ഹൈക്കമാൻഡ് നിരീക്ഷകരുടെ വരവോടെ കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ നടപടികൾക്കു തുടക്കമാകും. ലോക്സഭയിലെ മുൻ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, പുതുച്ചേരി മുൻ മുഖ്യമന്ത്രി വി വൈദ്യലിംഗം എന്നിവർ ലോക്ഡൗണിനു ശേഷമാകും കേരളത്തിലെത്തുക.നിയമസഭാകക്ഷി നേതാവായ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുകയാണ് ഇവരുടെ മുഖ്യദൗത്യം.
നിയമസഭാ കക്ഷി യോഗം വിളിച്ച് എംഎൽഎമാരുടെ മനസ്സ് അറിഞ്ഞശേഷം ഇവർ കോൺഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോർട്ട് നൽകും. ഹൈക്കമാൻഡിന്റെ എന്തു തീരുമാനവും അനുസരിക്കാം എന്ന നിലപാടിലാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് എന്ന നിലയിൽ നടത്തിയ പോരാട്ടങ്ങളെ വിമർശകർ പോലും അംഗീകരിക്കുന്നതും ചൂണ്ടിക്കാട്ടുന്നു. ഐ ഗ്രൂപ്പിൽ നിന്നു വിഡി സതീശന്റെ പേരാണു പിന്നീട് ഉയരുന്നത്. നിയമസഭാ കക്ഷിയിൽ ഐ വിഭാഗത്തിന് ചെറിയ മേൽക്കൈ ഉണ്ട്. പക്ഷേ, പഴയതു പോലെ എ–ഐ എന്ന വേർതിരിവിന് അപ്പുറം വ്യക്തിപരമായ അഭിപ്രായങ്ങൾ ഉള്ളവരും നിയമസഭാ കക്ഷിയിലുണ്ട്. തലപ്പത്തു മാറ്റം വരണമെന്ന വികാരമാണ് യുവ എംഎൽഎമാരിൽ ഭൂരിഭാഗത്തിനും. എ വിഭാഗത്തിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിടി തോമസ് എന്നിവരാണു പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റുള്ളവർ.
ചെന്നിത്തല മാറി മറ്റൊരാൾ വരട്ടെ എന്ന ഉറച്ച അഭിപ്രായത്തിലേക്ക് ഉമ്മൻ ചാണ്ടി എത്തിയിട്ടില്ല. രാഷ്ട്രീയകാര്യസമിതി തർക്കങ്ങളില്ലാതെ പരിണമിച്ചതും ഐക്യത്തോടെ മാറ്റം എന്ന ആഹ്വാനത്തിനു മുതിർന്നതും ശുഭ സൂചകമാണെന്നു നേതാക്കൾ അവകാശപ്പെടുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാറേണ്ടി വരുമെന്നാണ് എല്ലാ സൂചനകളും. പകരം കെ സുധാകരൻ, കെ മുരളീധരൻ എന്നിവർക്കാണു സാധ്യത. എന്നാൽ, തിരക്കിട്ട് മുല്ലപ്പള്ളിയെ മാറ്റേണ്ടെന്നും പൊതു പുനഃസംഘടനയുടെ ഭാഗമായി ഒഴിവാക്കിയാൽ മതിയെന്നും വാദഗതിയുണ്ട്.
ചെന്നിത്തലയോ മുല്ലപ്പള്ളിയോ മാറേണ്ടി വന്നാൽ മറ്റെന്തെങ്കിലും പദവി ഇരുവർക്കും നൽകണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മാറ്റത്തെ സ്വാഗതം ചെയ്യുമ്പോഴും അതു മാറുന്നവരുടെ കൂടി അനുമതിയോടെ വേണമെന്ന നിർദേശമാണ് എ.കെ. ആന്റണിയുടേത്. കോൺഗ്രസ് പ്രവർത്തകർക്കും യുഡിഎഫ് ഘടക കക്ഷികൾക്കും വിശ്വാസയോഗ്യമായ അഴിച്ചുപണി എന്ന അഭിപ്രായമാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റേത്. ഹൈക്കമാൻഡ് തീരുമാനത്തിൽ ഈ നേതാക്കളുടെ നിലപാട് നിർണായകമാകും.
English Summary : Congress High command observers to visit Kerala
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.