കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാരെന്ന അന്വേഷണം ; യുവാവായിരിക്കണമെന്ന് പുതിയ ബോംബ്

Web Desk
Posted on July 06, 2019, 3:19 pm

ന്യൂഡെല്‍ഹി : കാവിക്ക് മികച്ച പ്രതിരോധം തീര്‍ക്കേണ്ട ഉത്തരവാദിത്വമുള്ള ജനാധിപത്യപാര്‍ട്ടിയായ കോണ്‍ഗ്രസിന് ദേശീയ അധ്യക്ഷനായി ഇനിയാര്? രാഹുല്‍ ഗാന്ധി പദവി ഒഴിഞ്ഞതോടെ പുതിയ ദേശീയ അധ്യക്ഷനാരെന്ന അന്വേഷണം കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ ചുറ്റിക്കുകയാണ്. കോണ്‍ഗ്രസിലെ പരമ്പരാഗത ശൈലി അനുസരിച്ച് ഗാന്ധികുടുംബത്തിലേതൊഴികെ ആരെയും ഒറ്റയടിക്ക് അംഗീകരിക്കുന്ന ശീലം പ്രവര്‍ത്തകര്‍ക്കില്ല. ഗാന്ധി കുടുംബക്കാര്‍ക്ക് മാനദണ്ഡങ്ങളില്ല. രാഹുല്‍ വന്നപ്പോള്‍ പ്രശ്‌നമില്ലായിരുന്നു എന്നോര്‍ക്കുക.
കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒറ്റയടിക്കാവില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് പല കോണില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമാകുമോ എന്ന ആശങ്കയുണ്ട്.
ഗെഹ്ലോട്ടിനെ രാജസ്ഥാനില്‍നിന്നും മാറ്റി അവിടത്തെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുംപോലെ അവിടെ സച്ചിന്‍ പൈലറ്റിനെ അവരോധിക്കാമെന്ന നേട്ടമുണ്ടെന്നുമാത്രം.
വരും ദിവസങ്ങളില്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ പ്രഖ്യാപിക്കാനിരിക്കെയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്. പുതിയ ദേശീയ അധ്യക്ഷന്‍ യുവാവായിരിക്കണമെന്നാണ് അദ്ദേഹം മുന്നോട്ട് വച്ച ആവശ്യം. പ്രായം കൂടിയവര്‍ അധ്യക്ഷപദവിയില്‍ വേണ്ടെന്നും കോണ്‍ഗ്രസിന് വേണ്ടത് യുവനേതൃത്വമാണെന്നും അമരീന്ദര്‍ പറയുന്നു.
രാഹുല്‍ ഗാന്ധിക്ക് പകരം ദേശീയ അധ്യക്ഷനാകേണ്ടത് ശക്തനായ യുവാവായിരിക്കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ അഭിപ്രായം. രാഹുല്‍ ഗാന്ധി രാജിവെക്കുന്നത് നിര്‍ഭാഗ്യകരമാണ്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്‌ബോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അമരീന്ദര്‍ സിങ് സൂചിപ്പിക്കുന്നു.
ഇന്ത്യ മൊത്തം സ്വീകാര്യനായ നേതാവിനെയാകണം കോണ്‍ഗ്രസ് മുന്നോട്ട് വെക്കേണ്ടത്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്തിയാകണം. ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തതിന് പിന്നാലെ അമരീന്ദര്‍ സിങ് വാര്‍ത്താകുറിപ്പും പുറത്തിറക്കി. രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രതീക്ഷയുള്ള നേതാവിനെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടണമെന്നും അമരീന്ദര്‍ പറഞ്ഞു.
അതേസമയം, വാര്‍ദ്ധക്യത്തോടുള്ള വമ്പന്‍പ്രേമം രാഹുലിനായി തല്‍ക്കാലം മാറ്റിവച്ചിരുന്ന കോണ്‍ഗ്രസ് അശോക് ഗെഹ്ലോട്ടിനാണ് അധ്യക്ഷ പദവിയിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് വീണ്ടും ശക്തിപ്പെടുന്നുവെന്നതിന്റെ സൂചനയാണ് രാഹുല്‍ ഗാന്ധിയുടെ രാജിയെന്ന് ഗെഹ്ലോട്ട് പറയുന്നു. രാഹുല്‍ ഗാന്ധിയുടെ രാജികത്ത് ഇക്കാര്യത്തിലുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിനെയും ബിജെപിയെയുമാണ് കോണ്‍ഗ്രസിന് നേരിടാനുള്ളത്. ഇവരെ നേരിടാന്‍ തയ്യാറായി വരുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ രാജികത്ത്. ഇതില്‍ ഒട്ടേറെ സന്ദേശങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാലു പേജുള്ള ആ രാജിക്കത്ത് പത്ത് തവണയെങ്കിലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വായിക്കണമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

എന്തായാലും യുവതുര്‍ക്കികള്‍ക്ക് വയസായിപോയതിനാല്‍ കേരളത്തില്‍ അധ്യക്ഷപദവിക്ക് പനിയൊന്നുംകാണുന്നില്ലെന്നതാണ് ഏക ആശ്വാസം.