കേന്ദ്രസര്ക്കാർ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കൾ ലക്ഷക്കണക്കിന് രൂപ വിവിധ വ്യക്തികളിൽ നിന്നും തട്ടിയെടുത്തതായി പരാതി. ദളിത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് വിദ്യാധരനാണ് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം ഉയർന്നിരിക്കുന്നത്.
തട്ടിപ്പിന് ഇരയായവരെ വിശ്യാസ്യതയ്ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലും എത്തിച്ചിരുന്നു. വെള്ളയമ്പലത്ത് സ്വകാര്യ ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മണക്കാട് സ്വദേശിനി സൗമ്യ ദേവിക്കും ഭർത്താവിനും ജോലി വാഗ്ദാനത്തിൽ 5,40,000 രൂപ നഷ്ടപ്പെട്ടതായി അവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സമാനമായി ഇരുപത്തഞ്ചോളം പേരിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും അവർ പറയുന്നു.
സലീസ എഡ്യൂക്കേഷൻ സൊലൂഷ്യൻസ് ആന്റ് റിസർച്ച് സെന്റർ എന്ന ഓഫീസിലാണ് ജോലിയാണെന്നും അതിന്റെ സിഇഒ ശശി ബാലകൃഷ്ണൻ എന്നൊരാളെയും വിദ്യാധരൻ പരിചയപ്പെടുത്തി. ഓഫീസ് നടത്തുന്നത് കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പാണെന്നും 115 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇന്ത്യക്ക് പുറത്തും ഓഫീസുകളുണ്ടെന്നും പറഞ്ഞ് ധരിപ്പിച്ചു. ഇദ്ദേഹത്തിന് ബിജെപി കേന്ദ്രനേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഇരുവരുടെയും സംഭാഷണത്തിൽ വിശ്വസ്തത തോന്നിയ ദമ്പതികൾ രണ്ട് ഗഡുക്കളായി പണം നൽകാമെന്ന് സമ്മതിക്കുകയുമായിരുന്നു.
പണം നൽകിക്കഴിഞ്ഞപ്പോൾ അപ്പോയിൻമെന്റ് ലെറ്ററും നൽകി. ഉണ്ടായിരുന്ന ജോലി രാജിവച്ച് ട്രെയിനിങിനായി സൗമ്യ എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമാകുന്നത്. പൊലീസിൽ പരാതി നൽകിയതോടെ, വിദ്യാധരനും സംഘവും ഭീഷണി മുഴക്കിയതായി യുവതി പറയുന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയിച്ചപ്പോൾ വിദ്യാധരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വിദ്യാധരൻ ഉയർത്തുന്ന ഭീഷണിയിൽ തങ്ങളുടെ ജീവൻ അപായത്തിലാണെന്നും ദമ്പതിമാർ പറയുന്നു.
English summary: Job scam by Congress leaders
You may also like this video: