെയും മുല്ലപ്പള്ളിയുടെയും കാര്യമാണ് ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇപ്പോഴത്തെ മാറ്റത്തിന് പിന്നില്‍. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകള്‍ക്ക് പുറമേ നല്ല പിന്തുണയും സുധാകരനുണ്ട് എന്നതാണ് റിപ്പോര്‍ട്ടിലുളളത്. എംപിമാരുടെ പിന്തുണയും പ്രതിപക്ഷ നേതാവിന്റെ പിന്തുണയും സുധാകരന് നേട്ടമായി മാറിയിട്ടുണ്ട്. ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നിസ്സഹകരണം രാഹുലിനോടുള്ള എതിര്‍പ്പായിട്ടാണ് ഹൈക്കമാന്‍ഡ് കാണുന്നത്. ഇവരെ അനുനയിപ്പിക്കേണ്ടതില്ല എന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. സോണിയാ ഗാന്ധിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെങ്കിലും, ഇത് രാഹുല്‍ നല്‍കുന്ന നിര്‍ദേശങ്ങളാണ്. കേരളത്തില്‍ രാഹുല്‍ പിടിമുറുക്കി കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്. നേരത്തെ തന്നെ തീരുമാനിച്ച്, പേരിന് നേതാക്കളുടെ പിന്തുണ ചോദിച്ചറിയുന്ന രീതി മുമ്പും രാഹുല്‍ പയറ്റിയിട്ടുണ്ട്. 

അതാണ് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും പ്രകോപിപ്പിച്ചത്. ഇവരെ കേരളത്തിലെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തി ഗ്രൂപ്പുകളെ പൊളിക്കുക എന്ന തന്ത്രമാണ് രാഹുലിന് മുന്നിലുള്ളത്.ഗ്രൂപ്പില്ലാതാക്കാന്‍ ഹൈക്കമാന്‍ഡ് നടത്തിയ നീക്കമായിരുന്നു വിഎം സുധീരനെയും മുല്ലപ്പള്ളിയെയും കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിച്ചത്. എന്നാല്‍ ഇരുവരെയും ഗ്രൂപ്പുകള്‍ പരാജയപ്പെടുത്തി. ഗ്രൂപ്പുകളുടെ നിസ്സഹകരണം സുധാകരന്റെ കാര്യത്തില്‍ ഉണ്ടാവില്ല എന്ന് രാഹുല്‍ ഉറപ്പിക്കുന്നു. പ്രധാന കാരണം അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. തോറ്റ് തുന്നംപാടിയ പാര്‍ട്ടിയെ രക്ഷിക്കാന്‍ ഗ്രൂപ്പിന് പുറത്തുള്ള ഒരാള്‍ വരണമെന്ന് താഴെ തട്ടിലെ എല്ലാ നേതാക്കള്‍ക്കുമുണ്ട്.

താഴേ തട്ടില്‍ ഗ്രൂപ്പ് നേതാക്കളുടെ നിസ്സഹകരണം ഏശില്ല എന്നാണ് ഹൈക്കമാന്‍ഡ് ഉറപ്പിക്കുന്നത്. ഒപ്പം അടുത്തൊന്നും തിരഞ്ഞെടുപ്പുമില്ല. ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ച ഫോര്‍മുല അംഗീകരിക്കാത്തതാണ് അവരുടെ പ്രശ്‌നം. ഏ ഗ്രൂപ്പ് പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ പിന്തുണച്ചതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ വലംകൈയായ കെ.സി ജോസഫിനെ കെപിസിസി പ്രസിഡന്‍റാക്കുകയെന്ന എന്ന ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. എന്നാല്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും, യുവ എംഎല്‍എമാര്‍ക്കു പോലും താല്‍പര്യമില്ലായിരുന്നു. സുധാകരന്‍ കെപിസിസി അധ്യക്ഷനാവാതിരിക്കാന്‍ കൊടിക്കുന്നില്‍ സുരേഷിനെ ഇരു ഗ്രൂപ്പുകളും കൊണ്ടുന്നു. അതിനായി അദ്ദേഹം ചില പരാമാര്‍ശങ്ങളും നടത്തി. 

അതു ഗ്രൂപ്പു മാനേജര്‍മാരുടെ പിന്തുണയിലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൊടിക്കുന്നിലിന്‍റെ നിലപാടില്‍ അസ്വസ്ഥതയുണ്ടായി. ലോക്സസഭയിലെ കോണ്‍ഗ്രസ്ചീഫ് വിപ്പ് കൂടിയായ കൊടിക്കുന്നില്‍ മുതിര്‍ന്ന നേതാവുമാണ്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് അണികളില്‍ വന്‍ പ്രതിഷേധാമാണ് ഉണ്ടായത്. കൊടിക്കുന്നില്‍ കഴിഞ്ഞ 35 വര്‍ഷമായി എംപിയാണ്, ഇതിനിടിയില്‍ കേന്ദ്ര മന്ത്രിയുമായി എന്നാല്‍ അദ്ദേഹം കോണ്‍ഗ്രിസനുവേണ്ടി എന്തുചെയ്തു എന്നാണ് അണികളുടെ ചോദ്യം. പിന്നീട് എ ഗ്രൂപ്പ് സമവായത്തിന് പിസി വിഷ്ണുനാഥിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാഹുലിന്റെ അടുപ്പക്കാരന്‍ കൂടിയാണ് വിഷ്ണുനാഥ്. 

തലമുറ മാറ്റവും ഇതില്‍ വരുമെന്നായിരുന്നു എ ഗ്രൂപ്പ് ഉന്നയിച്ചത്. പക്ഷേ അതും നടന്നില്ല. രാഹുലിന് താല്‍പര്യമുള്ള റോജിഎം ജോണിന്‍റെ പേരും കടന്നു വന്നു. വിഡി സതീശനെ നേരത്തെ പിന്തുണച്ചിരുന്നു റോജി. പക്ഷേ സ്വീകാര്യത റോജിക്ക് പാര്‍ട്ടിക്കുള്ളില്‍ കുറവാണ്. സുധാകരന്‍ വളരെ സൂക്ഷിച്ചാണ് കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. ആരെയും പ്രകോപിപ്പിക്കാതെ വിവാദ പ്രസ്താവനകളൊന്നും നടത്താതെ സുധാകരന്‍ കാത്തിരിക്കുകയാണ്. ഹൈക്കമാന്‍ഡും പരസ്യ പ്രതികരണം പാടില്ലെന്ന് സുധാകരോട് നിര്‍ദേശിച്ചിരുന്നു. പ്രശ്‌നം വഷളാവാതിരിക്കാനും സുധാകരന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാവുമെന്ന് ഉറപ്പാണ്. ഹൈക്കമാന്‍ഡ് ഇതും മുന്നില്‍ കാണുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും അനുനയിപ്പിക്കുന്നത് സമയമെടുത്താവാം എന്നാണ് രാഹുലിന്റെ നിലപാട്.

ENGLISH SUMMARY:Congress high com­mand ignores Oom­men Chandy and Chen­nitha­la; K Sud­hakaran is like­ly to become the KPCC president
You may aslo like this video