ആർ ഗോപകുമാർ

കൊച്ചി

January 23, 2021, 2:32 pm

ഹൈക്കമാൻഡായാലും, ഇറ്റലിക്കാരായാലും മറക്കുമോ തിരുത തൻ രുചി

Janayugom Online

പുല്ലുവെട്ട് തൊഴിലാളി യൂണിയനിൽ നിന്ന് വാനം മുട്ടെ ഉയർന്ന കെ വി തോമസ് ഗ്രൂപ്പുകൾ പാകിയ മൈനുകൾക്കിടയിലൂടെ അവസാനം സുരക്ഷിത തീരത്തു തന്നെ അണഞ്ഞു. ഓരോ തിരഞ്ഞെടുപ്പിലും അവസാനദിനം വഴിത്തിരിവാകാൻ, കൊതുമ്പുവള്ളം തുഴഞ്ഞും, മീൻപിടിച്ചും പടമെടുത്തു ഒന്നാം പേജിലിട്ട് പടികൾ ഒന്നായി കയറിയ മാഷിന്റെ വലയിൽ ഇത്തവണയും മാധ്യമങ്ങൾ കുടുങ്ങി. പണ്ട് ആരുവന്നാലും ശുപാർശ കത്ത് കൊടുത്തു അനുഗ്രഹിക്കുന്ന മാഷ്, കൊച്ചി കായലിൽ ഗവേഷണം നടത്താൻ വന്നവർക്ക് നൽകിയ കത്തിൽ പിടിച്ചാണ് ആദ്യ തോൽവി അറിഞ്ഞത്.

കഥ പറയുമ്പോൾ, ഇംഗ്ലീഷ് പഠിപ്പിക്കാനും ഹൈക്കമാൻഡിന് ഇംഗ്ലീഷിൽ കത്തെഴുതാനും ഐശ്വര്യമായി, പനമ്പിള്ളി നഗറിലെ ഐശ്വര്യയിൽ വന്ന് കൂടിയതാണ്. കാമുകിയ്ക്കായി കത്തെഴുതി ജീവനായകനായ പഴയ കത്തെഴുതു ഇടനിലക്കാരനെ പോലെ മാഷും കളം പിടിച്ചു. സുബ്രഹ്മണ്യൻ പോറ്റി മുതൽ വി ബി ചെറിയാൻ വരെ പരാജയം അറി ഞ്ഞപ്പോൾ, സേവ്യർ അറക്കൽ വട്ടക്കാൽ വെച്ചപ്പോൾ പരാജയം അറിഞ്ഞു. ജോർജ് ഈഡന്റെ മകന് എം പി യാവാൻ പ്രായമായപ്പോൾ, എല്ലാം ഉപേക്ഷിച്ചു ഡൽഹിയിലെ എണ്ണത്തോണിയിൽ തിരുമ്മാൻ കിടന്ന മാഷിനെ, കൈപിടിച്ചു വീണ്ടും മത്സരിപ്പിച്ചതും ഹൈകമാൻഡായിരുന്നു. പക്ഷെ അതിന്റെ പ്രഭവസ്ഥാനം ഇറ്റലിയായിരുന്നെന്ന് മാത്രം. ഇപ്പോഴും വയനാടിന്റെ യുവനാടുവാഴി, വെക്കേഷനുകളിൽ അവധിയാഘോഷിക്കാൻ പോകുന്ന സ്ഥലത്തെ അമ്മൂമ്മയ്ക്കുള്ള പ്രാധാന്യം അന്നാണ് യുവകേസരികൾ തിരിച്ചറിഞ്ഞത്. മന്ത്രി ആയപ്പോഴും തിരുത നയതന്ത്രത്തിന്റെപ്രാധാന്യം തിരിച്ചറിഞ്ഞു തന്നെ നിലകൊണ്ടു. സാക്ഷാൽ എൽ കെ അദ്വാനി വരെ കൊണ്ടറിഞ്ഞു. കുമ്പളങ്ങിയുടെ ആ തിരുതനയതന്ത്രം. ഇതൊന്നും കാണാതെ ആടേണ്ട ചേനൻ പാമ്പേ, എന്ന് യുവതുർക്കികൾക്ക് പറഞ്ഞാൽ മനസസിലാവില്ല.

80 കളുടെ തലമുറയിലെ യുവരക്തം ടി ജെ വിനോദിന് നിയമസഭയുടെ പട്ടികയറാൻ വയസ്സിന്റെ മധ്യകാലം കടക്കേണ്ടി വന്നു, പണ്ട് മലയാളമാസം ഒന്നാംതീയതി ലീഡർ തമ്പുരാന് ഗുരുവായൂർ കാണിക്ക വെയ്ക്കാൻ മുഴുത്ത കദളി കുലയുമായി, ബെപാ സ്സിൽ കാത്തുനിന്ന, വേണുഗോപാലന് കൊച്ചി കോർപറേഷന്റെ അധിപതിയാവാൻ തടസ്സമായത് മാഷുദോഷമാണെന്ന് ഗ്രൂപ്പിലെ പാണന്മാർ പാടി നടക്കുന്നുണ്ട്. അന്ന് കൊച്ചിയുടെ അധിപനായ ടോണിയുടെ കൊച്ചിയിലെ ക്കുള്ള വരവിലാണ് മാഷിപ്പോൾ ചെക്കുവെയ്ക്കുന്നത്. അടുത്ത ഒരാൾക്ക് ഒന്നും ഫലിച്ചില്ലെങ്കിൽ ഞാൻ തന്നെ എന്നതാണ് മുദ്രാവാക്യം.

കളം മാറിച്ചവിട്ടുന്നുവെന്ന കഥകൾ പുറത്തുവിട്ട് അതിന്റെ പ്രത്യാഘാതമായി, സാക്ഷാൽ ഹൈക്കമാൻഡിന്റെ എണ്ണം പറഞ്ഞവനെ തന്നെ കളത്തിൽ കൊണ്ടുവന്നാണ് മാഷിന്റെ കളി. ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങളി ൽ പ്രചരിക്കുന്ന പഴമൊഴി ഇങ്ങനെയാണ്. ഹൈകമാന്ഡയാലും ഇറ്റലിക്കാരാണെകിലും മറക്കുമോ തിരുത തൻ രുചി. അങ്ങനെ മാഷ് വീണ്ടും കളത്തിലായി, ഇനി തെറിക്കുന്നവരാരൊക്കെ എന്നതിനാണ് കാത്തിരുപ്പ്.

You may also like this video;