കിഴക്കുനിന്നു വന്നതുമില്ല, ഒറ്റാലില് കിടന്നതുമില്ല എന്ന നിലയിലാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ അവസ്ഥ. തീരുമനങ്ങള്‍ എടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് ഭയവും.ഇപ്പോള്‍ സംസ്ഥാന നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തെഴുത്താണ് പ്രധാന ജോലി. പ്രതിപക്ഷ നേതാവായി ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ അവഗണിച്ച് വിഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു. എന്നാല്‍ ഇതു പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെ ഗ്രൂപ്പുകള്‍ക്ക് ആതീതമായി ഒരാളെ കൊണ്ടുവരാനുള്ള ശ്രമം ഹൈക്കമാന്‍ഡ് കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാല്‍ അതിനെതിരെ ഗ്രൂപ്പുകള്‍ ഒന്നായിരിക്കുന്നു.
ഒരു കാരണവശാലും സുധാകരനെ അംഗീകരിക്കില്ലെന്ന നിലപാടിലാണവര്‍ . ബെന്നിബഹനാന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരില്‍ ഒരാള്്കായി ചരടുവലികള്‍ സജീവമാക്കിയിരിക്കുന്നു. ഇപ്പോള്‍ ഹൈക്കമാന്‍ഡിന് കത്തെഴുത്താണ് . സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു ശേഷം കേരളത്തിലെ ഉന്നത നേതാക്കൾ ഹൈക്കമാൻഡിനു വ്യക്തിപരമായി നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഉമ്മൻ ചാണ്ടി സമിതിക്കെതിരെ രമേശ് ചെന്നിത്തലയും ഗ്രൂപ്പുകൾക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് എഴുതിയതായിട്ടാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ തനിക്കു പകരം പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ നിയമിച്ച ശേഷം സോണിയയ്ക്ക് ചെന്നിത്തല നൽകിയ വികാരഭരിതമായ കത്തിൽ പല തരത്തിൽ അവഹേളിക്കപ്പട്ടുവെന്നു പരാതിപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ സമിതിയെ വച്ചതും അപമാനകരമായെന്നു കത്തിൽ ചെന്നിത്തല പറഞ്ഞതായാണ് ഒടുവിൽ വന്ന വാർത്ത. എന്നാൽ, ചെന്നിത്തലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇതു സ്ഥിരീകരിച്ചില്ല.സമിതി അധ്യക്ഷനായി ഉമ്മൻ ചാണ്ടി വന്നതോടെ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായെന്നും ഇതു യുഡിഎഫിന് ലഭിക്കാവുന്ന ഭൂരിപക്ഷ വോട്ടുകളെ ബാധിച്ചെന്നും കത്തിൽ ചെന്നിത്തല അഭിപ്രായപ്പെട്ടതായി വാർത്തയുണ്ട്. എന്നാല്‍ ചെന്നിത്തല നിഷേധിക്കുന്നുമുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലയെ ഉമ്മൻ ചാണ്ടി പിന്തുണച്ചതോടെ ഇരുവരും ഒരുമിച്ചു നിൽക്കുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്.ചെന്നിത്തല അങ്ങനെ എഴുതുമെന്നു കരുതുന്നില്ല എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. തന്റെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റിക്കു രാഷ്ട്രീയ പ്രാധാന്യമില്ലെന്നു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു നടത്തിപ്പിനു മാത്രമാണ് ആ കമ്മിറ്റി ഉണ്ടാക്കിയത്. പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത് എഐസിസി തീരുമാനമാണ്. അത് എല്ലാവരും അംഗീകരിച്ചു.
യുഡിഎഫിൽ ഘടകകക്ഷികൾ അതൃപ്തി അറിയിച്ചാൽ കോൺഗ്രസ് അതു പരിശോധിച്ച് തെറ്റിദ്ധാരണ നീക്കും. സോണിയ ഗാന്ധിക്ക് താൻ കത്തയച്ചാൽ അതു മാധ്യമങ്ങൾ അറിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതു ചെന്നിത്തലക്ക് ഇട്ട കൊട്ടുകൂടിയാണ്.തെറ്റിദ്ധാരണ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഫോണിൽ സംസാരിച്ചതായി അറിയുന്നു. ഹൈക്കമാൻഡിനു നൽകിയ റിപ്പോർട്ടിൽ തന്റെ പ്രവർത്തന കാലയളവ് പ്രതിപാദിക്കുന്ന ഭാഗത്ത് ഗ്രൂപ്പുകൾ പ്രവർത്തന സ്വാതന്ത്ര്യം നൽകിയില്ലെന്ന മുല്ലപ്പള്ളിയുടെ പരാമർശം പുറത്തു വന്നത് എ–ഐ വിഭാഗങ്ങൾക്കും രുചിച്ചിട്ടില്ല. ഇതോടെയാണ് പുതുതായി കത്ത് എഴുതിയില്ലെന്നും പരാജയം സംബന്ധിച്ച റിപ്പോർട്ടാണ് നൽകിയതെന്നും മുല്ലപ്പള്ളി വിശദീകരിച്ചത്.
നേതാക്കളുടെ കത്തുകള്‍ കോണ്‍ഗ്രസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ഒരു വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെടാന്‍ കാരണമായെന്ന ചെന്നിത്തലയുടെ അഭിപ്രായത്തോട് എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതെ പോയതാണ് പരാജയ കാരണമെന്നിരിക്കെ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് നേതാക്കളുടെ ആക്ഷേപം. ചെന്നിത്തലയോടെ ഭൂരിപക്ഷത്തിനും താല്പര്യമില്ലെന്നാണ് അവരുടെ വാദം. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയതിലുള്ള പരാതി അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അനുചിതമായിപ്പോയെന്നാണ് എ ഗ്രൂപ്പിന്റെ അഭിപ്രായം.
ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതെ പോയതാണ് പരാജയകാരണമെന്ന് വ്യക്തമാണ്.മുസ്ലിം ലീഗിന് പോലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാതിരുന്നത് അതുകൊണ്ടാണ്. യാഥാര്‍ഥ്യം ഇതായിരിക്കെ ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതോടെ ഒരു വിഭാഗത്തിന്റെ വോട്ട് നഷ്ടമായെന്ന അഭിപ്രായം ശരിയല്ല. മാത്രമല്ല, തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായതല്ലാതെ ഉമ്മന്‍ചാണ്ടി അധികാരകേന്ദ്രമാകാന്‍ നോക്കിയിട്ടില്ലെന്നും എ ഗ്രൂപ്പ് പറയുന്നു.ഹൈക്കമാന്‍ഡ് നിരീക്ഷണത്തില്‍ നടന്ന തിരഞ്ഞെടുപ്പായിട്ടും പരാജയത്തിന്റെ ഉത്തരവാദിത്തം രണ്ടോ മൂന്നോ നേതാക്കളുടെ തലയില്‍ ഇടാനുളള ശ്രമത്തിനെതിരെ എ,ഐ ഗ്രൂപ്പുകള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്.
ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും വികാരത്തെ പൂര്‍ണമായും തള്ളി പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഉചിതമല്ലെന്ന ചിന്ത ഹൈക്കമാന്‍ഡില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കെ സി വേണുഗോപാലിന്റെ ഇടപെടലാണ് ഏററവും വിനയായി മാറുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും ചെന്നിത്തലയെ ഒഴിവാക്കി വി ഡി സതീശനെ കൊണ്ടുവന്നതിനു പിന്നില്‍ കെ സിയുടെ കരങ്ങളാണ് പ്രധാനം. കെ സുധാകരനെ കെപിസിസി പ്രസിഡന്റായി വരുന്നതിനെ കെ സി വേണുഗോപാലിനും താല്പര്യമില്ല. പി ടി തോമസ്, ബന്നിബഹന്നാന്‍, കൊടിക്കുന്നില്‍ സുരേഷ്. കെ. ബാബു തുടങ്ങി നിരവധിപേര്‍ കെപിസിസി പ്രസിഡന്റാകുവാന്‍ ചരടുവലികള്‍ സജീവമാണ്.
ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വികാരനിര്‍ഭരമായ കത്തുകള്‍ക്ക് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ നിലപാടിലും അയവ് വന്നിട്ടുണ്ടെന്നാണ് സൂചന. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതുപോലെ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും വികാരം മറികടന്ന് പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും ഉയരുന്നു. ഇരുപക്ഷവും എതിര്‍ക്കുന്ന കെ.സുധാകരന് പകരം മറ്റു പേരുകളിലേക്ക് ചര്‍ച്ച കടന്നതും ഇതിന്റെ ഭാഗമാണെന്നാണു സൂചന. കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തില്‍ മധുരിച്ചിട്ട തുപ്പാനും, കൈച്ചിട്ട് ഇറക്കാനും കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
English Summary : congress in distress to decide kpcc president
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.