ടി കെ അനിൽകുമാർ

ആലപ്പുുഴ

February 26, 2020, 7:23 pm

ഐ ഗ്രൂപ്പിൽ പിളർപ്പ്; ചെന്നിത്തലയും വേണുഗോപാലും ഇനി രണ്ടുവഴിക്ക്

 യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇരുഗ്രൂപ്പുകളും പരസ്പരം മത്സരിക്കും
Janayugom Online

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കേരളത്തിൽ ഐ ഗ്രൂപ്പ് പിളർന്നു. ഇതോടെ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വഴിപിരിഞ്ഞു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിൽ എത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണ് നൽകിയത്. ഷാഫി പറമ്പിൽ എം എൽ എ ആയിരിക്കും പുതിയ പ്രസിഡന്റ്. ജില്ലാ പ്രസിഡന്റുമാരിൽ എട്ടെണ്ണം എ ഗ്രൂപ്പിനും ആറ് എണ്ണം ഐ ഗ്രൂപ്പിനും എന്നതായിരുന്നു ധാരണ.

എന്നാൽ ഐ ഗ്രൂപ്പിന് അനുവദിച്ച ആറ് പ്രസിഡന്റ് സ്ഥാനത്തില്‍ മൂന്നെണ്ണത്തിൽ വേണുഗോപാൽ അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇത് വിട്ടുനൽകുവാൻ ചെന്നിത്തല തയ്യാറായില്ല. ഇതിനെ തുടർന്ന് ആലപ്പുഴ അടക്കം മൂന്ന് ജില്ലകളിൽ കെ സി വേണുഗോപാൽ വിഭാഗം പ്രസിഡന്റ് സ്ഥാനാർത്ഥിയെ നിർത്തി. ഇവിടങ്ങളിൽ ഐ ഗ്രൂപ്പുകാർ പരസ്പരമാണ് മത്സരിക്കുന്നത്. ഏറെ നാളുകളായി ചെന്നിത്തലയും വേണുഗോപാലും തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയിട്ട്. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ഹരിപ്പാട് മെഡിക്കൽ കോളജിനായി എൻ ടി പി സിയുടെ സ്ഥലം വിട്ട് നൽകണമെന്ന് കെ പി സി സി പ്രസിഡന്റും എം എൽ എയുമായിരുന്ന രമേശ് ചെന്നിത്തല കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് യു പി എ സർക്കാരിൽ കേന്ദ്ര ഊർജ്ജ സഹമന്ത്രിയായിരുന്ന വേണുഗോപാൽ ഈ പദ്ധതിയെ എതിർത്തു. ഇതോടെ ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി.
കഴിഞ്ഞ ഡി സി സി പുനസംഘടനയില്‍ വേണുഗോപാൽ ഐ ഗ്രൂപ്പിനെ ഹൈജാക്ക് ചെയ്തെന്ന ആക്ഷേപവും ചെന്നിത്തല വിഭാഗത്തിനുണ്ട്. ഐ ഗ്രൂപ്പിന് അനുവദിച്ച ഡി സി സി പ്രസിഡന്റുമാരിൽ മൂന്നിടങ്ങളിൽ ചെന്നിത്തലയുടെ നിർദ്ദേശത്തെ മറികടന്ന് വേണുഗോപാൽ തന്റെ ഇഷ്ടക്കാരെ നിയമിച്ചു. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര സനലും കൊല്ലത്ത് ബിന്ദുകൃഷ്ണയും ആലപ്പുഴിൽ എം ലിജുവും ഡി സി സി പ്രസിഡന്റുമാരാകുന്നത് വേണുഗോപാലിന്റെ അക്കൗണ്ടിലായിരുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരം ഐ ഗ്രൂപ്പുകാർ തമ്മിലായതോടെ വാശിയും കൂടി.
ചെന്നിത്തലയുടെ തട്ടകമായ  ഹരിപ്പാട് സ്വദേശി ശ്രീകുമാറാണ് ആലപ്പുഴയില്‍ വേണുഗോപാൽ പക്ഷത്തിന്റെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥി. കുട്ടനാട് സ്വദേശിയായ ടിജിനാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ സ്ഥാനാർത്ഥി. കഴിഞ്ഞ ദിവസം ഇരുഗ്രൂപ്പുകളും ആലപ്പുഴയിൽ പ്രത്യേക യോഗവും ചേർന്നു. സ്വന്തം തട്ടകത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്ന് രമേശ് ചെന്നിത്തല ആലപ്പുഴയിൽ ക്യാംപ് ചെയ്താണ് ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
Eng­lish Sum­ma­ry: con­gress I group issue followup

You may also like this video