ദേശീയതലത്തിൽ കോൺഗ്രസിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ‘കരട്’ നീക്കൽ നടപടികളിലേക്കു ഗാന്ധി കുടുംബം കടന്നു. മുതിർന്ന നേതാക്കളെ വെട്ടിയൊതുക്കാൻ കരുക്കൾ നീക്കി പരാജയത്തിന്റെ പടുകുഴിയിലെത്തിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പൂർണസമയ സംഘടനാ ചുമതലയിൽ നിന്നും ഒഴിവാക്കും. ജൂലൈ അവസാനവാരത്തോടെ പ്രഖ്യാപനം ഉണ്ടായേക്കും. മുതിർന്ന ദേശീയ നേതാക്കളിൽ ആർക്ക് ആണ് ചുമതല നൽകേണ്ടതെന്ന കാര്യത്തിൽ ജൂലൈ പകുതിക്കുശേഷം തീരുമാനമെടുക്കും. എഐസിസിയിലെ കുറുമുന്നണിയായി പ്രവർത്തിക്കുന്ന ജി-23 നേതാക്കളുമായി സോണിയാഗാന്ധി സന്ധിസംഭാഷണം നടത്തും. ഈ സംഘം നിർദ്ദേശിക്കുന്നയാൾ പുതിയ പൂർണ സമയ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മുഴുവൻ പിസിസി നേതൃത്വങ്ങളുടെയും പാർലമെന്റ്, രാജ്യസഭാ അംഗങ്ങളുടെയും അഭിപ്രായം എഐസിസി തേടും.
19ന് ആരംഭിക്കുന്ന ലോക്സഭ, രാജ്യസഭ സമ്മേളനങ്ങൾക്കൊപ്പം എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് ശുദ്ധീകരണ നീക്കങ്ങളും നടക്കും. പ്രമുഖ നേതാക്കളെയെല്ലാം വെട്ടിയൊതുക്കാൻ നേതൃത്വം നൽകിയത് സംഘടനാ ചുമതല ലഭിച്ചശേഷം കെ സി വേണുഗോപാലായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നേതാക്കളിൽ നിന്നുണ്ടായത്. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം രാജ്യത്താകെയുള്ള കോൺഗ്രസ് സംഘടനാ സംവിധാനം ചലിപ്പിക്കേണ്ട ബാധ്യതയും എഐസിസിയിലെ മൂന്നാമനായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിക്കുള്ളതാണ്. കോൺഗ്രസ് ദുർബലപ്പെട്ടതായി ചൂണ്ടിക്കാട്ടി പാർട്ടിക്ക് പുതിയ അധ്യക്ഷനെയും നേതൃനിരയെയും ആവശ്യപ്പെട്ട് മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ്മ, മുകുൾ വാസ്നിക് തുടങ്ങി 23 നേതാക്കൾ ചേർന്നൊരു കുറുമുന്നണിക്ക് രൂപം നൽകിയിട്ടുണ്ട്. ‘ഗാന്ധി കോൺഗ്രസ്’ (ജി-23) എന്ന പേരിൽ ദേശീയതലത്തിൽ കോൺഗ്രസിനുള്ളിലെ സമ്മർദ്ദശക്തിയാണ് ഇവര്‍.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണ ചർച്ചകളും സജീവമായിരുന്നു. ഇതിനിടെ എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ നിലവിലെ ഔദ്യോഗിക കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെ ഉൾപ്പെടുത്തി ചർച്ചകൾക്ക് കഴിഞ്ഞ വാരം ഡൽഹിയിൽ തുടക്കം കുറിച്ചു. ഇതിന് ജി-23 നേതാക്കളുടെ പരോക്ഷ പിന്തുണയുമുണ്ട്. പുതിയ സമവാക്യം നിലവിൽ വന്നാൽ കോൺഗ്രസ് വീണ്ടും പിളരുകയും വിമതപക്ഷം നേതൃത്വം നൽകുന്ന ജി-23 അംഗങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുമെന്നും ഗാന്ധി കുടുംബം ഭയപ്പെടുന്നു. ഇതിനു തടയിടാനായാണ് അടിയന്തരമായി സംഘടനാ ചുമതലയിൽ നിന്നും കെ സി വേണുഗോപാലിനെ മാറ്റാനുള്ള നീക്കം ഗാന്ധി കുടുംബത്തിലും എഐസിസിയിലും ഊർജ്ജിതമായത്. വേണുഗോപാലിന്റെ തട്ടകവും എഐസിസി ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ മണ്ഡലവും ഉള്‍പ്പെടുന്ന കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും മുതിർന്ന നേതാക്കൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്.
തോല്‍വികള്‍ മാത്രം
ചരിത്രത്തിലില്ലാത്ത തെരഞ്ഞെടുപ്പ് പരാജയ പരമ്പരകളാണ് വേണുഗോപാൽ സംഘടനാ ചുമതല ഏറ്റെടുത്തശേഷം കോൺഗ്രസിന് അഭിമുഖീകരിക്കേണ്ടിവന്നത്.
പ്രമുഖ നേതാക്കളെ അകറ്റുകയും പാർട്ടി സ്ഥാനമാനങ്ങളിൽ നിന്നും ഒഴിവാക്കുയും ചെയ്തിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് യുക്തിക്ക് നിരക്കാത്ത ഉപദേശം നൽകി വഴി തെറ്റിക്കുന്നുവെന്നാണ് മുൻനിര നേതാക്കളുടെ ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച് നിരവധി പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് ചേക്കറി.
കർണാടക, ഗോവ, മധ്യപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിൽ ലഭിച്ച ഭരണംപോലും നിലനിർത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.
English Summary : congress in cleaning mode and kc venugopal may be eliminated
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.